‘ആ കാഴ്ച കണ്ട് അന്തംവിട്ടു നിന്നു..’: ലേലത്തിൽ വൈഭവിനു വേണ്ടി മുടക്കാൻ തീരുമാനിച്ചിരുന്ന വമ്പൻ തുക വെളിപ്പെടുത്തി രാജസ്ഥാൻ

1 month ago 8

ഓൺലൈൻ ഡെസ്‌ക്

Published: April 02, 2026 08:08 PM IST Updated: April 02, 2026 08:15 PM IST

1 minute Read

വൈഭവ് സൂര്യവംശി (PTI Photo/Swapan Mahapatra)
വൈഭവ് സൂര്യവംശി (PTI Photo/Swapan Mahapatra)

ജയ്പുർ∙ പതിനഞ്ച് വയസ്സു പൂർത്തിയാകുന്നതിനോടകം തന്നെ ക്രിക്കറ്റിൽ അവിശ്വസനീയമായ ചില റെക്കോർഡുകൾ സ്വന്തമാക്കിയ താരമാണ് ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് സൂര്യവംശി. 2025ലെ ഐപിഎൽ മെഗാ താരലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് താരത്തെ സ്വന്തമാക്കി. ഐപിഎൽ ടീമിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും വൈഭവ് മാറി. എന്നാൽ ഇപ്പോഴിതാ ഒരു വമ്പൻ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ക്രിക്കറ്റ് ഡയറക്ടർ സുബിൻ ബറൂച്ച. ലേലത്തിൽ സൂര്യവംശിക്ക് വേണ്ടി മാത്രം 10 കോടി രൂപ വരെ കരുതിവയ്ക്കാൻ താൻ ഫ്രാഞ്ചൈസിയോട് പറഞ്ഞിരുന്നതായി സുബിൻ ബറൂച്ച പറഞ്ഞു.

സൂര്യവംശിയെക്കുറിച്ചുള്ള തന്റെ ആദ്യ മതിപ്പ് തന്നെ വിസ്മയിപ്പിച്ചെന്നും ബറൂച്ച വെളിപ്പെടുത്തി. ‘‘മഹാരാഷ്ട്രയിൽ നടന്ന ട്രയൽസിൽ ഒരു വലങ്കയ്യൻ ബാറ്റർക്കെതിരെ എറിഞ്ഞ ആദ്യ പന്ത് അകത്തേക്ക് സ്വിങ് ചെയ്തു വന്നു. അതുകൊണ്ട് ഈ ഇടംകയ്യനായ വൈഭവ് സ്ട്രൈക്കിൽ വരുമ്പോൾ, ഓഫ് സ്റ്റംപ് തെറിക്കുമെന്ന് ഞാൻ കരുതി. എന്നാൽ, എക്‌സ്‌ട്രാ കവറിന് മുകളിലൂടെ പന്ത് സിക്‌സറിന് പറത്തി. ഞാൻ എന്താണ് ഈ കാണുന്നത് എന്നായിരുന്നു എന്റെ ചിന്ത. എനിക്ക് അതു വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല.’’– ബറൂച്ച ‘ദ് ക്രിക്കറ്റ് മന്ത്‌ലിയോട്’ പറഞ്ഞു. ഇതോടെ വൈഭവിനെ സോളോ ട്രയൽസിനായി രാജസ്ഥാൻ ക്ഷണിച്ചു. അവിടെയും സൂര്യവംശി മികച്ചപ്രകടനം കാഴ്ചവച്ചു.

‘‘ആദ്യത്തെ കുറച്ച് പന്തുകൾ അവൻ ലീവ് ചെയ്തു. എന്നാൽ പോലും അത് വേറിട്ടുനിന്നു. അവൻ പന്തുകൾ വിട്ടുകളഞ്ഞ രീതി കണ്ടപ്പോൾ പന്തിന് ഒട്ടും പേസില്ലാത്തതുപോലെ തോന്നി. വിക്കറ്റ് കീപ്പർ 30 വാര പിന്നിലാണ് നിന്നിരുന്നത്, എന്നിട്ടും അവൻ അത്ര ആത്മവിശ്വാസത്തോടെ പന്തുകൾ വിട്ടുകൊടുത്തു. ഒരു സൈഡ്‌ആമർ എറിഞ്ഞ വേഗമേറിയ പന്തിനെ വൈഭവ് സൈറ്റ് സ്ക്രീനിന് മുകളിലൂടെ സിക്‌സർ പറത്തി. ഞാൻ പന്തിന്റെ വേഗത ചോദിച്ചപ്പോൾ അത് മണിക്കൂറിൽ 157 കിലോമീറ്റർ ആയിരുന്നു! അത് സാധാരണയല്ല. മികച്ച താരങ്ങൾക്ക് പോലും അത് സാധ്യമല്ല. അത്രയും വേഗതയുള്ള പന്ത് നാലാമത്തെയോ അഞ്ചാമത്തെയോ തവണ നേരിടുമ്പോൾ തന്നെ അങ്ങനെ ചെയ്യുന്നത് കാണുമ്പോഴാണ് ഇയാൾ അതിശയിപ്പിക്കുന്ന പ്രതിഭയാണെന്ന് നിങ്ങൾ തിരിച്ചറിയുന്നത്.’’– ബറൂച്ച വിശദീകരിച്ചു.

യശസ്വി ജയ്‌സ്വാളിനെ രാജസ്ഥാൻ റോയൽസ് ടീമിലെടുക്കുമ്പോൾ അദ്ദേഹം എങ്ങനെയായിരുന്നുവോ, അതിന്റെ ഇരട്ടി മികച്ചവനാണ് സൂര്യവംശി എന്ന് താൻ ടീം മാനേജ്‌മെന്റിനോട് പറഞ്ഞിരുന്നതായും ബറൂച്ച വെളിപ്പെടുത്തി. ‘‘ഞാൻ അവരോട് പറഞ്ഞു, അവൻ ഇപ്പോൾ തന്നെ ജയ്‌സ്വാളിന്റെ ഇരട്ടിയാണ്. അവിശ്വസനീയമായ ഒന്നിനെയാണ് നിങ്ങൾ കാണുന്നത്... അവൻ നമ്മുടെ പടിക്കൽ എത്തിയെന്ന് വിശ്വസിക്കാനാവില്ല. ഈ അവസരം പാഴാക്കരുത്.’’– ബറൂച്ച പറഞ്ഞു. തന്റെ അരങ്ങേറ്റ ഐപിഎൽ സീസണിൽ കേവലം ഏഴ് മത്സരങ്ങളിൽ നിന്ന് 252 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. അതിൽ ഒരു ഇന്ത്യൻ താരത്തിന്റെ വേഗതയേറിയ ഐപിഎൽ സെഞ്ചറിയും ഉൾപ്പെടുന്നു– അതും 14-ാം വയസ്സിൽ. ഐപിഎൽ 2026ലും വൈഭവിന് ഗംഭീര തുടക്കമാണ്. ചെന്നൈയ്ക്കെതിരായ മത്സരത്തിൽ 15 പന്തിലാണ് താരം അർധസെഞ്ചറി നേടിയത്.  

English Summary:

Vaibhav Sooryavanshi, a young prodigy for Rajasthan Royals successful the IPL, has already achieved singular records earlier turning 15. The Rajasthan Royals Director of Cricket, Zubin Bharucha, revealed his immense content successful Sooryavanshi's talent, adjacent stating helium had allocated up to 10 crore rupees for him successful the auction.

Read Entire Article