അർഷ്ദീപിന് വിലക്ക്, കടുപ്പിച്ച് ബിസിസിഐ; നടപടി വിമാനത്തിനുള്ളിലിരുന്ന് ഇ–സിഗരറ്റ് വലിച്ച ചെഹലിന്റെ ദൃശ്യങ്ങൾ വിവാദമായതോടെ

3 weeks ago 5

ഓൺലൈൻ ഡെസ്‌ക്

Published: May 08, 2026 05:05 PM IST

1 minute Read

അർഷ്‌ദീപ് സിങ് (X/@PunjabKingsIPL), യുസ്‌വേന്ദ്ര ചെഹൽ ഇ–സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ (X@Jo Kar)
അർഷ്‌ദീപ് സിങ് (X/@PunjabKingsIPL), യുസ്‌വേന്ദ്ര ചെഹൽ ഇ–സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങൾ (X@Jo Kar)

മുംബൈ ∙ പഞ്ചാബ് കിങ്സ് താരം അർഷ്‌ദീപ് സിങ് സമൂഹമാധ്യമങ്ങളിൽ വ്ലോഗ് പോസ്റ്റ് ചെയ്യുന്നത് വിലക്കി ബിസിസിഐ. മറ്റൊരു പഞ്ചാബ് കിങ്സ് താരമായ യുസ്‍വേന്ദ്ര ചെഹൽ ഇ–സിഗരറ്റ് (വേപ്) ഉപയോഗിക്കുന്ന ദൃശ്യങ്ങൾ അർഷ്‌ദീപിന്റെ വ്ലോഗിലൂടെ പുറത്തുവന്നിരുന്നു. അഹമ്മദാബാദിൽ നിന്ന് ഹൈദരാബാദിലേക്ക് ടീം യാത്ര ചെയ്യുന്നതിനിടെ വിമാനത്തിനുള്ളിൽവച്ച് ചെഹൽ ഇ–സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതു വിവാദമായതോടെയാണ് വ്ലോഗ് പോസ്റ്റ് ചെയ്യുന്നതിന് അർഷ്‌ദീപിനു വിലക്കേർപ്പെടുത്തിയത്. ഐപിഎൽ സീസണൽ അവസാനിക്കുന്നതു വരെയാണ് താൽക്കാലിക വിലക്കെന്നാണ് സൂചന.

ഈയാഴ്ച ആദ്യമാണ് അർഷ്‌ദീപ് പങ്കുവച്ച വ്ലോഗിൽ യുസ്‌‍വേന്ദ്ര ചെഹൽ പുകവലിക്കുന്ന ദൃശ്യങ്ങളും ഉൾപ്പെട്ടത്. അപ്‌ലോഡ് ചെയ്തതിന് തൊട്ടുപിന്നാലെ ഈ ദൃശ്യങ്ങൾ നീക്കം ചെയ്തെങ്കിലും സമൂഹമാധ്യമങ്ങളിൽ ഇതിന്റെ സ്ക്രീൻ റെക്കോർഡിങ്ങുകൾ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ചെഹൽ ത്രോട്ട് സ്പ്രേ ആണ് ഉപയോഗിച്ചതെന്ന് ചിലർ വാദിച്ചെങ്കിലും വിവാദം കത്തിക്കയറുകയായിരുന്നു. ഇതോടെയാണ് ബിസിസിഐ കർശനനിലപാട് സ്വീകരിച്ചത്. 2019 മുതൽ ഇന്ത്യയിൽ ഇ –സിഗരറ്റുകൾ നിരോധിച്ചിട്ടുണ്ട്. വിഷയത്തിൽ അർഷ്ദീപോ ചെഹലോ പഞ്ചാബ് കിങ്സ് ടീമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് അർഷ്‌ദീപ് സിങ്. താരം പങ്കവയ്ക്കുന്ന റീലുകൾ മിക്കതും വൈറലാകാറുമുണ്ട്. എങ്കിലും കളിക്കളത്തിനു പുറത്തുള്ള കാര്യങ്ങൾ കൂടുതൽ പ്രഫഷനലായി നിലനിർത്തുന്നതിനായായണ് വ്ലോഗിങ്ങിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, ഡൽഹി ക്യാപിറ്റൽസിനെതിരായ അടുത്ത മത്സരത്തിനായ ധരംശാലയ്ക്കു പുറപ്പെട്ട പഞ്ചാബ് ടീമിനൊപ്പം ചെഹൽ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടുണ്ട്. ചെഹലിന് വിമാനത്താവളത്തിൽ കൃത്യ സമയത്ത് എത്താൻ സാധിച്ചില്ലെന്നും താരം ഇന്ന് ടീമിനൊപ്പം ചേരുമെന്നുമാണ് വിവരം. 11നാണ് മത്സരം.

നേരത്തെ, ഐപിഎൽ മത്സരത്തിനിടെ ഡ്രസിങ് റൂമിൽവച്ച് ഇ – സിഗരറ്റ് വലിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന്റെ നടപടി വിവാദമായിരുന്നു. ഏപ്രിൽ 28നു പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ്, പരാഗ് ഡ്രസിങ് റൂമിലിരുന്ന് ഈ സിഗരറ്റ് വലിക്കുന്ന ദൃശ്യം ടിവി ക്യാമറകളിൽ പതിഞ്ഞത്. പിന്നാലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. സംഭവത്തിൽ റിയാൻ പരാഗിന് മത്സര ഫീയുടെ 25% പിഴ ചുമത്തിയിരുന്നു. ഇതുകൂടാതെ ഒരു ഡിമെറിറ്റ് പോയിന്റും ശിക്ഷ വിധിച്ചു.

English Summary:

Arshdeep Singh has been temporarily banned from vlogging by the BCCI owed to contented featuring Yuzvendra Chahal vaping connected a squad flight, which violated India's e-cigarette ban. This prohibition aims to support professionalism disconnected the tract for cricketers.

Read Entire Article