Published: January 30, 2026 07:36 PM IST
1 minute Read
ന്യൂഡൽഹി∙ ക്രിക്കറ്റ് കരിയറിൽ ഒരുപാട് ഗോസിപ്പുകൾ നേരിടേണ്ടി വന്നയാളാണ് മുൻ ഇന്ത്യൻ താരമായ യുവരാജ് സിങ്. യുവിയുടെ വ്യക്തിജീവിതവും ബന്ധങ്ങളുമെല്ലാം പലപ്പോഴും ചൂടേറിയ ചർച്ചാ വിഷയമായിരുന്നു. എന്നാൽ അനാവശ്യമായി തനിക്കെതിരെ പല കിംവദന്തികളും ഉയർന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം. ടെന്നിസ് ഇതിഹാസം സാനിയ മിർസയുടെ ‘സെർവിങ് ഇറ്റ് അപ് വിത്ത് സാനിയ’ എന്ന യൂട്യൂബ് ടോക്ക് ഷോയിലാണ് യുവിയുടെ തുറന്നുപറച്ചിൽ.
ഒരിക്കൽ തന്റെ മാനേജരായ യുവതിയെ താൻ ആലിംഗനം ചെയ്തെന്നും എന്നാൽ മറ്റൊരു രീതിയിലാണ് അതു ചിത്രീകരിക്കപ്പെട്ടതെന്നും യുവരാജ് പറഞ്ഞു. ‘‘എനിക്ക് ഒരു ഏജന്റ് ഉണ്ടായിരുന്നു, എന്നോടൊപ്പം പുതുതായി ജോലി ചെയ്യാൻ തുടങ്ങിയ ആളാണ്. ഞാൻ അവളെ കെട്ടിപ്പിടിച്ചു. നമ്മൾ ഒരാളെ കാണുമ്പോൾ, അവരെ കെട്ടിപ്പിടിക്കും. എന്നാൽ മത്സരത്തിനിടെ ഞാൻ ഒരു പെൺകുട്ടിയെ കെട്ടിപ്പിടിച്ചെന്നായിരുന്നു വാർത്ത.’’– യുവരാജ് പറഞ്ഞു.
ക്രിക്കറ്റ് താരങ്ങൾക്കും സെലിബ്രിറ്റികൾക്കും ഇത്തരം കിംവദന്തികൾ സാധാരണമാണെന്നും എന്നാൽ ഇത്തരം അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിക്കരുതെന്നും യുവരാജ് പറഞ്ഞു. ‘‘ഇത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. വിവാദപരമോ പ്രതികൂലമോ ആയ വാർത്തകളില്ലെങ്കിൽ ആളുകൾ വായിക്കില്ലെന്നാണ് മാധ്യമങ്ങൾ കരുതുന്നതെന്നു തോന്നുന്നു. പോസിറ്റീവിറ്റിയേക്കാൾ കൂടുതൽ നെഗറ്റീവിറ്റി ഉണ്ടെന്ന് എനിക്ക് തോന്നുന്നു. കൂടുതൽ പോസിറ്റീവ് കഥകൾ ഉണ്ടാകണമെന്ന് ഞാൻ കരുതുന്നു.’’– സാനിയയോടു യുവരാജ് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിൽ 2000ൽ അരങ്ങേറ്റം കുറിച്ച യുവരാജ്, 2019ലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. വിവിധ ഫോർമാറ്റുകളിലായി 398 മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരം, 11,000 ൽ അധികം റൺസ് നേടിയിട്ടുണ്ട്. 2011ൽ ഇന്ത്യയുടെ ഏകദിന ലോകകപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച താരം, പ്ലെയർ ഓഫ് ദ് ടൂർണമെന്റായിരുന്നു. ഇതിനു പിന്നാലെ അർബുദ ബാധിതനാണെന്നു വെളിപ്പെടുത്തിയ താരം കരിയറിൽനിന്ന് ഇടവേളയെടുത്തു. ഇതിനു ശേഷം ടീമിലേക്കു മടങ്ങിയെത്തിയെങ്കിലും പഴയതു പോലെ തിളങ്ങാൻ സാധിച്ചില്ല.
English Summary:







English (US) ·