Published: October 13, 2025 01:25 PM IST
1 minute Read
ലഹോർ ∙ ഒളിംപിക്സ് ജാവലിൻത്രോ ചാംപ്യൻ അർഷാദ് നദീമിന്റെ പരിശീലകൻ സൽമാൻ ഇഖ്ബാലിന് പാക്കിസ്ഥാനിൽ ആജീവനാന്ത വിലക്ക്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പഞ്ചാബ് അത്‍ലറ്റിക്സ് അസോസിയേഷന്റെ പ്രസിഡന്റായ സൽമാൻ, അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ക്രമക്കേട് കാട്ടിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിനെത്തുടർന്നാണ് പാക്കിസ്ഥാൻ അമച്വർ അത്‍ലറ്റിക്സ് ഫെഡറേഷൻ (പിഎഎഎഫ്) വിലക്കേർപ്പെടുത്തിയത്. ഇതോടെ ഇഖ്ബാലിന് അത്‌ലറ്റിക് പ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ പരിശീലകനാകാനോ ഒരു തലത്തിലും പദവി വഹിക്കാനോ കഴിയില്ല. ഓഗസ്റ്റിലായിരുന്നു പിഎഎഎഫ് തിരഞ്ഞെടുപ്പ്.
ക്രമക്കേട് നടന്നെന്ന പരാതിയിൽ സെപ്റ്റംബറിലാണ് അന്വേഷണ കമ്മിറ്റി രൂപീകരിച്ചത്.
വർഷങ്ങളായി അർഷാദ് നദീമിന്റെ മെന്ററും പരിശീലകനുമാണ് സൽമാൻ ഇഖ്ബാൽ. ലോക് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ നദീമിന്റെ മോശം പ്രകടനം സംബന്ധിച്ച് പാക്കിസ്ഥാൻ സ്പോർട് ബോർഡ് (പിഎസ്‌ബി) വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനു ഇഖ്‌ബാർ നൽകിയ മറുപടിയും ഇപ്പോഴത്തെ നടപടിക്ക് കാരണമായെന്നാണ് കാണുന്നത്. ജാവലിൻ ത്രോ താരത്തിന്റെ പരിശീലനത്തിനും യാത്രയ്ക്കുമായി ചെലവഴിച്ച തുകയുടെ വിശദാംശങ്ങളും പിഎസ്‌ബി തേടിയിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി നദീമിന്റെ പരിശീലനത്തിനായി പാക്കിസ്ഥാൻ അമച്വർ അത്‍ലറ്റിക്സ് ഫെഡറേഷൻ ഒന്നും ചെയ്യുന്നില്ലെന്ന് ഇഖ്‌ബാൽ വെളിപ്പെടുത്തിയിരുന്നു. നദീമിന് ദക്ഷിണാഫ്രിക്കയിൽ പോയി പരിശീലിക്കുന്നതിന് സുഹൃത്തിൽനിന്ന് താൻ പണം കടം വാങ്ങിയതായും ഇഖ്ബാൽ പറഞ്ഞിരുന്നു.
English Summary:







English (US) ·