ആദ്യ 4 മത്സരങ്ങളിൽ 3 തോൽവി, അവസാന 6 മത്സരങ്ങളിലും ജയം; അവിശ്വസനീയമായി ദക്ഷിണാഫ്രിക്കയുടെ മിന്നൽ കുതിപ്പ്, കിരീടം!

1 year ago 27

മനോരമ ലേഖകൻ

Published: June 16 , 2025 09:21 AM IST

1 minute Read

ടെസ്റ്റ് ചാംപ്യൻഷിപ് ട്രോഫിയുമായി ദക്ഷിണാഫ്രിക്കൻ ടീം ലോഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ.
ടെസ്റ്റ് ചാംപ്യൻഷിപ് ട്രോഫിയുമായി ദക്ഷിണാഫ്രിക്കൻ ടീം ലോഡ്സ് സ്റ്റേഡിയത്തിന്റെ ബാൽക്കണിയിൽ.

ഇക്കഴിഞ്ഞ ലോക ടെസ്റ്റ് ചാംപ്യൻഷിപ് സീസണിൽ (2023–2025) ആദ്യ 4 മത്സരങ്ങളിൽ 3 തോൽവിയുമായാണ് ദക്ഷിണാഫ്രിക്കയുടെ തുടക്കം. സീസൺ പാതിവഴി പിന്നിട്ടപ്പോൾ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തായിരുന്നു അവർ. എന്നിട്ടും, അവസാന നിമിഷത്തെ അവിശ്വസനീയ കുതിപ്പിൽ 6 തുടർവിജയങ്ങൾ സ്വന്തമാക്കിയ അവർ ഇന്ത്യയെയും ശ്രീലങ്കയെയും മറികടന്ന് ടെസ്റ്റ് ഫൈനലിനു ടിക്കറ്റെടുത്തു.. ഫൈനലിൽ ആദ്യ 2 ദിനം പിന്നിലായിപ്പോവുകയും ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങുകയും ചെയ്തശേഷം തിരിച്ചടിച്ച് ലോക ജേതാക്കളായി.

സീസണിന്റെ തുടക്കത്തിൽ ആരും വലിയ സാധ്യത കൽപിക്കാതിരുന്ന ദക്ഷിണാഫ്രിക്ക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലേക്കും തുടർന്ന് കിരീടത്തിലേക്കും എത്തിയത് അദ്ഭുതകരമായാണ്.

∙ നാട്ടിലെ കുതിപ്പ്

കരുത്തു കുറഞ്ഞ എതിരാളികളും സ്വന്തം നാട്ടിലെ വിജയങ്ങളുമാണ് ദക്ഷിണാഫ്രിക്കയുടെ കിരീടനേട്ടത്തിൽ നിർണായകമായത്. സീസണിൽ സ്വന്തം നാട്ടിൽ 3 പരമ്പരകളിലായി 6 ടെസ്റ്റുകൾ കളിച്ച ദക്ഷിണാഫ്രിക്ക അതിൽ 5 മത്സരങ്ങൾ വിജയിച്ചു. തോറ്റതു സീസണിന്റെ തുടക്കത്തിൽ കേപ്ടൗണിൽ നടന്ന ഇന്ത്യയ്ക്കെതിരായ മത്സരം മാത്രം.

ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾക്കെതിരെ ഈ സീസണിൽ പരമ്പരകളുണ്ടായിരുന്നില്ല എന്നതും ദക്ഷിണാഫ്രിക്കയ്ക്ക് നേട്ടമായി. 13 ടെസ്റ്റ് മത്സരങ്ങളിൽ 9 വിജയങ്ങൾ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ 3 തോൽവികളിൽ രണ്ടെണ്ണം ന്യൂസീലൻഡിനെതിരെ അവരുടെ നാട്ടിലായിരുന്നു.

∙ ടീം ഗെയിം

കിരീടനഷ്ടങ്ങളുടെ വറുതിക്കാലം അവസാനിപ്പിക്കാൻ ദക്ഷിണാഫ്രിക്കൻ ടീമംഗങ്ങൾ തോളോടു തോൾ ചേർന്നു പോരാടിയ ടെസ്റ്റ് ചാംപ്യൻഷിപ് സീസണായിരുന്നു ഇത്തവണത്തേത്. സീസണിൽ ദക്ഷിണാഫ്രിക്കയുടെ 9 താരങ്ങളാണ് പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയത്. സീസണിലെ 13 മത്സരങ്ങളിൽ നിന്ന് അവരുടെ 8 ബാറ്റർമാർ ചേർന്നു നേടിയത് 15 സെ‍ഞ്ചറികൾ. ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും ടീമിനെ മുന്നിൽനിന്നു നയിച്ച ടെംബ ബവൂമ 13 ഇന്നിങ്സുകളിൽനിന്ന് 59.30 ശരാശരിയിൽ 711 റൺസ് നേടി.

സീസണിൽ മികച്ച ബാറ്റിങ് ശരാശരിയുള്ള ബാറ്റർമാരിൽ രണ്ടാം സ്ഥാനത്താണ് ബവൂമ.  ഡേവിഡ് ബെഡിങ്ങാം (711) എയ്ഡൻ മാർക്രം (708) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങിയപ്പോൾ വിക്കറ്റ് കീപ്പർ കൈൽ വെരേന്ന കുറിച്ചത് 3 സെഞ്ചറികൾ. ഫൈനലിൽ 9 വിക്കറ്റ് വീഴ്ത്തിയ പേസർ കഗീസോ റബാദ ടെസ്റ്റ് സീസണിൽ ഉടനീളം ടീമിന്റെ വിജയങ്ങളിൽ തുറുപ്പുചീട്ടായിരുന്നു. 11 മത്സരങ്ങളിൽനിന്ന് 56 വിക്കറ്റുകളാണ് റബാദയുടെ നേട്ടം. സീസണിലെ 13 മത്സരങ്ങളിൽനിന്ന് ദക്ഷിണാഫ്രിക്കൻ ബോളർമാർ നേടിയ 229 വിക്കറ്റുകളിൽ 161 വിക്കറ്റുകളും പേസർമാരുടെ സംഭാവനയാണ്.

English Summary:

From Defeat to Glory: South Africa's Unbelievable Comeback

Read Entire Article