Published: May 19, 2026 01:23 PM IST Updated: May 19, 2026 02:18 PM IST
1 minute Read
ചെന്നൈ ∙ ജീവിതത്തിലായാലും ക്രിക്കറ്റിലായാലും തിരിച്ചടികൾ തളർത്തിയപ്പോഴെല്ലാം പൂർവാധികം ശക്തിയോടെ തിരിച്ചുവരുന്നതാണ് ഇഷാൻ കിഷന്റെ ശീലം. അത്തരമൊരു ‘സ്പെഷൽ’ ഇന്നിങ്സുമായി ഇഷാൻ കിഷൻ (47 പന്തിൽ 70) നിറഞ്ഞാടിയപ്പോൾ ഐപിഎൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 5 വിക്കറ്റിന്റെ ആവേശ ജയമാണ് നേടിയത്. ജയത്തോടെ ഹൈദരാബാദ് പ്ലേഓഫിന് യോഗ്യത നേടുകയും ചെയ്തു. എന്നാൽ മത്സരശേഷമുള്ള ഇഷാന്റെ ആഘോഷപ്രകടനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സിഎസ്‌കെയുടെ പ്രശസ്തമായ ‘വിസിൽ പോട്’ രീതിയെ പരിഹസിക്കുന്ന തരത്തിലായിരുന്നു ഇഷാന്റെ ആഘോഷം.
മത്സരം ജയിച്ചതിന് പിന്നാലെ ഗ്യാലറിയിലെ സിഎസ്‌കെ ആരാധകര്‍ക്കു നേരെ ‘വിസിൽ പോട്’ ആംഗ്യം കാണിച്ച ഇഷാന്‍ കിഷന്‍, തൊട്ടുപിന്നാലെ സ്റ്റേഡിയത്തിന്‍റെ എക്സിറ്റ് ഗേറ്റുകളിലേക്ക് വിരൽ ചൂണ്ടി ‘ഇനി എല്ലാവരും വീട്ടിൽ പോയി വിസിലടിക്കൂ’ എന്നും ആംഗ്യം കാണിച്ചു. കാണികളെ പ്രകോപിപ്പിക്കുന്ന രീതിയിൽ ഇഷാൻ നടത്തിയ ഈ പ്രകടനത്തെ ഒട്ടേറെപ്പേർ വിമർശിച്ചു. അപ്പോഴത്തെ ആവേശത്തിൽ താരം ചെയ്തതായിരിക്കാം എന്നു ചിലർ അഭിപ്രായപ്പെട്ടെങ്കിലും സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും ‘വിസിൽ’ ആവർത്തിച്ചതോടെ വിവാദമായി. മത്സരത്തിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചുകൊണ്ട് ഇഷാൻ നൽകിയ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു: ‘വിസിലുകളേക്കാൾ ഉറക്കെ ശബ്ദിച്ചത് ബാറ്റ് മാത്രമായിരുന്നു, പ്ലേഓഫിലേക്ക്’.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ചെന്നൈ, ഡിയേവാൾഡ് ബ്രെവിസിന്റെ (27 പന്തിൽ 44) കരുത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടി. ഹൈദരാബാദിനായി പാറ്റ് കമിൻസ് മൂന്നും സാകിബ് ഹുസെയ്ൻ രണ്ടു വിക്കറ്റും നേടി. മറുപടി ബാറ്റിങ്ങിൽ ഇഷാന്റെ മികവിൽ തിരിച്ചടിച്ച ഹൈദരാബാദ് ഒരു ഓവർ ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. ജയത്തോടെ ഹൈദരാബാദ് പ്ലേഓഫിന് യോഗ്യത നേടി. ചെന്നൈ തോറ്റതോടെ 16 പോയിന്റുള്ള ഗുജറാത്ത് ടൈറ്റൻസും പ്ലേഓഫ് ഉറപ്പിച്ചു. സ്കോർ: ചെന്നൈ: 20 ഓവറിൽ 7ന് 180. ഹൈദരാബാദ് 19 ഓവറിൽ 5ന് 181. തോൽവിയോടെ ചെന്നൈയുടെ പ്ലേഓഫ് പ്രതീക്ഷകൾക്കു മങ്ങലേറ്റു. അവസാന മത്സരം ജയിക്കുകയും മറ്റു ടീമുകളുടെ മത്സരഫലങ്ങൾ അനുകൂലമാകുകയും ചെയ്താൽ മാത്രമേ ഇനി ചെന്നൈക്ക് പ്ലേഓഫ് സാധ്യതയുള്ളൂ.
മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ ഹൈദരാബാദിന് ഓപ്പണർ ട്രാവിസ് ഹെഡിനെ (6) നഷ്ടമായി. ഇതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞ അഭിഷേക് ശർമയും (21 പന്തിൽ 26) ഇഷാൻ കിഷനും ചേർന്ന് മറ്റു പരുക്കുകളില്ലാതെ ഹൈദരാബാദിനെ മുന്നോട്ടുനയിച്ചെങ്കിലും റൺനിരക്ക് ഉയർത്താൻ സാധിച്ചില്ല. പിന്നാലെ അഭിഷേകിനെയും വീഴ്ത്തിയ ചെന്നൈ പിടിമുറുക്കി. നാലാമനായി ഹെയ്ൻറിച് ക്ലാസൻ (26 പന്തിൽ 47) വന്നതോടെയാണ് ഹൈദരാബാദ് ബാറ്റിങ്ങിന് ജീവൻവച്ചത്.
തുടക്കം മുതൽ ആക്രമിച്ചു കളിച്ച ക്ലാസൻ ഹൈദരാബാദിന് പ്രതീക്ഷ നൽകി. പതിയെ ഇഷാനും താളം കണ്ടെത്തിയതോടെ സന്ദർശകരുടെ സ്കോർ ബോർഡിന് വേഗംവച്ചു. ക്ലാസനെ വീഴ്ത്തിയ ചെന്നൈ വീണ്ടും തിരിച്ചടിച്ചെങ്കിലും ഒരറ്റത്തു പൊരുതിയ ഇഷാൻ ഹൈദരാബാദിന്റെ ജയം ഉറപ്പാക്കി. 3 സിക്സും 7 ഫോറും അടങ്ങുന്നതാണ് ഇഷാന്റെ ഇന്നിങ്സ്. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 13 പന്തിൽ 27 റൺസുമായി സഞ്ജു സാംസൺ മികച്ച തുടക്കം നൽകിയെങ്കിലുംപിന്നാലെവന്ന ബാറ്റർമാർ നിരാശപ്പെടുത്തി.
English Summary:







English (US) ·