കൊളംബിയ തുടങ്ങി, ഉസ്ബെക്കിസ്ഥാന് ‘ഇൻജറി’; അരങ്ങേറ്റക്കാർക്കെതിരെ ജയം 3–1ന്

5 hours ago 3

ഓൺലൈൻ ഡെസ്‌ക്

Published: June 18, 2026 09:50 AM IST

1 minute Read

ഫിഫ ലോകകപ്പിൽ ഉസ്ബെക്കിസ്ഥാൻ – കൊളംബിയ മത്സരത്തിൽനിന്ന്.  (Photo by Alfredo ESTRELLA / AFP)
ഫിഫ ലോകകപ്പിൽ ഉസ്ബെക്കിസ്ഥാൻ – കൊളംബിയ മത്സരത്തിൽനിന്ന്. (Photo by Alfredo ESTRELLA / AFP)

മെക്സിക്കോ സിറ്റി ∙ ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പുതുമുഖങ്ങളായ ഉസ്ബെക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ലോകകപ്പ് തേരോട്ടം തുടങ്ങി കൊളംബിയ. മെക്സിക്കോ സിറ്റിയിലെ ആസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഡാനിയേൽ മുനോസ് (40'), ലൂയിസ് ഡയസ് (65'), ജാമിന്റൺ കാമ്പാസ് (90+9') എന്നിവർ കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ, അബ്ബോസ്ബെക്ക് ഫയ്സുല്ലായേവിലൂടെ (60') ഉസ്ബെക്കിസ്ഥാൻ ലോകകപ്പ് ചരിത്രത്തിൽ ടീമിന്റെ ആദ്യ ഗോൾ നേടി. ഉസ്ബെക്കിസ്ഥാന്റെ ആദ്യ ലോകകപ്പാണ് ഇത്.

What you should work next

മത്സരം തുടങ്ങിയതുമുതൽ പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയ വ്യക്തമായ മേധാവിത്വം പുലർത്തി. സൂപ്പർ താരം ജെയിംസ് റോഡ്രിഗസ് മധ്യനിരയിൽ കളി നിയന്ത്രിച്ചപ്പോൾ ഉസ്ബെക്കിസ്ഥാൻ പ്രതിരോധത്തിലായി. 40–ാം മിനിറ്റിൽ കൊളംബിയ ലീഡ് എടുത്തു. ഗുസ്താവോ പ്യൂർട്ട നൽകിയ മികച്ച അസിസ്റ്റിൽ നിന്ന് ഡിഫെൻഡറായ ഡാനിയേൽ മുനോസ് ആണ് ടീമിന്റെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി (1–0) എന്ന സ്കോറിൽ അവസാനിച്ചു.

രണ്ടാം പകുതിയിൽ രണ്ട് പകരക്കാരെ ഇറക്കി ഉസ്ബെക്കിസ്ഥാൻ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. 60-ാം മിനിറ്റിൽ അവർ സമനില ഗോൾ കണ്ടെത്തി. ഉസ്ബെക്ക് നായകൻ എൽദോർ ഷൊമുറോദോവ് തൊടുത്ത ഒരു തകർപ്പൻ വോളി കൊളംബിയൻ ഗോൾകീപ്പർ കാമിലോ വർഗാസിന് പൂർണമായി തടുക്കാനായില്ല. റീബൗണ്ട് ചെയ്തുവന്ന പന്ത് ബോക്സിനുള്ളിൽ കാത്തുനിന്ന അബ്ബോസ്ബെക്ക് ഫയ്സുല്ലായേവ് ഹെഡ്ഡറിലൂടെ വലയിലാക്കുകായിരുന്നു. ഉസ്ബെക്കിസ്ഥാന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ.

സമനില വഴങ്ങിയതോടെ കൊളംബിയ കളിയിലെ വേഗത കൂട്ടി. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ അഞ്ച് മിനിറ്റിനുള്ളിൽ ലീഡ് തിരിച്ചുപിടിക്കുകയും ചെയ്തു. 65–ാം മിനിറ്റിൽ കൊളംബിയയുടെ സൂപ്പർ ഫോർവേഡ് ലൂയിസ് ഡയസ് ടീമിനെ വീണ്ടും മുന്നിലെത്തിച്ചു. ഇതിനുശേഷവും മുന്നേറ്റം തുടർന്ന കൊളംബിയെ മത്സരത്തിന്റെ അവസാന നിമിഷത്തിലാണ് മൂന്നാം ഗോൾ നേടിയത്. ഇൻജറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ ജാമിന്റൺ കാമ്പാസാണ് ഉസ്ബെക്കിസ്ഥാൻ ഗോൾ വല മൂന്നാമതും കുലുക്കിയത്. കുച്ചോ ഹെർണാണ്ടസ് ആണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ 3 ഗോളുമായി കൊളംബിയയുടെ വിജയം, ഒപ്പം മൂന്നു പോയിന്റും.  

English Summary:

FIFA World Cup 2026: Uzbekistan vs Colombia LIVE Score

Read Entire Article