Published: February 13, 2026 10:13 AM IST
1 minute Read
ചെന്നൈ∙ ഐപിഎൽ വാതുവയ്പുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ തെളിവുകൾ പരിഭാഷപ്പെടുത്താൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണി 10 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നു മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും മാധ്യമപ്രവർത്തകർക്കും ടിവി ചാനലുകൾക്കുമെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിലാണു നടപടി.
ഫെബ്രുവരി 11ന് ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനിടെ ജസ്റ്റിസ് ആർ.എൻ മഞ്ജുളയാണ് ഉത്തരവിട്ടത്. 2025 ഒക്ടോബർ 28ലെ ഉത്തരവ് അനുസരിച്ച്, കോടതിയുടെ ദ്വിഭാഷി ഈ കേസിൽ ഉൾപ്പെട്ട സിഡികളുടെ ഉള്ളടക്കം പകർത്തിയെഴുതി പരിഭാഷ ചുമതല ഏറ്റെടുത്തിട്ടുണ്ടെന്ന് ഉത്തരവിൽ പറഞ്ഞു. എങ്കിലും ഇതിന് ആവശ്യമായ ചാർജ് ഈടാക്കേണ്ടതുണ്ട്.
ഇത് ഒരു വലിയ ജോലിയാണെന്നും ദ്വിഭാഷിയെയും ടൈപ്പിസ്റ്റിനെയും ജോലിക്കു നിയോഗിച്ചാലും മൂന്നോ നാലോ മാസമെടുക്കുമെന്നു ചൂണ്ടിക്കാട്ടിയാണു കോടതി നടപടി. ഇതിനോടകം കേസ് 12 വർഷത്തോളം വൈകി. സാധാരണഗതിയിൽ, ഈ ജോലി ചെയ്യേണ്ടതും രേഖകൾ പരാതിയോടൊപ്പം ഫയൽ ചെയ്യേണ്ടതും ഹർജിക്കാരനാണെന്ന് കോടതി പറഞ്ഞു. അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഔദ്യോഗിക ദ്വിഭാഷിയുടെ ഇടപെടൽ ആവശ്യമായിരുന്നതിനാൽ, 2025 ഒക്ടോബർ 28 ലെ മുൻ ഉത്തരവിൽ സൂചിപ്പിച്ചതുപോലെ, ചെയ്ത ജോലിയുടെ ചെലവ് ഹർജിക്കാരൻ നിർബന്ധമായും നൽകണമെന്നും കോടതി പറഞ്ഞു.
2026 മാർച്ച് മൂന്നാം വാരത്തിന് മുൻപ് സിഡികളിലെ ഉള്ളടക്കങ്ങളുടെ ട്രാൻസ്ക്രിപ്ഷനും പരിഭാഷയും പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു. 10 ലക്ഷം രൂപ മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് റിലീഫ് ഫണ്ടിന്റെ അക്കൗണ്ടിലേക്ക് 2026 മാർച്ച് 12നോ അതിനുമുൻപോ ഹർജിക്കാരൻ അടയ്ക്കണമെന്നും കോടതി പറഞ്ഞു. കേസ് മാർച്ച് 12നു വീണ്ടും പരിഗണിക്കും. എന്നാൽ ഏതു ഭാഷയിലാണ് സിഡിയിലെ ഉള്ളടക്കങ്ങൾ ഉള്ളതെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.
സീ മീഡിയ കോർപറേഷൻ, മാധ്യമപ്രവർത്തകൻ സുധീർ ചൗധരി, റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ ജി.സമ്പത്ത് കുമാർ, ന്യൂസ് നേഷൻ നെറ്റ്‌വർക്ക് എന്നിവർക്കെതിരെയാണു കേസ്. 2023 ഡിസംബറിൽ സമ്പത്ത് കുമാറിനെ ക്രിമിനൽ കോടതിയലക്ഷ്യത്തിനു കോടതി ശിക്ഷിച്ചെങ്കിലും സുപ്രീംകോടതി സ്റ്റേ ചെയ്തു.
English Summary:







English (US) ·