സിൻസിനാറ്റി (യുഎസ്)∙ പ്രഫഷനൽ ഫുട്ബോൾ കളത്തിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്ചയായിരുന്നു അത്! ന്യൂസീലൻഡിലെ പ്രഫഷനൽ ക്ലബ് എന്നു കഷ്ടിച്ചു വിശേഷിപ്പിക്കാവുന്ന ഓക്‌ലൻഡ് സിറ്റിയും ജർമൻ ക്ലബ് ബയൺ മ്യൂണിക്കും നേർക്കുനേർ. ഫിഫ ക്ലബ് ലോകകപ്പ് മത്സരത്തിൽ ഇരുടീമുകളുടെയും ആദ്യമത്സരം. 34 ജർമൻ കിരീടങ്ങളും 6 യൂറോപ്യൻ കിരീടങ്ങളും സ്വന്തമായുള്ള ബയൺ മ്യൂണിക്കിനു മുന്നിൽ തലയുയർത്തി നിൽക്കാൻ ത്രാണിയില്ലാത്തവരാണ് ഓക്‌ലൻഡ് സിറ്റി എഫ്സി എന്ന് എല്ലാവർക്കും അറിയാമെന്നിരിക്കെയും കിക്കോഫ്!
സിൻസിനാറ്റിയിലെ ടിക്യുഎൽ സ്റ്റേഡിയത്തിൽ, 5–ാം മിനിറ്റിൽ കിങ്സ്‌ലി കോമാൻ ബയണിന്റെ ഗോളടി തുടങ്ങിവച്ചു. പിന്നീട് 9 എണ്ണം കൂടി. ഫൈനൽ വിസിൽ നേരത്ത് സ്കോർ 10–0. അത് ഇനിയും കൂടാമായിരുന്നു; പക്ഷേ, ബയൺ കോച്ച് വിൻസന്റ് കോംപനിയും കളിക്കാരും കൂടുതൽ വേണ്ടെന്നു വച്ചിട്ടു തന്നെയാണ്!
32 ടീമുകളായി എണ്ണം വർധിപ്പിച്ച ക്ലബ് ലോകകപ്പിനെക്കുറിച്ച് ഉയർന്നുകേട്ട പരാതികൾക്കെല്ലാം മേലെയായി ഈ മത്സരഫലം. ഇത്ര നിസ്സാരരായ ഒരു ടീമിനെതിരെ ബയൺ കളിക്കേണ്ടിയിരുന്നോ എന്നത് ആദ്യത്തെ ചോദ്യം. ടീമുകളുടെ എണ്ണം വർധിപ്പിക്കാൻ ഫിഫ സ്വീകരിച്ച നടപടികൾ പിഴച്ചതാണോ കാരണമെന്നു വേറൊരു ചോദ്യം. എന്തിനാണ് ഇങ്ങനെയൊരു ക്ലബ് ലോകകപ്പ് നടത്തുന്നതെന്ന ചോദ്യം ഇതിനും മേലെ!
ഹാരി കെയ്നിനു പകരം 61–ാം മിനിറ്റിൽ കളത്തിലിറങ്ങിയ യുവതാരം ജമാൽ മുസിയാള ഹാട്രിക് നേടിയതോടെയാണ് ബയൺ കൂറ്റൻ വിജയം കുറിച്ചത്. 67, 73 (പെനൽറ്റി), 84 മിനിറ്റുകളിലായിരുന്നു ഗോളുകൾ. കിങ്സ്‌ലി കോമാൻ (6,21), മൈക്കിൾ ഒലീസെ (20, 45+3), തോമസ് മുള്ളർ (45, 89) എന്നിവർ 2 ഗോൾ വീതം നേടി. 18–ാം മിനിറ്റിൽ ലക്ഷ്യം കണ്ട സാഷാ ബോയെ ആണ് മറ്റൊരു സ്കോറർ.
കളിയുടെ 72% നേരത്തും പന്ത് ബയണിന്റെ കാലുകളിലായിരുന്നു. അവർ പൂർത്തിയാക്കിയത് 786 പാസുകൾ. മറുവശത്ത് ന്യൂസീലൻഡ് ടീമിനു കിട്ടിയത് വെറും 323 പാസുകൾ. ബയൺ താരങ്ങൾ എതിർഗോൾമുഖത്തേക്കു പായിച്ചതു 31 ഷോട്ടുകൾ. പതിനേഴെണ്ണം ഗോളിലേക്കു ലക്ഷ്യം വച്ചതിൽ പത്തെണ്ണം ഗോളായി. ഓക്‌ലൻഡ് സിറ്റിക്കു ബയണിന്റെ ഗോൾപോസ്റ്റിനു നേർക്കു പന്തടിക്കാനായത് ഒരേയൊരു തവണ; ആൻഗസ് കിൽകോളിയുടെ ലോ ആംഗിൾ ഷോട്ട് ബയൺ ഗോളി മാനുവൽ നോയർ നിസ്സാരമായി തടുക്കുകയും ചെയ്തു.
∙ മോശമായിപ്പോയി!
ക്ലബ് ലോകകപ്പിന്റെ അന്തസ്സത്തയെ ചോദ്യം ചെയ്യുന്ന സംഭവം എന്ന രീതിയിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഓഷ്യാനിയ മേഖലയിൽനിന്നുള്ള പ്രതിനിധികളായാണ് ഓക്‌ലൻഡ് സിറ്റി എഫ്സി ക്ലബ് ലോകകപ്പിനെത്തിയത്. ഓഷ്യാനിയ മേഖലയിൽ രാജ്യങ്ങൾ കുറവായതിനാൽ പൊതുവേ ദുർബലരായ ടീമുകളാണു ടൂർണമെന്റിന് എത്താറുള്ളത്. എന്നാൽ ഇത്രയും വലിയ തോൽവി ഇതാദ്യം. ബയൺ മ്യൂണിക്കിനെപ്പോലെ കരുത്തുറ്റ ടീമുകളുടെ ഇടയിൽ ന്യൂസീലൻഡ് ടീമിനെ ഇട്ടതിലാണു വിമർശനം ശക്തം.
∙ ബയൺ മ്യൂണിക് ആഘോഷിക്കാൻ വരട്ടെ!
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുമായി കളത്തിലിറങ്ങിയ ബയൺ മ്യൂണിക് നേരിട്ടത് ആരെയൊക്കെയാണെന്നു കൂടി അറിയുക! ഒരു പ്രൈമറി സ്കൂൾ അധ്യാപകൻ, ഇൻഷുറൻസ് ബ്രോക്കർ, ബാർബർ, കോള കമ്പനിയിലെ സെയിൽസ്മാൻ, കാർ വിൽപനക്കാരൻ, പിന്നെ, കുറച്ചു വിദ്യാർഥികളും. അതിലൊരാളായ ലെഫ്റ്റ് ബാക്ക് നേഥൻ ലോബോ (22)യ്ക്ക് ഈ ടൂർണമെന്റിനിടെ ഹോട്ടൽ മുറിയിലിരുന്ന് ഓൺലൈനായി യൂണിവേഴ്സിറ്റി പരീക്ഷയും എഴുതാനുണ്ട്!
∙ ഈ കണക്കുകൾ കൂടി കേൾക്കുക!
∙ ഓക്‌ലൻഡ് സിറ്റി എഫ്സിയുടെ വാർഷിക വരുമാനം 4.88 ലക്ഷം പൗണ്ട്.
∙ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിന്റെ വാർഷിക വരുമാനം 81 കോടി പൗണ്ട്
∙ ഓക്‌ലൻഡ് ടീമിലെ താരങ്ങളുടെ ശരാശരി വേതനം ഒരാഴ്ചയിൽ 66 പൗണ്ട്.
∙ ബയൺ താരം ഹാരി കെയ്നിന്റെ മാത്രം പ്രതിവാര വേതനം 4 ലക്ഷം പൗണ്ട് (ഹാരി കെയ്നിന്റെ ഒരാഴ്ചത്തെ വേതനം കൈപ്പറ്റണമെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഓക്‌ലൻഡിന്റെ ഒരു താരം 117 വർഷം കളിക്കേണ്ടി വരും!)
∙ ഓക്‌ലൻഡ് ടീമിന്റെ ആകെ മൂല്യം 39 ലക്ഷം പൗണ്ട്
∙ ബയൺ മ്യൂണിക്കിന്റെ ആകെ മൂല്യം 77 കോടി പൗണ്ട്
∙ ഫുട്ബോൾ ക്ലബ്ബുകളുടെ കരുത്ത് വിശകലനം ചെയ്യുന്ന ഒപ്റ്റ പവർ റാങ്കിങ്ങിൽ ബയൺ മ്യൂണിക്കിന്റെ സ്ഥാനം ആറാമത്; ഓക്‌ലൻഡ് എഫ്സിയുടെ റാങ്ക് 5074.
∙ ക്ലബ് ലോകകപ്പിൽ തൊട്ടടുത്ത താഴ്ന്ന റാങ്കുള്ള ടീം യുഎഇ ക്ലബ് അൽ ഐനാണ്. അവർ പോലും ഏറെ മുന്നിലാണ്; റാങ്ക് 625.
English Summary:







English (US) ·