Published: June 02, 2026 05:45 PM IST Updated: June 02, 2026 06:46 PM IST
2 minute Read
പടനയിക്കാൻ രാജാവുണ്ടെങ്കിലും സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാൻ ഉശിരുള്ള പടയാളികൾ ആവശ്യമാണെന്ന അടിസ്ഥാന യുദ്ധതന്ത്രം മനസ്സിലാക്കാൻ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഏറെക്കാലമെടുത്തു. വിരാട് കോലിയെന്ന വൻമരത്തിന്റെ തണലിൽ മൂന്നോ നാലോ സൂപ്പർ താരങ്ങളെ നിരത്തിയാൽ കപ്പുയർത്താമെന്ന വ്യാമോഹം ഉപേക്ഷിച്ചതിന്റെ ഫലംകൂടിയാണ് തുടർച്ചയായ രണ്ടാം സീസണിലും അവർ നേടിയെടുത്ത ഐപിഎൽ കിരീടം. രാജാവായി കോലി വാഴുമ്പോൾ തന്നെ പടനായകനായി രജത് പാട്ടിദാറിനെ നിയമിക്കാനും മിടുക്കരായ പടയാളികളെ പാളയത്തിൽ എത്തിക്കാനും ബെംഗളൂരുവിനു സാധിച്ചു. ഐപിഎലിൽ കിരീടം നിലനിർത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടത്തിലേക്കു ബെംഗളൂരുവിനെ എത്തിച്ച പഞ്ചതന്ത്രങ്ങൾ ഇതാ...
∙ ക്യാപ്റ്റൻ കൂൾ2022ൽ ഇൻജറി റീപ്ലേസ്മെന്റായി ടീമിലെത്തിയ രജത് പാട്ടിദാറിനെ 2025 സീസണിൽ ക്യാപ്റ്റനാക്കാൻ ബെംഗളൂരു തീരുമാനിച്ചപ്പോൾ ക്രിക്കറ്റ് പണ്ഡിതർ പലരും നെറ്റിചുളിച്ചു. എന്നാൽ തുടർച്ചയായി രണ്ടു സീസണുകളിലും കിരീടം നേടിയാണ് പാട്ടിദാർ അവർക്കു മറുപടി നൽകിയത്. ഗ്രൗണ്ടിലെ ശാന്തസ്വഭാവമാണ് പാട്ടിദാറിന്റെ ഏറ്റവും വലിയ പ്രത്യേകത. ബോളർമാരുടെ ഗെയിം പ്ലാനുകൾക്ക് ഉറച്ച പിന്തുണ നൽകുന്ന പാട്ടിദാർ, മത്സരത്തിന്റെ ഒരു ഘട്ടത്തിൽപോലും ടീമിനെ പ്രതിരോധത്തിലേക്കു വലിയാൻ അനുവദിക്കാറില്ല. മധ്യനിരയിൽ ഒരു പവർ ഹിറ്ററുടെ കുറവ് ടീം നേരിട്ടപ്പോൾ, ആ റോൾ സ്വയം ഏറ്റെടുത്തും തിളങ്ങി.
∙ കോലി ഫാക്ടർഐപിഎൽ തുടങ്ങി 19 സീസണുകൾ പിന്നിടുമ്പോഴും വിരാട് കോലിയിൽ ചാരിത്തന്നെയാണ് ബെംഗളൂരുവിന്റെ ബാറ്റിങ് ഗെയിം പ്ലാൻ മുന്നോട്ടുപോകുന്നത്. സീസണിൽ, ആദ്യ 6 ഓവറിനിടെ കോലി പുറത്താകാതിരുന്ന 9 മത്സരങ്ങളിലും ബെംഗളൂരു ജയിച്ചു. പവർപ്ലേയ്ക്കുള്ളിൽ കോലി പുറത്തായ 5 മത്സരങ്ങളിലും ടീം തോറ്റു. ഇന്നിങ്സ് ആങ്കർ ചെയ്യാനുള്ള കോലിയുടെ മികവാണ് ഫൈനലിൽ ഉൾപ്പെടെ ടീമിനെ വിജയത്തിലെത്തിച്ചത്. 16 മത്സരങ്ങളിൽനിന്ന് 675 റൺസുമായി ടീമിനെ മുന്നിൽനിന്നു നയിച്ച കോലി, സ്ട്രൈക്ക് റേറ്റിന്റെ പേരിലുള്ള വിമർശനങ്ങൾക്കും ഇത്തവണ മറുപടി നൽകി. വൈഭവ് സൂര്യവംശി കഴിഞ്ഞാൽ (237.31) ടോപ് 5 ബാറ്റർമാരിൽ ഏറ്റവും കൂടുതൽ സ്ട്രൈക്ക് റേറ്റുള്ള ബാറ്റർ കോലിയാണ് (165.85). കോലി സ്വയം തേച്ചുമിനുക്കിയപ്പോൾ ആ തിളക്കം ടീമിനും ലഭിച്ചു.
∙ പെർഫക്ട് പ്ലാൻ2025 സീസണിനു മുൻപുള്ള മെഗാ ലേലമായിരുന്നു ഫ്ലവർ– ദിനേശ്– ബൊബാറ്റ് ത്രയത്തിനു മുന്നിലുള്ള ആദ്യ വെല്ലുവിളി. പതിവിനു വിപരീതമായി, സൂപ്പർ താരങ്ങൾക്കു പിന്നാലെ പോകാതെ ടീമിലെ പ്രധാന വിടവുകൾ നികത്താനുള്ള താരങ്ങളെയാണ് ലേലത്തിൽ ബെംഗളൂരു അന്വേഷിച്ചത്. പവർ ഹിറ്ററായ ഒരു വിദേശ ഓപ്പണറായിരുന്നു ആദ്യം വേണ്ടത്. ഇംഗ്ലണ്ടുകാരൻ ഫിൽ സോൾട്ട് ആ റോളിലേക്കെത്തി. ദുർബലമായ പേസ് നിര മെച്ചപ്പെടുത്താൻ ഭുവനേശ്വർ കുമാറിനെയും ജോഷ് ഹെയ്സൽവുഡിനെയും സ്വന്തമാക്കി. ബാക്കപ് പേസറുടെ റോളിലേക്ക് ആഭ്യന്തര താരം റാസിഖ് ദറിനെ കൊണ്ടുവന്നു. സ്പിൻ ഓൾറൗണ്ടറായി ക്രുനാൽ പാണ്ഡ്യയെ കൂടി എത്തിച്ചതോടെ ബാലൻസ് ഉറപ്പാക്കാൻ ബെംഗളൂരുവിനു സാധിച്ചു. കഴിഞ്ഞ വർഷം നടന്ന മിനി ലേലത്തിൽ ലഭിച്ച താരങ്ങളെല്ലാം ബെംഗളൂരുവിന് ബോണസായിരുന്നു.
∙ ദ് തിങ്ക് ടാങ്ക്2024 സീസണിൽ എലിമിനേറ്ററിൽ പുറത്തായതിനു പിന്നാലെ ബെംഗളൂരു ടീം തങ്ങളുടെ സപ്പോർട്ടിങ് സ്റ്റാഫിൽ കാര്യമായ പൊളിച്ചെഴുത്ത് നടത്തി. ഹെഡ് കോച്ച് ആൻഡി ഫ്ലവറിനെ നിലനിർത്തിയെങ്കിലും ബാറ്റിങ് കോച്ചായി ദിനേശ് കാർത്തിക്കിനെ കൊണ്ടുവന്നു. ടീമിന്റെ മെന്റർ റോളും മുൻതാരമായ ദിനേശ് കാർത്തിക്കിനു നൽകി. ടീമിന്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റായ മുഹമ്മദ് ബൊബാറ്റിനെ പെർഫോമൻസ് പ്ലാനിങ്, സ്കൗട്ടിങ്, ഓക്‌ഷൻ സ്ട്രാറ്റജി മേക്കർ തുടങ്ങിയ ചുമലതകൾകൂടി ഏൽപിച്ചു. ഇവർ 3 പേരും ചേർന്നാണ് 2025ലേക്കുള്ള ടീമിനെ ഉടച്ചുവാർത്തത്
∙ ത്രീഡി ക്രുനാൽബോളിങ്ങിലും ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കുന്ന ത്രീഡി താരമായാണ് ക്രുനാൽ പാണ്ഡ്യയെ ബെംഗളൂരു അവതരിപ്പിച്ചത്. കഴിഞ്ഞ സീസണിൽ ഫൈനലിലെ താരമായിരുന്ന ഇടംകൈ സ്പിന്നർ, ഈ സീസണിൽ 9 ഇന്നിങ്സുകളിൽനിന്ന് 37.66 ശരാശരിയിൽ നേടിയത് 226 റൺസും 8.42 ഇക്കോണമിയിൽ 14 വിക്കറ്റും നേടി. ഏറെക്കാലമായി ടീം മിസ് ചെയ്ത സ്പിൻ ബോളിങ് ഓൾറൗണ്ടർ ഒഴിവ് ക്രുനാലിന്റെ വരവോടെ നികത്താൻ ബെംഗളൂരുവിന് സാധിച്ചു.
English Summary:





English (US) ·