Published: February 12, 2026 03:01 PM IST
1 minute Read
ന്യൂഡൽഹി∙ ട്വന്റി20 ലോകകപ്പ് മത്സരത്തിനിടെ ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സതേടിയ അഭിഷേക് ശർമ ഇപ്പോൾ വിശ്രമത്തിലാണ്. യുഎസിനെതിരായ ആദ്യ പോരാട്ടത്തിൽ കളിക്കാനിറങ്ങിയ അഭിഷേക് ‘ഗോൾഡൻ ഡക്കായി’ മടങ്ങിയിരുന്നു. വയറ്റിൽ പ്രശ്നങ്ങളുമായി കളിച്ച താരം, മത്സരത്തിൽ ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. മത്സരശേഷം ആശുപത്രിയിൽ ചികിത്സ തേടിയ താരത്തിന് കടുത്ത പനിയും ഉണ്ടായിരുന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിനു മുൻപ് വിശ്രമം ആവശ്യമായതിനാൽ ഇന്നു നടക്കുന്ന നമീബിയയ്ക്കെതിരായ പോരാട്ടത്തിൽ അഭിഷേക് ഇറങ്ങാൻ സാധ്യതയില്ല.
ബുധനാഴ്ച ആശുപത്രി വിട്ടെങ്കിലും അഭിഷേകിന്റെ ശരീര ഭാരം ഗണ്യമായി കുറഞ്ഞെന്നാണു പുറത്തുവരുന്ന വിവരം. നിർജലീകരണം സംഭവിച്ചതിനെ തുടർന്ന് താരത്തിന് നല്ല ക്ഷീണം അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. വാങ്കഡെ സ്റ്റേഡിയത്തിലെ പരിശീലനത്തിനിടെ ഫെബ്രുവരി ആറിനാണ് അഭിഷേകിന് ആദ്യമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. അഭിഷേക് കഴിച്ച ഭക്ഷണത്തിൽനിന്നാണു പ്രശ്നങ്ങളുടെ തുടക്കമെന്നാണു വിലയിരുത്തൽ. സാധാരണയായി ടീമംഗങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനു പുറമേ അഭിഷേക് മറ്റെന്തെങ്കിലും കഴിച്ചോയെന്നു വ്യക്തമല്ല.
ബുദ്ധിമുട്ടുകളുണ്ടായിരുന്നെങ്കിലും യുഎസിനെതിരായ ആദ്യ മത്സരത്തിൽ ഇറങ്ങാൻ തന്നെയായിരുന്നു അഭിഷേകിന്റെ തീരുമാനം. വമ്പൻ ടീമുകൾക്കെതിരെ തകർത്തടിക്കുന്ന താരത്തിന്, താരതമ്യേന ദുർബലരായ യുഎസിനെതിരെ അടിതെറ്റുകയായിരുന്നു. ആദ്യ പന്തിൽ തന്നെ പുറത്തായി മടങ്ങിയതിനു പിന്നാലെ താരം ചികിത്സ തേടിയിരുന്നു. ഈ മത്സരത്തിൽ അഭിഷേകിന് പകരം സഞ്ജു സാംസണാണ് മുഴുവൻ സമയവും ഫീൽഡ് ചെയ്തത്.
ന്യൂഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് അഭിഷേക് ചികിത്സ തേടിയത്. ശരീര ഭാരം കുറഞ്ഞതിനാൽ താരത്തിന് ആവശ്യത്തിന് വിശ്രമം അനുവദിക്കാനാണ് ബിസിസിഐയുടെ തീരുമാനം. നമീബിയയ്ക്കെതിരെ കളിക്കാതിരുന്നാൽ, ഞായറാഴ്ച വരെ ആവശ്യത്തിന് വിശ്രമിക്കാൻ അഭിഷേകിനു സാധിക്കും. അതിനിടെ ബാറ്റിങ് പരിശീലനത്തിനും താരം ഇറങ്ങും. ഞായറാഴ്ച കൊളംബോയിലാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം.
English Summary:







English (US) ·