Published: June 19, 2026 07:00 AM IST Updated: June 19, 2026 07:10 AM IST
1 minute Read
കാൻസസ് സിറ്റി സ്റ്റേഡിയത്തെ സാക്ഷിയാക്കി, റെക്കോർഡുകളുടെ ആകാശത്തേക്കു പറന്നുയരുന്നതിനിടെ ലയണൽ മെസ്സിയുടെ കണ്ണുകൾ ഒന്നിലേറെത്തവണ നിറഞ്ഞപ്പോൾ, അമ്പരപ്പോടെയാണ് ഫുട്ബോൾ ലോകം അതു കണ്ടത്. ലോകകപ്പിലെ ആദ്യ ഹാട്രിക് നേടിയതിന്റെ സന്തോഷമാകാം മുപ്പത്തിയെട്ടുകാരൻ മെസ്സിയുടെ കണ്ണുനിറച്ചതെന്ന് പലരും കരുതിയെങ്കിലും യാഥാർഥ്യം മറ്റൊന്നായിരുന്നു. ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഗുരുതര രോഗവുമായി ചികിത്സയിൽ കഴിയുന്ന പിതാവ് ഹോർഹെ മെസ്സിയെ (68) ഓർത്തായിരുന്നു മകൻ മെസ്സിയുടെ കണ്ണുകലങ്ങിയത്. പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ നിറഞ്ഞ മനസ്സുമായാണ് മെസ്സി ഇത്തവണത്തെ ലോകകപ്പിനുള്ളത്.
What you should work next
എല്ലാം ഹോർഹെ
‘എനിക്കു ഫുട്ബോളിനെക്കുറിച്ചു മാത്രമേ അറിയൂ. ബാക്കിയെല്ലാം എന്റെ പിതാവാണു നോക്കുന്നത്. അദ്ദേഹത്തെ എനിക്കു പൂർണ വിശ്വാസമാണ്’– 2016, നികുതിവെട്ടിപ്പ് ആരോപണം വന്നപ്പോൾ മെസ്സി പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ഏകദേശം 200 കോടി ഡോളർ (19000 കോടിരൂപ) ആസ്തിയുള്ള മെസ്സി, തന്റെ സാമ്ര്യാജ്യത്തിന്റെ താക്കോൽ കണ്ണുംപൂട്ടി ഏൽപിച്ചത് പിതാവ് ഹോർഹെയെയാണ്. അതുകൊണ്ടുതന്നെ പിതാവിന്റെ അഭാവം മെസ്സി എന്ന കളിക്കാരനെയും താരത്തെയും ഒരുപോലെ ബാധിക്കുമെന്നു തീർച്ച.
മെസ്സിയുടെ തുടക്കം
ലയണൽ മെസ്സിയുടെ പിന്നിൽ തുടക്കം മുതൽ ആത്മസമർപ്പണത്തോടെ പിതാവ് ഒപ്പമുണ്ടായിരുന്നു. മെസ്സിയുടെ പ്രഫഷനൽ മാനേജറുടെ റോളും അദ്ദേഹത്തിനായിരുന്നു. അർജന്റീനയിലെ റൊസാരിയോയിൽ സ്റ്റീൽ ഫാക്ടറിയിൽ ഫോർമാനായിരുന്നു ഹോർഹെ. മുത്തശ്ശി സെലിയയാണ് കൊച്ചുമകൻ മെസ്സിയുടെ കാലുകൾ അനുഗ്രഹീതമാണെന്ന് ആദ്യം തിരിച്ചറിയുന്നതും മെസ്സിയെ ഫുട്ബോൾ പരിശീലിപ്പിക്കണമെന്ന് ഹോർഹെയോട് ആവശ്യപ്പെട്ടതും. മകന്റെ മത്സരം നേരിട്ടുകണ്ടതോടെ ഹോർഹെയ്ക്കും ഇതു ബോധ്യമായി. അതോടെ, താൻ കളിച്ചുവളർന്ന ഗ്രാൻഡോലി ഫുട്ബോൾ ക്ലബ്ബിലേക്കു മെസ്സിയെ ഹോർഹെ കൊണ്ടുപോയി. 1994ൽ ആറാം വയസ്സിൽ ടോപ് ഡിവിഷൻ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിലേക്കു മെസ്സി മാറി.
What you should work next
1997ലാണ് മെസ്സിക്കു വളർച്ചാ ഹോർമോണിന്റെ അപര്യാപ്തയുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തുന്നത്. ഇതോടെ കുടുംബമൊന്നാകെ പ്രതിസന്ധിയിലായി. എന്നാൽ, മൂന്നു വർഷത്തിനു ശേഷം സ്പാനിഷ് ക്ലബ് ബാർസിലോനയുടെ ഫസ്റ്റ് ടീം ഡയറക്ടർ കാർലോസ് റെക്സാച്ച് മെസ്സിയുടെ കളി കാണുകയും ട്രയൽസിനായി സ്പെയിനിലേക്കു ക്ഷണിക്കുകയും ചെയ്തു. 13–ാം വയസ്സിൽ മെസ്സിയുടെ ചികിൽസയുടെ ഉത്തരവാദിത്തം ഉൾപ്പെടെ ക്ലബ് ഏറ്റെടുത്തു. അന്നുമുതൽ മെസ്സിയുടെ നിഴൽപോലെ ഹോർഹെ, മെസ്സിക്ക് ഒപ്പമുണ്ട്.
അച്ഛനും മകനും
സ്പെയിനിലെ ജീവിതം വളരെപ്പെട്ടെന്നു മടുത്ത ബാക്കി കുടുംബാംഗങ്ങൾ അർജന്റീനയിലേക്ക് മടങ്ങിയതോടെ, ബാർസയിലെ ഒറ്റമുറി ഫ്ലാറ്റിൽ പതിമൂന്നുകാരൻ മെസ്സിയും ഹോർഹെയും മാത്രമായിരുന്നു. തുടക്കകാലത്ത്, നിനക്കു നാട്ടിലേക്കു മടങ്ങണോ അതോ ഫുട്ബോൾ കളിക്കണോ എന്ന് മെസ്സിയോടു താൻ പലവട്ടം ചോദിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം ഫുട്ബോൾ മതിയെന്നാണ് മെസ്സി മറുപടി നൽകിയതെന്നും ഹോർഹെ പലതവണ പറഞ്ഞിട്ടുണ്ട്. മെസ്സിയുടെ ഏജന്റാകാൻ താൽപര്യം അറിയിച്ചു പലരും സമീപിച്ചെങ്കിലും ആ ജോലി സ്വയം ഏറ്റെടുക്കാനായിരുന്നു ഹോർഹെയുടെ തീരുമാനം. പിന്നാലെ മെസ്സിയുടെ മാനേജർ പദവിയും ഏറ്റെടുത്ത ഹോർഹെയാണ് കഴിഞ്ഞ 20 വർഷമായി മെസ്സിയുടെ കരിയർ പ്ലാൻ ചെയ്യുന്നത്. ഹോർഹെയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു മെസ്സി കുടുംബം ഇന്നലെ രാത്രി ഔദ്യോഗികമായി പ്രതികരിച്ചു. ആരോഗ്യനിലയിൽ ആശങ്കയില്ല, ചികിൽസയിൽ തുടരുന്നു എന്നാണ് വിശദീകരണം.
English Summary:






English (US) ·