അർജന്റീന c/o ലയണൽ മെസ്സി, കപ്പടിക്കണം, റെക്കോർഡ് ഇടണം, പൗളോ ഡിബാല പുറത്ത്

2 days ago 1

എസ്.പി. ശരത്

എസ്.പി. ശരത്

Published: May 30, 2026 01:14 PM IST

1 minute Read

ലയണൽ മെസ്സി
ലയണൽ മെസ്സി

ഒക്കത്തൊരു കിരീടമിരിക്കെ ഉത്തരത്തിലിരിക്കുന്ന കിരീടം കൂടി എടുക്കാൻ ലയണൽ മെസ്സിയുടെ അർജന്റീന വരുന്നു. ഖത്തറിൽ കിരീടം നേടിയവരിൽ ക്യാപ്റ്റൻ മെസ്സിയടക്കം 17 വിശ്വസ്തരെ നിലനിർത്തി പരിശീലകൻ ലയണൽ സ്കലോനി 26 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഓരോ പൊസ‍ിഷനിലും ലോകോത്തര താരങ്ങൾ നിരക്കുന്ന സംഘത്തിനു കിരീടം നേടാനായാൽ 64 വർഷത്ത‍ിനിടയിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമായവർ മാറും. 1962ൽ ബ്രസീലിന്റെ ചരിത്രപുരുഷന്മാർക്കു ശേഷം ആർക്കും കൈവരിക്കാനാകാത്ത നേട്ടം.

പരുക്കിന്റെ ഭീഷണിയെ അതിജീവിച്ച് 39–ാം വയസ്സിലേക്കു കടക്കുന്ന മെസ്സി തന്നെയാണു സ്ക്വാഡിന്റെ ‘തല’. ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്നതിനിടെ പരുക്കേറ്റ മെസ്സിയുടെ ആരോഗ്യസ്ഥിതിയെന്തെന്ന ചോദ്യത്തിനു സ്കലോനി നൽകുന്ന മറുപടി ഇങ്ങനെ: ‘മെസ്സിക്ക് അസ്വസ്ഥതയുണ്ടെന്ന് ആ കളി കാണുമ്പോൾ തന്നെ ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നു. ആദ്യവട്ട റിപ്പോർട്ടുകൾ അപകടകരമല്ലെന്ന സൂചനയാണു തരുന്നത്.’ ആറാം ലോകകപ്പ് കളിക്കുകയെന്ന അപൂർവ നേട്ടം കൂടിയാണു മെസ്സി ഇക്കുറി സ്വന്തമാക്കുക. ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇതേ നേട്ടം പങ്കിടുമെങ്കിലും മെസ്സിയുടെ പേരിലുള്ള മറ്റൊരു റെക്കോർഡ് ഇക്കുറി കൂടുതൽ തിളക്കത്തിൽ പതിയും. ഏറ്റവും കൂടുതൽ ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന താരമെന്ന നേട്ടം 26 മത്സര പങ്കാളിത്തത്തോടെ മെസ്സി കൈവശം വച്ചിട്ടുണ്ട്. ഇന്റർ മിലാൻ സ്ട്രൈക്കർ ലൗറ്റാരോ മാർട്ടിനെസും അത്‍ലറ്റിക്കോ മഡ്രിഡിന്റെ സ്ട്രൈക്കർ യൂലിയൻ അൽവാരസും മെസ്സിക്കൊപ്പം മുന്നേറ്റനിര നയിക്കും.

ടീമിന്റെ ഭാവി പത്താംനമ്പറായി കണക്കാക്കുന്ന ഇരുപത്തിയൊന്നുകാരൻ നിക്കോ പാസ്, ഫ്രഞ്ച് ക്ലബ് സ്ട്രാസ്ബർഗിൽ മികച്ച പ്രകടനം തുടരുന്ന മിഡ്ഫീൽഡർ വലന്റീൻ ബാർകോ, സെന്റർ ഫോർവേഡ് ഹോസെ മാന്വൽ ലോപ്പസ് എന്നിവർ സ്കലോനിയുടെ യുവതുർക്കികൾ. അലക്സിസ് മക്അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരും ചേരുമ്പോൾ മധ്യനിര സുശക്തം. മുൻനിരയിലെ സൂപ്പർതാരങ്ങൾക്കൊപ്പം സെന്റർ ഫോർവേഡ് പൊസിഷനിൽ ഒന്നാന്തരം ഓപ്ഷനായി യുവതാരം ലോപ്പസുണ്ട്.

പതറുമോ, പ്രതിരോധം

സമ്മർദമേറുമ്പോൾ ചിലപ്പോഴൊക്കെ പ്രതിരോധനിരയ്ക്കു കാലിടറുന്നതാണു ഖത്തറിൽ പലപ്പോഴും കണ്ടതെങ്കിലും ഏറക്കുറെ അതേ നിരയെ തന്നെ ഇക്കുറിയും ഇറക്കേണ്ടി വരുന്നു എന്നതാണു സ്കലോനി നേരിട്ടേക്കാവുന്ന വെല്ലുവിളി. ഗോൺസാലോ മോണ്ടിയെൽ, നാഹുവേൽ മൊളീന, നിക്കൊളാസ് ഒട്ടാമെൻഡി, ലിസാന്ദ്രോ മാർട്ടിനസ്, നിക്കൊളാസ് ടാഗ്ലിയാഫിക്കോ, പരുക്കിൽ നിന്നു മോചിതനാകുന്ന ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ പ്രതിരോധനിരയിലെ പ്രമുഖർ. റയൽ മഡ്രിഡിന്റെ കൗമാരതാരം ഫ്രാങ്കോ മസ്റ്റാൻറ്റ്വോനോയ്ക്കു ടീമിലിടം ലഭിക്കുമെന്ന പ്രതീക്ഷ വെറുതെയായി. പ്രതിഭയെങ്കിലും സ്ഥിരതയില്ലായ്മ അലട്ടുന്ന പൗളോ ഡിബാല അടക്കം ഖത്തറിൽ വിജയിച്ച സ്ക്വാഡിലെ 9 പേർ പുറത്തായി. റയൽ ബെറ്റിസ് മിഡ്ഫീൽഡർ ജിയോവനി ലോ സെൽസോ നീണ്ട ഇടവേളയ്ക്കു ശേഷം ടീമിലെത്തി. ഖത്തറിൽ കിരീടം നേടിത്തന്ന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനു യുവേഫ യൂറോപ്പ ലീഗ് ഫൈനലിൽ ആസ്റ്റൻവില്ലയ്ക്കായി കളിക്കുന്നതിനിടെ വിരലിനു പരുക്കേറ്റെങ്കിലും ലോകകപ്പ് ടീമിലെ ഒന്നാം നമ്പർ ഗോൾകീപ്പർ സ്ഥാനത്തിന് ഇളക്കമില്ല. 

English Summary:

Argentina's World Cup 2026 squad, led by Lionel Messi, is poised to support their rubric with a beardown team. The squad enactment features a premix of experienced players and emerging talent, aiming to marque past by retaining the World Cup trophy.

Read Entire Article