Published: March 05, 2026 01:58 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് ഇന്നു തിരക്കുള്ള ദിവസമാണ്. ട്വന്റി20 ലോകകപ്പിൽ സെമിയിൽ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങുകയാണ്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് ഏഴു മുതലാണ് മത്സരം. മറുവശത്ത്, മുംൈബയിൽ തന്നെ മറ്റൊരു ആഘോഷവും അരങ്ങേറുന്നുണ്ട്. ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കറുടെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ തെൻഡുൽക്കറുടെ വിവാഹമാണ് ഇന്ന്. അർജുൻ– സാനിയ വിവാഹത്തിന്റെ പ്രധാനച്ചടങ്ങാണ് മുംബൈയിൽ നടക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളും ബോളിവുഡ് താരങ്ങളും രാഷ്ട്രീയ പ്രമുഖരുമടക്കം വൻ വിഐപി പടയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്.
വിവാഹച്ചടങ്ങുൾക്ക് നടക്കുന്ന മുംബൈയിലെ ദ് സെന്റ് റെജിസ് ഹോട്ടലിൽ തന്നെയാണ് ലോകകപ്പ് മത്സരത്തിനായി എത്തിയ ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളും താമസിക്കുന്നത്. അതുകൊണ്ടു തന്നെ വൻ സുരക്ഷാ സന്നാഹമാണ് ഹോട്ടലിലും പരിസരത്തും ഒരുക്കിയിരുന്നത്. വിവാഹത്തിന് പിന്നാലെ അതിഥികൾക്കായി പ്രത്യേക വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. എം.എസ്. ധോണി, സൗരവ് ഗാംഗുലി, വിരാട് കോലി, ശുഭ്മൻ ഗിൽ, രവി ശാസ്ത്രി, അജിത് അഗാർക്കർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അർജുന്റെ ഐപിഎൽ ടീമുകളായ മുംബൈ ഇന്ത്യൻ, ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലെ താരങ്ങളും പങ്കെടുക്കും. ഇന്ത്യൻ, കോണ്ടിനെന്റൽ വിഭവങ്ങൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന മെനുവാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞദിവസം മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്സിലുള്ള റോയൽ വെസ്റ്റേൺ ഇന്ത്യ ടർഫ് ക്ലബ്ബിലാണ് മെഹന്തി, സംഗീത് ചടങ്ങുകൾ നടന്നത്. ആത്യാഡംബരമായി നടന്ന ചടങ്ങിൽ ഇരു കുടുംബങ്ങളുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, ഹർഭജൻ സിങ്, സഹീർ ഖാൻ, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ, രവി ശാസ്ത്രി, അജിത് അഗാർക്കർ ഉൾപ്പെടെയുള്ളവരും എത്തി. ശതകോടീശ്വരൻ മുകേഷ് അംബാനിയും നിത അംബാനിയും ചടങ്ങുകളിൽ സജീവമായിരുന്നു. എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയും കുടുംബവും ആഘോഷങ്ങളിൽ പങ്കുചേർന്നു.
പ്രതിശ്രുത വധുവായ സാനിയ ചന്ദോക്ക്, പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളാണ്. കഴിഞ്ഞവർഷം ഓഗസ്റ്റിലായിരുന്നു അർജുനും സാനിയയും തമ്മിലുള്ള വിവാഹ നിശ്ചയം. ഫെബ്രുവരി അവസാന വാരം അംബാനി കുടുംബത്തിന്റെ ആതിഥേയത്വത്തിൽ ഗുജറാത്തിലെ ജാംനഗറിലെ റിലയൻസ് എസ്റ്റേറ്റിൽ വച്ച് പ്രീ-വെഡിങ് പൂജയും പ്രൗഢഗംഭീരമായ ചടങ്ങുകളും നടന്നിരുന്നു.
English Summary:







English (US) ·