Published: May 29, 2026 02:42 PM IST
1 minute Read
ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസിന്റെ യോഗ്യത ട്രയൽസിൽ പങ്കെടുക്കാൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് അനുമതി നൽകി സൂപ്രീം കോടതി. വിനേഷ് പങ്കെടുക്കുന്നതിനെതിരെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) നൽകിയ ഹർജി തള്ളിക്കൊണ്ടാണ് സൂപ്രീം കോടതി ഉത്തരവ്. ഗുസ്തി ഗോദയിൽ പലതവണ രാജ്യത്തിനു വേണ്ടി അഭിമാനനേട്ടം സ്വന്തമാക്കിയ വ്യക്തി എന്ന നിലയിൽ വിനേഷ് ഫോഗട്ടിന് ഒരു അവസരം ആവശ്യമാണെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സെലക്‌ഷൻ പ്രക്രിയയിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് ഡൽഹി ഹൈക്കോടതിയും മേയ് 22ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഡബ്ല്യുഎഫ്ഐ സുപ്രീം കോടതിയെ സമീപിച്ചത്.
വിനേഷ് ഫോഗട്ട് ട്രയൽസിനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്നും താരത്തിന്റെ വിവരങ്ങൾ ലഭ്യമായിരുന്നില്ലെന്നുമുള്ള ഡബ്ല്യുഎഫ്ഐയുടെ വാദങ്ങളെ സുപ്രീം കോടതി വിമർശിച്ചു. താൻ ഒരു അമ്മയായെന്നും ഹരിയാന എംഎൽഎ എന്ന നിലയിലുള്ള ചുമതലകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും വിനേഷ് ഫോഗട്ട് മറുപടി നൽകിയിരുന്നു. മുതിർന്ന അഭിഭാഷക മാധവി ദിവാനാണ് താരത്തിനു വേണ്ടി ഹാജരായത്. വിനേഷിന്റെ ‘മാതൃത്വം’ ഒരു അയോഗ്യതയായി കാണരുതെന്ന് മാധവി കോടതിയെ അറിയിച്ചു. നാളെയാണ് ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസ്.
പ്രസവ അവധിക്ക് ശേഷം കരിയറിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന വിനേഷ് ഫോഗട്ടിനെ ചില താൽപര്യങ്ങളുടെ പേരിൽ വിലക്കരുതെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. രാജ്യത്ത് മാതൃത്വം ആഘോഷിക്കപ്പെടുന്ന ഒന്നാണെന്നും ഫെഡറേഷൻ പ്രതികാര ബുദ്ധിയോടെ പെരുമാറരുതെന്നും ബെഞ്ച് ഊന്നിപ്പറഞ്ഞു. ട്രയൽസിന്റെ വിഡിയോ ഡബ്ല്യുഎഫ്ഐ റെക്കോർഡ് ചെയ്യണമെന്നും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്), ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) എന്നിവയിൽ നിന്നുള്ള ഒരു സ്വതന്ത്ര നിരീക്ഷകൻ സന്നിഹിതനായിരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഉത്തേജമരുന്ന് നിരോധന നിയമപ്രകാരം വിരമിക്കലിൽ നിന്ന് തിരിച്ചെത്തുന്ന കായികതാരങ്ങൾക്ക് ബാധകമായ നിർബന്ധിത ആറുമാസത്തെ നോട്ടിസ് പിരീഡ് ചൂണ്ടിക്കാട്ടി, 2026 ജൂൺ 26 വരെ ആഭ്യന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ഫോഗട്ടിനെ ഡബ്ല്യുഎഫ്ഐ അയോഗ്യയാക്കിയിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ ഗോണ്ടയിൽ നടന്ന ദേശീയ ഓപ്പൺ റാങ്കിങ് ഗുസ്തി ടൂർണമെന്റിൽ പങ്കെടുക്കാൻ എത്തിയ വിനേഷ് ഫോഗട്ടിനെ, വേദിയിലേക്ക് പ്രവേശിപ്പിച്ചില്ല.
2024 പാരിസ് ഒളിംപിക്സിനിടെ ശരീരഭാരം കൂടിയതായി കണ്ടെത്തി അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെയാണ് കരിയർ അവസാനിപ്പിക്കുന്നതായി വിനേഷ് പ്രഖ്യാപിച്ചത്. എന്നാൽ 2028ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ പങ്കെടുക്കാൻ വിരമിക്കൽ തീരുമാനം പിൻവലിച്ച് തയാറെടുക്കുമെന്നു കഴിഞ്ഞ ഡിസംബറിൽ വിനേഷ് ഫോഗട്ട് വ്യക്തമാക്കി. ഇതിനിടെ കോൺഗ്രസ് ടിക്കറ്റിൽ ഹരിയാന നിയമസഭയിലേക്കു മത്സരിച്ച വിനേഷ്, ജുലാന മണ്ഡലത്തിൽനിന്ന് 6,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷനെതിരെ ലൈംഗികപീഡന പരാതി നൽകിയ 6 വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന വിനേഷിന്റെ വെളിപ്പെടുത്തൽ ഈയിടെ വിവാദമായിരുന്നു.
English Summary:







English (US) ·