Published: June 13, 2026 06:54 AM IST Updated: June 13, 2026 08:55 AM IST
1 minute Read
ലൊസാഞ്ചലസ് ∙ സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിൽ യുഎസ്എ അദ്ഭുതങ്ങൾ കാട്ടുമോ? അതിന്റെ ചെറിയ സൂചന നൽകിയാണ് അവരുടെ തുടക്കം. ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡിയിൽ പാരഗ്വായ്‌യെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുഎസ്എ തകർത്തത്. പാരഗ്വായ് താരം ഡാമിയൻ ബൊബാദില്ലയുടെ സെൽഫ് ഗോളിലൂടെയും ഫൊലറാൻ ബാലഗന്റെ ഇരട്ടഗോളിലൂടെയും മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ പകരക്കാരൻ ജിയോവാനി റെയ്നയിലൂടെയുമായിരുന്നു അമേരിക്കാൻ മുന്നേറ്റം. രണ്ടാം പകുതിയിൽ, പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോയിലൂടെ പാരഗ്വായ് ആശ്വാസ ഗോൾ നേടി.
What you should work next
അതിഥേയത്വം വഹിക്കുന്ന ടീമിന് ‘സമ്മാനം’ നൽകിയാണ് പാരഗ്വായ് കളി തുടങ്ങിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ പാരഗ്വായ് താരം ഡാമിയൻ ബൊബാദില്ലയുടെ സെൽഫ് ഗോളിലൂടെയാണ് യുഎസ്എ ലീഡ് എടുത്തത്. യുഎസ്എ താരം വെസ്റ്റൻ മകിനീ മധ്യനിരയിലൂടെ നടത്തിയ തകർപ്പൻ കുതിപ്പിനൊടുവിലാണ് ഗോളിന് വഴിയൊരുങ്ങിയത്. താരം പന്ത് ഇടതുഭാഗത്തുണ്ടായിരുന്ന ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിക്കിന് കൈമാറി.
പാരഗ്വായ് പ്രതിരോധ നിരക്കാരെ വെട്ടിച്ച് ബോക്സിനുള്ളിലേക്ക് കയറിയ പുലിസിക്, വീണ്ടും മകിനീയെ ലക്ഷ്യമാക്കി ഒരു ക്രോസ് നൽകി. എന്നാൽ ഈ ക്രോസ് തടയാൻ ശ്രമിച്ച പാരഗ്വായ് മിഡ്‌ഫീൽഡർ ഡാമിയൻ ബൊബാദില്ലയുടെ കാലിൽ തട്ടി പന്ത് അപ്രതീക്ഷിതമായി സ്വന്തം പോസ്റ്റിലേക്ക് തന്നെ കയറുകയായിരുന്നു. പിന്നീട് വാർ പരിശോധനയിലൂടെ റഫറി ഗോൾ ശരിവച്ചു.
31–ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിക് നൽകിയ തകർപ്പൻ പാസ് സ്വീകരിച്ച് ബോക്സിന്റെ മധ്യഭാഗത്തുനിന്നു ഫൊലറാൻ ബാലഗൻ ഉതിർത്ത പന്ത് പാരഗ്വായുടെ ഗോൾവല കുലുക്കുകയായിരുന്നു. സ്കോർ 2–0. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മൂന്നാം ഗോൾ പിറന്നത്. യുഎസ് മിഡ്‌ഫീൽഡർ മാലിക് ടിൽമാൻ നൽകിയ ഉഗ്രൻ പാസ് സ്വീകരിച്ച് ഫൊലറാൻ ബാലഗൻ തന്റെ രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും നേടി. ബോക്സിന്റെ മധ്യഭാഗത്ത് നിന്നു ബാലഗൻ ഉതിർത്ത ഇടംകാലൻ ഷോട്ട് പാരഗ്വായ് പോസ്റ്റിന്റെ മുകളിൽ ഇടതുമൂലയിലേക്ക് കയറുകയായിരുന്നു.
ആദ്യ പകുതിക്ക് ശേഷം യുഎസ്എ, ക്യാപ്റ്റൻ ക്രിസ്റ്റ്യൻ പുലിസിക്കിനെ പിൻവലിച്ച് സെബാസ്റ്റ്യൻ ബെർഹാൾട്ടറെ ഫീൽഡിലിറക്കി. പാരഗ്വായ് അവരുടെ മധ്യനിര താരം ബൊബാഡില്ലയ്ക്ക് പകരം മൗറീഷ്യോയെയും ഇറക്കി. 73–ാം മിനിറ്റിൽ മൗറീഷ്യോയാണ് പാരഗ്വായ്‌യുടെ ആശ്വാസ ഗോൾ നേടിയത്. യുഎസ്എ. ബോക്സിനുള്ളിലേക്ക് വന്ന ഒരു ലോങ് ബോൾ അസിസ്റ്റാക്കി മാറ്റി ജൂലിയോ എൻസിസോ നൽകിയ പാസിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത് (സ്കോർ: 3-1)
മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ പകരക്കാരനായി വന്ന മിഡ്‌ഫീൽഡർ ജിയോവാനി റെയ്നയിലൂടെ യുഎസ്എ നാലാമത്തെ ഗോളും നേടി പാരഗ്വായ്‌യുടെ പതനം പൂർത്തിയാക്കി. അലക്സ് ഫ്രീമാൻ നൽകിയ അസിസ്റ്റിലാണ് റെയ്നയുടെ ഗോൾ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ തന്നെ മികച്ച വിജയത്തോടെ യുഎസ്എ 3 പോയിന്റ് സ്വന്തമാക്കി ഗ്രൂപ്പിൽ ഡിയിൽ ഒന്നാമതെത്തി.
English Summary:





English (US) ·