ഗോളിന് മറുപടി ഫൗളോ? കാനഡ താരത്തിന്റെ കാൽ ഒടിഞ്ഞുതൂങ്ങി! ആറടിച്ച് ഖത്തറിനെ തകര്‍ത്തെറിഞ്ഞു

10 hours ago 2

മറുപടിയില്ലാത്ത ആറു ഗോളുകൾ. രണ്ട് റെഡ് കാർഡുകളിൽ എട്ടു പേരായി ചുരുങ്ങിയ ഖത്തറിന് ഇതിലും വലിയ ശിക്ഷ കിട്ടാനില്ല. ശിക്ഷ എന്നു തന്നെ പറയാൻ കാരണമുണ്ട്. തുടർച്ചയായ ഗോളുകളുമായി കാനഡ കളം നിറഞ്ഞപ്പോൾ തുടർച്ചയായ ഫൗളുകൾ മാത്രമായിരുന്നു വാന്‍കൂവർ സ്റ്റേഡിയത്തിൽ ഖത്തറിന്റെ മറുപടിയായുണ്ടായിരുന്നത്. കൂട്ടത്തിലൊരു ഫൗളിൽ കനേഡിയൻ താരത്തിന്റെ കാൽ ഒടിഞ്ഞുതൂങ്ങി. ഒന്നിനു പിറകേ ഒന്നായി ആറു ഗോളുകൾ കാനഡ അടിച്ചുകൂട്ടിയപ്പോൾ, ഹാട്രിക് പൂർത്തിയാക്കി അതിനു നേതൃത്വം നൽകിയത് ജൊനാഥൻ ഡേവിഡ്. കൈൽ ലാരിൻ, നേഥൻ സാലിബ എന്നിവരുടെ ഗോളുകൾക്കൊപ്പം, ഖത്തറിന്റെ മുഹമ്മദ് മനായുടെ സെൽഫ് ഗോളുമെത്തിയതോടെ ഖത്തറിന്റെ പതനം പൂർണം. മലയാളി താരം ടഹ്സിന്‍ മുഹമ്മദിന് കാന‍ഡയ്ക്കെതിരെയും അരങ്ങേറ്റം സാധ്യമായില്ല. നന്നായി, ദുരന്ത സമാനമായ ഒരു തോൽവി ഏറ്റുവാങ്ങുന്നതിനിടെ ഖത്തർ ജഴ്സിയിൽ അരങ്ങേറ്റം കുറിക്കുന്നത് ഒരു യുവതാരത്തെ എത്രത്തോളം സമ്മർദത്തിൽ കൊണ്ടിടുമെന്നത് പ്രവചനാതീതമാണ്.

ജൊനാഥന്റെ ഡബിൾ, റെഡ് കാർഡ്, സംഭവ ബഹുലം ആദ്യ പകുതി

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ ഖത്തറിന്റെ മുന്നേറ്റത്തോടെയാണു കളി തുടങ്ങിയത്. എഡ്മിൽസൻ ജൂനിയറിന്റെ വോളി ഗതിമാറി കാനഡ പോസ്റ്റിനു പുറത്തേക്കു പോയി. തൊട്ടുപിന്നാലെ കാനഡയ്ക്കായി ജൊനാഥൻ ഡേവിഡിന്റെ ഗോൾ ശ്രമം. ഏഴാം മിനിറ്റിൽ ഡേവിഡ് എടുത്ത പവർഫുൾ വോളി ഖത്തർ ഗോൾ കീപ്പർ അബുനാഡ തട്ടിമാറ്റി. ഹോം ഗ്രൗണ്ടായ വാൻകൂവറിൽ കാന‍ഡയ്ക്ക് ഗ്രൗണ്ട് സപ്പോർട്ട് ഏറെയാണെങ്കിലും, ആദ്യ മിനിറ്റുകളിൽ തന്നെ ഖത്തറും ശക്തമായ മുന്നേറ്റമാണു നടത്തിയത്. 

What you should work next

എന്നാൽ ഗോളിനായി കാനഡയ്ക്കു കാത്തിരിക്കേണ്ടി വന്നത് 16–ാം മിനിറ്റുവരെ മാത്രമായിരുന്നു. ഖത്തർ ഗോൾമുഖത്ത് പെനാൽറ്റി ഏരിയയുടെ വലതു ഭാഗത്തുനിന്നു ലഭിച്ച പന്ത് തകർപ്പനൊരു വോളിയിലൂടെ ജൊനാഥൻ ഡേവിഡ് പോസ്റ്റിലേക്കു ലക്ഷ്യമിട്ടു. എന്നാൽ ഖത്തർ ഗോൾകീപ്പർ മഹ്മൂദ് അബുൻഡ ഇത് പ്രതിരോധിച്ചു. റീബൗണ്ടിൽ പന്തെടുത്ത കൈല്‍ ലാരിൻ ഖത്തർ ഗോളിക്ക് അവസരങ്ങൾ നൽകാതെ വല കുലുക്കി. സ്കോർ 1–0. 

ആദ്യ ഗോളിന്റെ ക്ഷീണത്തിൽനിന്ന് ഖത്തർ മോചിതരാകും മുൻപ് കാന‍‍ഡ രണ്ടാമത്തെ വെടിപൊട്ടിച്ചു. ഇത്തവണ ജൊനാഥൻ ഡേവിഡ്. 29–ാം മിനിറ്റിൽ ടോജൻ ബുച്ചാനന്‍ പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് എടുത്ത ഷോട്ട് ഖത്തർ പ്രതിരോധ താരത്തിൽ തട്ടി ഗതിമാറി ഉയർന്നു. ബോക്സിനകത്തു പന്തു ലഭിച്ച ജൊനാഥൻ ഡേവിഡ് തകർപ്പനൊരു വോളിയിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. ഖത്തർ ഗോള്‍ കീപ്പർ ഡൈവ് ചെയ്തുനോക്കിയെങ്കിലും പന്തിൽ തൊടാൻ പോലും സാധിച്ചില്ല. മത്സരത്തിന്റെ 33–ാം മിനിറ്റിൽ ഖത്തർ താരം ഹൊമാം അഹമ്മദ് ചുവപ്പുകാർഡ് കണ്ടു പുറത്തായി. കനേഡിയൻ താരം ടജോൺ ബുച്ചാനനെ ഫൗൾ ചെയ്തു വീഴ്ത്തിയതിനാണു റഫറിയുടെ നടപടി. ആദ്യം പെനാൽറ്റി അനുവദിച്ചെങ്കിലും ‘വാർ’ പരിശോധനയിൽ ഫൗൾ സംഭവിച്ചത് ബോക്സിനു വെളിയിലാണെന്നു വ്യക്തമായതോടെ പിൻവലിച്ചു. ഒൻപതു പേരായി ചുരുങ്ങിയതോടെ 40–ാം മിനിറ്റിൽ ഖത്തർ യൂസഫ് അബ്ദുരിസാഖിനെ പിന്‍വലിച്ച് സുൽത്താൻ അൽബ്രേക്കിനെ ഇറക്കി. ഖത്തർ എണ്ണത്തിൽ ചെറുതായതിനാൽ ആദ്യ പകുതിയിൽ മത്സരം പൂര്‍ണമായും കാനഡയുടെ നിയന്ത്രണത്തിലായി. ആദ്യ പകുതിക്ക് ആറു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. ആദ്യ പകുതിയിൽ കാനഡ മൂന്നാം ഗോളും നേടി. അധിക സമയത്ത് കൈൽ ലാരിന്റെ ഹെഡർ ഖത്തർ ഗോളി മഹ്മൂദ് അബുനാഡ തടഞ്ഞിട്ടു. പക്ഷേ റീബൗണ്ടിൽ വീണ്ടും കാന‍ഡ ഗോൾ കണ്ടെത്തി. പോസ്റ്റിലേക്കു കുതിച്ച ജൊനാഥൻ ഡേവിഡ് രണ്ടാം ഗോളടിച്ച് ആഘോഷം തുടങ്ങി. സ്കോർ 3–0.

വീണ്ടും റെഡ് കാർഡ്, ഗ്രൗണ്ടിൽ കയ്യാങ്കളി

രണ്ടാം പകുതിക്കു മുൻപ് ഖത്തർ രണ്ടു മാറ്റങ്ങളാണ് ടീമിൽ കൊണ്ടുവന്നത്. എഡ്മിൽസൻ ജൂനിയർ, ജാസെം ഗാബെർ എന്നിവർക്കു പകരം, മുഹമ്മദ് മനായും അഹമ്മദ് ഫാത്തിയും കളിക്കാനിറങ്ങി. രണ്ടാം പകുതിയിലും കാനഡയുടെ ആധിപത്യം പ്രകടമായിരുന്നു. 48–ാം മിനിറ്റിൽ കാനഡ താരം ഇസ്മായിൽ കോനെയുടെ ഗോൾ നീക്കം ഖത്തർ ഗോളി പ്രതിരോധിച്ചു. തൊട്ടുപിന്നാലെ കൈൽ ലാരിനും ഗോളിലേക്ക് ഷോട്ട് പായിച്ചെങ്കിലും പ്രതിരോധ നിര ഖത്തറിനെ രക്ഷിച്ചു. മത്സരം 50 മിനിറ്റുകൾ പിന്നിട്ടതിനു പിന്നാലെ ഇസ്മായിൽ കോനെ ഖത്തർ താരം അസിം മഡിബോയുടെ ഫൗളിൽ ഗ്രൗണ്ടിൽ വീണു. ‘വാർ’ പരിശോധനകൾക്കു ശേഷം ഖത്തർ താരത്തിന് റെഡ് കാർഡ് നൽകി. ഇതോടെ ഖത്തർ എട്ടു പേരായി ചുരുങ്ങി. കാൽ ഒടിഞ്ഞുപോയതിനാൽ സ്ട്രച്ചറിലാണ് കോനെയെ ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയത്. ഗ്രൗണ്ടിൽവച്ച് കാനഡ– ഖത്തർ താരങ്ങൾ തമ്മിൽ കയ്യാങ്കളിയുണ്ടായി. പകരക്കാരനായി നേഥൻ സലിബ കാനഡയ്ക്കായി കളിക്കാനിറങ്ങി. കാനഡ താരം ഇസ്മായിൽ‍ കോനെയുടെ കാലിനു ഗുരുതര പരുക്കാണു സംഭവിച്ചത്. ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ‍ താരത്തിനു നഷ്ടമായേക്കും.

canada-celebration

62–ാം മിനിറ്റിൽ ഖത്തറിനായി പകരക്കാരനായി ഇറങ്ങിയ അഹമ്മദ് ഫാത്തിയുടെ ഫൗൾ. കാന‍‍ഡയ്ക്ക് അനുകൂലമായ ഫ്രീകിക്ക് എടുത്ത നേഥൻ സാലിബ മനോഹരമായി പന്ത് വലയിലെത്തിക്കുന്നു. സ്കോർ 4–0. 75–ാം മിനിറ്റിൽ കാനഡ താരം ഷാഫെൽബർഗിന്റെ ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ ഖത്തർ താരം മുഹമ്മദ് മനായിക്കു പിഴച്ചത് കാനഡയുടെ അഞ്ചാം ഗോളിനു വഴിയൊരുക്കി. മനായുടെ കാലിൽ തട്ടി വലയിലെത്തിയ പന്ത് സെൽഫ് ഗോളായാണ് അനുവദിച്ചത്. അഞ്ച് ഗോള്‍ വഴങ്ങിയെങ്കിലും രണ്ടു താരങ്ങളെ നഷ്ടമായ ഖത്തർ പ്രതിരോധത്തിലൂന്നിയാണു കളിച്ചത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ കളി പൂർണമായും ഖത്തറിന്റെ ബോക്സിലായിരുന്നു. ഒൻപതു മിനിറ്റാണ് രണ്ടാം പകുതിക്ക് ഇൻജറി ടൈമായി അനുവദിച്ചത്. 90+2 ന് നേഥൻ സാലിബയുടെ അസിസ്റ്റിൽ ജൊനാഥന്‍ ഡേവിഡ് ഹാട്രിക് പൂർത്തിയാക്കി. ഫുൾ ടൈം വിസില്‍ മുഴങ്ങിയതോടെ കാനഡയ്ക്ക് 6–0ന്റെ വിജയം.

English Summary:

Qatar faced a devastating 6-0 nonaccomplishment against Canada, compounded by 2 reddish cards that reduced them to 8 players. The lucifer was dominated by Canada's relentless attack, with Jonathan David scoring a hat-trick and Qatar's defence struggling.

Read Entire Article