ഫിഫ ലോകകപ്പ് പോരാട്ടങ്ങൾക്കു വിജയത്തോടെ തുടക്കമിടാമെന്ന ബൽജിയത്തിന്റെ മോഹങ്ങൾക്ക് അപ്രതീക്ഷിത തിരിച്ചടിയായി ഈജിപ്തിന്റെ സമനിലക്കുരുക്ക്. മത്സരത്തിന്റെ 20–ാം മിനിറ്റിൽ ഇമാം അഷൂറിലൂടെ മുന്നിലെത്തിയ ഈജിപ്തിനെതിരെ, രണ്ടാം പകുതിയിലെ സെൽഫ് ഗോളാണ് ബൽജിയത്തിന് കഷ്ടിച്ച് സമനില നേടിക്കൊടുത്തത്. മത്സരത്തിന്റെ ഇരു പകുതികളിലും ബൽജിയത്തിന് ഒപ്പത്തിനൊപ്പം നിന്നു പൊരുതിയ ഈജിപ്ത് ബോൾ പൊസഷനിൽ 47 ശതമാനം സ്വന്തമാക്കി. ബൽജിയം 15 ഗോളവസരങ്ങൾ സൃഷ്ടിച്ചപ്പോൾ, ഈജിപ്ത് 14 ഗോളവസരങ്ങളും നാല് ഓൺടാർഗറ്റ് ഷോട്ടുകളും അടിച്ചു. മത്സരത്തിന്റെ എല്ലാ മേഖലകളിലും കരുത്തരായ ബൽജിയത്തോടു കിടപിടിക്കുന്നതായിരുന്നു ഈജിപ്തിന്റെ കളി. സൂപ്പർ താരം മുഹമ്മദ് സലായെ രണ്ടാം പകുതിയിൽ പിൻവലിച്ചെങ്കിലും അവസാന മിനിറ്റുവരെ മത്സരത്തിൽ ലീഡെടുക്കാൻ ഈജിപ്ത് പൊരുതിക്കളിച്ചു.
What you should work next
ഈജിപ്തിന്റെ ആദ്യപകുതി, ഓൺ ടാർഗറ്റ് ഷോട്ടില്ലാതെ ബൽജിയം
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ചാൾസ് ഡെ കറ്റാലരെ ബൽജിയത്തിനു വേണ്ടിയും മുഹമ്മദ് സലായും ഒമർ മർമൗഷും ഈജിപ്തിനു വേണ്ടിയും തുടർച്ചയായി മുന്നേറ്റങ്ങൾ സൃഷ്ടിച്ചു. മത്സരത്തിന്റെ 13–ാം മിനിറ്റിൽ ബൽജിയം താരം നേഥൻ എൻഗോയിയെ ഫൗൾ ചെയ്തതിന് ഈജിപ്ത് താരം മറവൻ അറ്റിയയ്ക്ക് യെല്ലോ കാർഡ് ലഭിച്ചു. പിന്നാലെ മുഹമ്മദ് സലായെ വീഴ്ത്തിയ തിമോത്തി കാസ്റ്റഗ്നെയും യെല്ലോ കാർഡ് കണ്ടു. കാര്യമായ ഗോൾ നീക്കങ്ങളൊന്നും ഇല്ലാതിരിക്കെയാണ് അപ്രതീക്ഷിതമായി ഈജിപ്ത് മത്സരത്തിൽ ലീഡ് പിടിക്കുന്നത്. 19–ാം മിനിറ്റിൽ മുഹമ്മസ് സലാ നൽകിയ ക്രോസിൽ പെനാൽറ്റി ആർക്കിൽനിന്ന് ഇമാം അഷൗര്‍ പോസ്റ്റിലേക്കു ലക്ഷ്യമിടുകയായിരുന്നു. ഒരു രാജ്യാന്തര മത്സരത്തിൽ 28 വയസ്സുകാരൻ താരത്തിന്റെ ആദ്യ ഗോളാണിത്. പന്തു തടുക്കാനായി ബൽജിയം ഗോളി തിബൗത്ത് കോർട്ടിസ് ഡൈവ് ചെയ്തെങ്കിലും ശ്രമം പാഴായി. സ്കോർ 1–0.
ഗോൾ വഴങ്ങിയതോടെ ഈജിപ്ത് ഗോൾ മുഖത്തേക്ക് ബൽജിയം തുടർച്ചയായി ആക്രമണങ്ങൾ നയിച്ചു. 33–ാം മിനിറ്റിൽ മുസ്തഫ സീക്കോ ഈജിപ്തിനായി ലക്ഷ്യം കാണാൻ ശ്രമിച്ചെങ്കിലും ബൽജിയം ഗോൾ കീപ്പർ ഡൈവ് ചെയ്ത് പന്തു രക്ഷപെടുത്തി. മത്സരം 40 മിനിറ്റുകൾ പിന്നിട്ടതോടെ ഈജിപ്ത് ബോക്സിലേക്ക് തുടർച്ചയായി പന്തെത്തുന്നുണ്ടായിരുന്നു. അതേസമയം ഈജിപ്തിന്റെ പ്രത്യാക്രമണങ്ങൾ ഏറക്കുറെ പൂര്‍ണമായും സൂപ്പർ താരം മുഹമ്മദ് സലാ വഴിയായിരുന്നു.ഈജിപ്ത് ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനു ശേഷം ബല്‍ജിയം താരം ചാൾസ് ഡെ കറ്റാലരെ നൽകിയ പാസിൽ ഡോകുവിന്റെ ഷോട്ട്. ആദ്യ പകുതിയിൽ ബൽജിയത്തിന്റെ ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. എന്നാൽ ലക്ഷ്യത്തിലെത്താതെ പോയി. പിന്നാലെ ബൽജിയം പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത ഈജിപ്ത് താരം ഒമർ മര്‍മൗഷ് പന്തുമായി കുതിച്ചെങ്കിലും ഷോട്ട് ഗോളി തിബൗട്ട് കോർട്ടോയ്സ് പ്രതിരോധിച്ചു. ആദ്യ പകുതിയിലെ അഞ്ച് മിനിറ്റ് അധികസമയവും അവസാനിച്ചതോടെ ഈജിപ്ത് 1–0ന് മുന്നിൽ. ആദ്യ പകുതിയിൽ ഒരു ഓൺ ടാർഗറ്റ് ഷോട്ടും നേടാൻ കഴിയാതിരുന്നത് ബൽജിയൻ മുന്നേറ്റനിരയെ നാണക്കേടിലാക്കി.
ലുക്കാക്കു വന്നു, ഗോളും വന്നു
രണ്ടാം പകുതിയിലും ഈജിപ്തിന്റെ മുന്നേറ്റങ്ങളോടെയായിരുന്നു മത്സരത്തിന്റെ തുടക്കം. മുസ്തഫ സീക്കോയും മർമൗഷും ഗോൾ നീക്കങ്ങൾ നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. 53–ാം മിനിറ്റിൽ ബൽജിയത്തിനു ലഭിച്ച ഫ്രീകിക്കിൽ കെവിൻ ഡി ബ്രുയ്നെ എടുത്ത കിക്ക് പോസ്റ്റിൽ തട്ടിത്തെറിച്ചു. 55–ാം മിനിറ്റിൽ ബൽജിയം ബോക്സിൽനിന്ന് മുഹമ്മദ് സലായുടെ തകർപ്പനൊരു ഹെഡർ ബല്‍ജിയം ഗോൾ കീപ്പർ പാടുപെട്ടാണു രക്ഷപെടുത്തിയത്. 60–ാം മിനിറ്റിൽ ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് കുതിച്ച ഈജിപ്ഷ്യൻ താരം ഒമർ മർമൗഷ് രണ്ടാം ഗോൾ നേടുമെന്നു തോന്നിച്ചതാണ്. എന്നാൽ ഗോൾ കീപ്പർ മാത്രം മുന്നിൽനിൽക്കെ മർമൗഷിന്റെ ഷോട്ട് വൈഡായി പുറത്തേക്കു പോയി. പിന്നാലെ കെവിൻ ഡിബ്രുയ്നെയുടെ കോർണറിൽനിന്ന്, പന്തു ലഭിച്ച ബൽജിയം താരം ടിയലമാൻസ് തകർപ്പനൊരു വോളിക്കു ശ്രമിച്ചെങ്കിലും പോസ്റ്റിന്റെ ഒരു ഭാഗത്തുകൂടെ പന്തു പുറത്തേക്കു പോയി. 64–ാം മിനിറ്റിൽ മർമൗഷിന്റെ മികച്ചൊരു ഷോട്ട് ബൽജിയം പ്രതിരോധ താരത്തിൽ തട്ടിത്തെറിച്ചു. അപകടം മണത്തതോടെ ടീമിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ബൽജിയം തീരുമാനിച്ചു.
66–ാം മിനിറ്റിൽ ബൽജിയം സീനിയർ താരം റൊമേലു ലുക്കാക്കുവിനെ കളത്തിലിറക്കി. സെക്കൻഡുകൾക്കുള്ളിൽ ബൽജിയം സമനില ഗോൾ കണ്ടെത്തി. തോമസ് മ്യൂനിയർ നൽകിയ ക്രോസിൽ പന്തെടുക്കാനായി റൊമേലു ലുക്കാക്കു മുന്നിലേക്ക്. താരത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹാനിയുടെ കാലിൽ തട്ടി പന്ത് വലയിലെത്തി. സ്കോർ 1–1. ഗ്രൗണ്ടിൽ ഇറങ്ങി 22–ാം സെക്കൻഡിലെ ഗോൾ ലുക്കാക്കുവിന്റെ പേരിൽ അല്ലെങ്കിലും, താരത്തിന്റെ ‘ഇംപാക്ടിലാണ്’ പിറന്നത്. 2026 ലോകകപ്പിലെ മൂന്നാമത്തെ സെൽഫ് ഗോളാണിത്. രണ്ടാം പകുതിയിൽ സൂപ്പർ താരം മുഹമ്മദ് സലായെ പിൻവലിച്ച ഈജിപ്ത് ഹംസ അബ്ദുൽകരിമിനെ പകരക്കാരനായി ഇറക്കി. 85 മിനിറ്റുകൾ പിന്നിട്ടപ്പോൾ ബൽജിയം സൂപ്പർ താരങ്ങളായ കെവിൻ ഡിബ്രുയ്നയെയും ഡോകുവിനെയും തിരികെ വിളിച്ചു. 86–ാം മിനിറ്റിൽ പെനാൽറ്റി ബോക്സിലേക്കു ലഭിച്ച പന്തിൽ ഹെഡ് ചെയ്ത് ഗോൾ നേടാൻ ലുക്കാക്കു ശ്രമിച്ചെങ്കിലും പന്ത് പോസ്റ്റിനു ഭീഷണിയാകാതെ പുറത്തേക്കാണു പോയത്. 90–ാം മിനിറ്റുകളിൽ ബൽജിയത്തിന്റെ പെനാൽറ്റി ഏരിയയിലേക്ക് ഇരച്ചുകയറാനുള്ള ഈജിപ്തിന്റെ ശ്രമങ്ങൾക്കാണു ഗ്രൗണ്ട് സാക്ഷ്യം വഹിച്ചത്. നിശ്ചിത സമയത്തിനു തൊട്ടുമുൻപ് ഈജിപ്ഷ്യൻ താരം ഒമർ മർമൗഷിനെ ബൽജിയം പ്രതിരോധ താരം പെനാൽറ്റി ഏരിയയ്ക്കുള്ളില്‍വച്ച് ഫൗൾ ചെയ്തു വീഴ്ത്തിയെങ്കിലും, റഫറി പെനാൽറ്റി അനുവദിച്ചില്ല. അധികസമയമായി അനുവദിച്ച അഞ്ച് മിനിറ്റിലും ലീഡ് പിടിക്കാൻ ബൽജിയവും ഈജിപ്തും പൊരുതി നോക്കിയെങ്കിലും സ്കോർ 1–1ൽ തന്നെ അവസാനിച്ചു.
English Summary:






English (US) ·