ബെംഗളൂരു ∙ ഐപിഎലിന്റെ ‘മണി പവർ’ ഒന്നുകൂടി ഊട്ടിയുറപ്പിച്ച ഇടപാടിലൂടെയാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) അദിത്യ ബിർള ഗ്രൂപ്പ് നേതൃത്വം നൽകുന്ന കൺസോർഷ്യം ഏറ്റെടുത്തത്. നിലവിലെ ചാംപ്യന്മാരായ ആർസിബിയെ 16, 706 കോടി രൂപയ്ക്കാണ് ആദിത്യ ബിർള, ടൈംസ് ഓഫ് ഇന്ത്യ എന്നിവർക്കൊപ്പം ബോൾട്ട് വെഞ്ചേഴ്സ്, യുഎസ് കമ്പനിയായ ബ്ലാക് സ്റ്റോൺ എന്നിവരുൾപ്പെട്ട കൺസോർഷ്യം സ്വന്തമാക്കിയത്. ആര്യമാൻ വിക്രം ബിർളയാണ് ടീമിന്റെ പുതിയ ചെയർമാൻ. 2008ൽ 450 കോടി രൂപ മൂല്യമുണ്ടായിരുന്ന ടീമിനെയാണ് 19 വർഷങ്ങൾക്കു ശേഷം 16, 706 കോടി രൂപയ്ക്ക് ആദിത്യ ഗ്രൂപ്പ് സ്വന്തമാക്കുന്നത്. എന്നാൽ ആ ഏറ്റെടുക്കലിനു പിന്നാലെ ‘മൂല്യം’ വർധിച്ച മറ്റൊരാൾ കൂടിയുണ്ട്. അനന്യ ബിർള. ആർസിബിയുടെ പുതിയ ചെർമാനായ ആര്യമാൻ വിക്രം ബിർളയുടെ മൂത്ത സഹോദരിയും ബിർള ഗ്രൂപ്പിന്റെ ഇപ്പോഴത്തെ മേധാവിയായ ശതകോടീശ്വരൻ കുമാർ മംഗളം ബിർളയുടെ മകളുമാണ് അനന്യ ബിർള.
ബിർള ഗ്രൂപ്പ് ആർസിബി ഏറ്റെടുത്തതിനു പിന്നാലെ ആര്യമാനൊപ്പം അനന്യയുടെ പേരും സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി. ഒപ്പം അനന്യയുടെ ചിത്രങ്ങളുള്ള പോസ്റ്റുകളും റീലുകളും സൈബർ ലോകത്ത് തരംഗമായി. ഇൻസറ്റഗ്രാമിൽ അനന്യയുടെ ഫോളോവേഴ്സിന്റെ എണ്ണം ഒറ്റയടിക്ക് 1.8 മില്യനിലെത്തി. ആർസിബി ഏറ്റെടുക്കലിനു മുൻപ് വെറും 500k അടുത്ത് മാത്രം ഫോളോവേഴ്സിന്റെ എണ്ണമാണ് കുതിച്ചുകയറിയത്. ടീമിന്റെ ‘ഗ്ലാം ഗേൾ’ ആയി അനന്യയെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞെന്നാണ് സമൂഹമാധ്യമത്തിലെ പ്രതികരണങ്ങളിൽനിന്നു മനസ്സിലാക്കുന്നത്. ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് അനന്യയും രംഗത്തെത്തി. ‘എല്ലാ സ്നേഹത്തിനും നന്ദി, ആർസിബി ആരാധകരാണ് ഏറ്റവും മികച്ച. നമ്മുക്ക് തുടങ്ങാം.’’– അനന്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.
∙ ആരാണ് അനന്യ ബിർള?അനന്യ ആർസിബിയുടെ ഉടമസ്ഥാവകാശവുമായോ മാനേജ്‌മെന്റുമായോ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും, ആർസിബിയുടെ ഏറ്റെടക്കലിൽ അനന്യ നിർണായക പങ്കുവഹിച്ചതായാണ് റിപ്പോർട്ട്. 1994ൽ മുംബൈയിൽ ജനിച്ച അനന്യ, അമേരിക്കൻ സ്കൂൾ ഓഫ് ബോംബെയിലും പിന്നീട് ഓക്സ്ഫോർഡ് സർവകലാശാലയിലും പഠിച്ചു, അവിടെ സാമ്പത്തിക ശാസ്ത്രത്തിലും മാനേജ്മെന്റിലും വൈദഗ്ദ്ധ്യം നേടി. 17-ാം വയസ്സിൽ ‘സ്വതന്ത്ര മൈക്രോഫിൻ’ സ്ഥാപിച്ചുകൊണ്ട് അനന്യ തന്റെ സംരംഭകത്വ യാത്രയ്ക്കു തുടക്കം കുറിച്ചു. ഗ്രാമീണ സ്ത്രീകൾക്ക് ചെറിയ വായ്പകൾ നൽകുകയായിരുന്നു കമ്പനിയുടെ ലക്ഷ്യം. പിന്നീട് ഡിജിറ്റൽ, കൺസ്യൂമർ ബിസിനസ്സുകളിലേക്കും വ്യാപിച്ചു.
സ്വതന്ത്ര സംരംഭങ്ങൾക്ക് പുറമെ ബിർള ബിസിനസ് സാമ്രാജ്യത്തിലും അനന്യ പങ്കാളിയാണ്. ഗ്രാസിം ഇൻഡസ്ട്രീസ്, ആദിത്യ ബിർള ഫാഷൻ ആൻഡ് റീട്ടെയിൽ തുടങ്ങിയ കമ്പനികളുടെ ബോർഡുകളിൽ അനന്യ അംഗമാണ്. ബിസിനസ്സിന് പുറമെ, രാജ്യാന്തര അറിയപ്പെടുന്ന ഒരു പോപ്പ് ഗായിക കൂടിയാണ് അനന്യ. ഗാനങ്ങൾക്ക് ദശലക്ഷക്കണക്കിന് സ്ട്രീമുകൾ ലഭിക്കുന്ന അനന്യയ്ക്ക് ആഗോളതലത്തിലും ഒട്ടേറെ ആരാധകരുണ്ട്. ‘എംപവർ’ എന്ന സംഘടനയിലൂടെ മാനസികാരോഗ്യത്തിന്റെ പ്രധാനത്തെക്കുറിച്ചും അനന്യ അവബോധം നൽകുന്നു.
∙ അനന്യ എങ്ങനെ ട്രെൻഡിങ്ങായി?ആർസിബിയെ ആദിത്യ ബിർള ഗ്രൂപ്പ് ഏറ്റടുത്തതിനു പിന്നാലെയാണ് അനന്യയും സൈബർ ലോകത്ത് ട്രെൻഡിങ്ങായത്. മാനേജ്മെന്റുമായി നേരിട്ട് ബന്ധമില്ലെങ്കിലും ആർസിബി ജഴ്സിയിലുള്ള അനന്യയുടെ ഒരു മുൻ വിഡിയോ വീണ്ടും വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിന്നാലെ ആർസിബി ആരാധകരടക്കം കൂട്ടമായി അനന്യയെ ഫോളോ ചെയ്തതോടെ ഇൻസ്റ്റഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുകയറി.
ഐപിഎലിലെ മറ്റൊരു ടീമായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഉടമയായ കാവ്യ മാരനുമായി താരത്യമ്യപ്പെടുത്തിയും പോസ്റ്റുകൾ നിറഞ്ഞു. സൺറൈസേഴ്സിന്റെ മത്സരങ്ങളില സ്ഥിരംസാന്നിധ്യമായ കാവ്യ, അഴക് കൊണ്ടും ആറ്റിറ്റ്യൂഡ് കൊണ്ടും പലപ്പോഴും ശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട്. ആർസിബിയുടെ മത്സരങ്ങളിൽ ഇനി അനന്യയുടെ സ്ഥിരം സാന്നിധ്യമുണ്ടാകുമെന്നാണ് ആരാധകർ കരുതുന്നത്. അടുത്ത സീസൺ മുതലാണ് ആദിത്യ ബിർള ഗ്രൂപ്പ് ഔദ്യോഗികമായി ആർസിബി ഏറ്റെടുക്കുന്നത്. അതിനാൽ ഈ സീസണിൽ, അനന്യയുടെ സാന്നിധ്യമുണ്ടാകാൻ സാധ്യതയില്ല.
∙ ഗില്ലുമായി എന്തു ബന്ധം?ആർസിബി ഏറ്റെടുക്കലിനു പുറമെ ഐപിഎൽ 2026ന്റെ പ്രചാരണ പരിപാടിക്കിടെ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്തും അനന്യയെ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമാക്കി. പരിപാടിക്കിടെ ഗിൽ ഒപ്പിട്ട ഒരു ജഴ്‌സി അനന്യയ്ക്കു സമ്മാനിച്ചു. ഇത് ആരാധകരുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിക്കുകയും സൈബർ ലോകത്ത് വലിയ ഓളം സൃഷ്ടിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് മീമുകളുടെയും തമാശ കലർന്ന പോസ്റ്റുകളുടെയും ഒരു പ്രവാഹം തന്നെ ഉണ്ടായി.
ഇരുവരും തമ്മിലുള്ള സൗഹൃദത്തെ പെരുപ്പിച്ചു കാട്ടിക്കൊണ്ടായിരുന്നു പല മീമുകളും. എന്നാൽ ഏറ്റവും മികച്ച ചില മീമുകൾ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു കൊണ്ടാണ് അനന്യ ഇതിനു മറുപടി നൽകിയത്. ചെയ്തു. ഇത്തരം മീമുകൾ സൃഷ്ടിക്കുന്നതിലെ ബുദ്ധി വൈഭവം തന്നെ അത്ഭുതപ്പെടുത്തിയെന്നും എന്നാൽ താൻ ഗുജറാത്ത് ടൈറ്റൻസ് ഉടമയല്ലെന്നും പ്രിൻസിപ്പൽ പാർട്ണർ മാത്രമാണെന്നും അനന്യ വിശദീകരിച്ചു.
26 സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പ്രിൻസിപ്പൽ സ്പോൺസറായാണ് ബിർള എസ്റ്റേറ്റ്‌സ് കരാറൊപ്പിട്ടത്. ഡ്രീം 11നു പകരമാണ് ബിർള എസ്റ്റേറ്റ്‌സ് ഈ സ്ഥാനത്തേക്ക് എത്തിയത്. ഇതുപ്രകാരം ടീമിന്റെ ജഴ്‌സിയുടെ മുൻഭാഗത്ത് ബിർള എസ്റ്റേറ്റ്‌സിന്റെ ലോഗോ ഉണ്ടാകും. ആദിത്യ ബിർള ഗ്രൂപ്പ് ആർസിബിയെ ഏറ്റെടുത്ത സമയത്താണ്, ബിർള ഗ്രൂപ്പിന്റെ തന്നെ റിയൽ എസ്റ്റേറ്റ് വിഭാഗമായ ബിർള എസ്റ്റേറ്റ്‌സ് മറ്റൊരു ടീമായ ഗുജറാത്ത് ടൈറ്റൻസിനെ സ്പോൺസർ ചെയ്യുന്നത്. 2027 സീസൺ മുതലാണ് ആദിത്യ ബിർള ഗ്രൂപ്പ് ആർസിബിയുടെ ഔദ്യോഗിക ഉടമസ്ഥരാകുന്നത്.
English Summary:








English (US) ·