Published: February 05, 2026 07:44 PM IST Updated: February 06, 2026 01:52 AM IST
2 minute Read
-
ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ബെംഗളൂരുവിന് 6 വിക്കറ്റ് ജയം
-
ഡൽഹിക്ക് തുടർച്ചയായ നാലാം ഫൈനൽ തോൽവി
വഡോദര ∙ ഫൈനലിൽ തോൽക്കുകയെന്ന ഡൽഹിയുടെ വിധി ആവർത്തിക്കപ്പെട്ടപ്പോൾ, വനിതാ പ്രിമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്രോഫിക്കൊപ്പം സ്മൃതി മന്ഥനയുടെയും സംഘത്തിന്റെയും മന്ദഹാസം! അവസാന ഓവർ വരെ ആവേശകരമായ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ 6 വിക്കറ്റ് വിജയവുമായി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ഡബ്ല്യുപിഎൽ ജേതാക്കളായി. ആദ്യം ബാറ്റു ചെയ്ത ഡൽഹി ഉയർത്തിയ 204 റൺസ് വിജയലക്ഷ്യം 2 പന്ത് ബാക്കിനിൽക്കെയാണ് ബെംഗളൂരു കീഴടക്കിയത്. ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെയും (41 പന്തിൽ 87) ജോർജിയ വോളിന്റെയും (54 പന്തിൽ 79) ഇന്നിങ്സുകൾ ബെംഗളൂരുവിനു കരുത്തായി. ഡബ്ല്യുപിഎലിൽ ആർസിബിയുടെ രണ്ടാം കിരീടമാണിത്. ഡൽഹിക്കു തുടർച്ചയായ നാലാം ഫൈനലിലും തോൽവി എന്ന അപൂർവ വിധിയും! ഫൈനലിലെ താരവും ടൂർണമെന്റിലെ ടോപ് സ്കോററും (377) സ്മൃതി മന്ഥനയാണ്.
സ്കോർ: ഡൽഹി– 20 ഓവറിൽ 4ന് 203; ബെംഗളൂരു – 19.4 ഓവറിൽ 4ന് 204.
റെക്കോർഡ് കൂട്ട് !വഡോദര സ്റ്റേഡിയത്തിലെ ഉയർന്ന വിജയലക്ഷ്യം ഉയർത്തിയാണ് ആദ്യം ബാറ്റു ചെയ്ത ഡൽഹി ബെംഗളൂരുവിനെ വെല്ലുവിളിച്ചത്. രണ്ടാം ഓവറിൽ ഓപ്പണർ ഗ്രേസ് ഹാരിസിനെ (9) ഷിനല്ലി ഹെൻറി പുറത്താക്കിയതോടെ ഡൽഹി ടീം കൂടുതൽ ആവേശത്തിലായി. എന്നാൽ ജോർജിയ വോളും (79) സ്മൃതി മന്ഥനയും (87) ചേർന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഡൽഹിയുടെ വിജയ സ്വപ്നങ്ങൾക്കു മുന്നിൽ മതിൽകെട്ടി മുന്നേറി. പേസ്, സ്പിൻ വ്യത്യാസമില്ലാതെ ബോളർമാരെ അടിച്ചൊതുക്കി മുന്നേറിയ സഖ്യം 92 പന്തിൽ അടിച്ചെടുത്തത് 165 റൺസ്. വനിതാ പ്രിമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിങ് കൂട്ടുകെട്ട്. ബെംഗളൂരു അനായാസ വിജയത്തിലേക്കു മുന്നേറുന്നതിനിടെ 17–ാം ഓവറിൽ ജോർജിയ വോളിനെ പുറത്താക്കിയ മിന്നു മണി ഡൽഹിക്കു പ്രതീക്ഷ നൽകി. 18–ാം ഓവറിൽ റിച്ച ഘോഷും (6) മടങ്ങി. ഷിനല്ലി ഹെൻറിയുടെ 19–ാം ഓവറിലെ നാലാം പന്തിൽ സ്മൃതി പുറത്തായപ്പോൾ ബെംഗളൂരു ഒന്നു വിറച്ചു. രാധ യാദവ് ഉയർത്തിയടിച്ച തൊട്ടടുത്ത പന്ത് കവറിൽ മിന്നു മണിയുടെ കയ്യിൽനിന്നു ചോർന്നതോടെ ബെംഗളൂരുവിന് ‘ശ്വാസം’ തിരിച്ചുകിട്ടി. ജയിക്കാൻ 10 റൺസ് വേണ്ടിയിരുന്ന അവസാന ഓവറിൽ തുടരെ 2 ഫോറുകളുമായി രാധ യാദവ് ആർസിബിയുടെ കിരീടം ഉറപ്പിച്ചു.
ജമീമയുടെ പോരാട്ടംനേരത്തേ ക്യാപ്റ്റൻ ജമീമ റോഡ്രീഗ്സിന്റെ അർധ സെഞ്ചറിയുടെ (37 പന്തിൽ 57) കരുത്തിലാണ്, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി മികച്ച സ്കോർ നേടിയത്. ലിസ് ലീ (30 പന്തിൽ 37), ഷഫാലി വർമ (13 പന്തിൽ 20), ലോറ വോൾവാർട്ട് (25 പന്തിൽ 44), ഷിനല്ലി ഹെൻറി (15 പന്തിൽ 35 നോട്ടൗട്ട്) എന്നിവരും ഡൽഹി ബാറ്റിങ്ങിൽ തിളങ്ങി. 16–ാം ഓവറിലെ അവസാന പന്തിൽ ജമീമ പുറത്താകുമ്പോൾ 148 റൺസായിരുന്നു ഡൽഹിയുടെ അക്കൗണ്ടിൽ. ഡെത്ത് ഓവറിൽ തകർത്തടിച്ച ഷിനല്ലി ഹെൻറിയും ലോറ വോൾവർട്ടും ചേർന്ന് അവസാന 4 ഓവറിൽ നേടിയത് 68 റൺസാണ്.
വനിതാ പ്രിമിയർ ലീഗിലെ ഏറ്റവും ഉയർന്ന റൺചേസ് വിജയമാണ് ഇന്നലെ ബെംഗളൂരൂ നേടിയത് (204). കഴിഞ്ഞ സീസണിൽ ഗുജറാത്തിനെതിരെ 202 റൺസ് വിജയം നേടിയ ബെംഗളൂരു റെക്കോർഡ് മെച്ചപ്പെടുത്തി.
English Summary:







English (US) ·