Published: January 23, 2026 08:16 AM IST
1 minute Read
ധാക്ക∙ ഇന്ത്യയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കില്ലെന്നു പ്രഖ്യാപിച്ച ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനെ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം. ഇന്ത്യയിൽ സുരക്ഷയില്ലെന്ന് ആരോപിച്ച് വ്യാഴാഴ്ചയാണ് ബംഗ്ലദേശ് ലോകകപ്പിൽനിന്നു പിന്‍മാറിയത്. അതേസമയം ബംഗ്ലദേശിനു പകരം സ്കോട്‍ലൻഡിനെ ലോകകപ്പ് കളിപ്പിക്കാനുള്ള ഒരുക്കങ്ങൾ ഐസിസി തുടങ്ങിക്കഴിഞ്ഞു. ബംഗ്ലദേശ് കളിച്ചില്ലെങ്കിൽ ഐസിസിക്ക് വൻ നഷ്ടമാണ് ഉണ്ടാകുകയെന്ന് ബംഗ്ലദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു. എന്നാൽ അതിലും വലിയ സാമ്പത്തിക നഷ്ടമാണ് ബംഗ്ലദേശിനെ കാത്തിരിക്കുന്നത്.
ക്രിക്കറ്റിൽ വൻ ശക്തിയായ ഇന്ത്യയുമായി ഇടഞ്ഞതിന്റെ പേരിൽ ഇനി പ്രധാന പരമ്പരകളും ഇതിലൂടെ ലഭിക്കുന്ന കോടികളും ബംഗ്ലദേശിനു നഷ്ടമാകും. എന്നാൽ ട്വന്റി20 ലോകകപ്പ് കളിക്കാത്തതിന്റെ പേരിൽ ബംഗ്ലദേശിന് 240 കോടിയോളം രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്. ലോകകപ്പിൽ പങ്കെടുക്കുന്നതിലൂടെ ലഭിക്കേണ്ട ഐസിസി റവന്യൂ മാത്രമാണിത്. അതിനു പുറമേ ബ്രോഡ്കാസ്റ്റ്, സ്പോൺസർഷിപ് വരുമാന നഷ്ടവും കോടികൾ വരും. ബംഗ്ലദേശ് ക്രിക്കറ്റ് ടീമിന്റെ വാർഷിക വരുമാനത്തിന്റെ 60 ശതമാനത്തോളം തുക ഒരു തീരുമാനത്തിന്റെ പേരിൽ മാത്രം നഷ്ടമാകുമെന്നാണു റിപ്പോർട്ടുകൾ.
ഈ വർഷം ഇന്ത്യ– ബംഗ്ലദേശ് പരമ്പര നടക്കാനുണ്ട്. ഇത് റദ്ദാക്കപ്പെടുമെന്ന് ഏറക്കുറെ ഉറപ്പാണ്. ബംഗ്ലദേശിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്നത് ഇന്ത്യയ്ക്കെതിരായ മത്സരങ്ങളിലൂടെയാണ്. പണം നഷ്ടമായാലും കുഴപ്പമില്ല, അഭിമാനമാണ് മുഖ്യമെന്ന നിലപാടിലാണ് ബംഗ്ലദേശ് കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ. ഇന്ത്യയിൽ ലോകകപ്പ് കളിക്കില്ലെന്ന് പ്രഖ്യാപിച്ച ആസിഫ്, ബിസിസിഐയെയും ഐസിസിയെയും രൂക്ഷഭാഷയിലാണു വിമർശിച്ചത്. സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ ഉറപ്പൊന്നും നൽകിയിട്ടില്ലെന്നും ആസിഫ് നസ്റുൽ ആരോപിച്ചു.
‘‘ബംഗ്ലദേശിലെ കോടിക്കണക്കിന് ആളുകൾ ആരും ലോകകപ്പ് കാണില്ല. ഐസിസിക്ക് വലിയ നഷ്ടം ഉണ്ടാകും. ബംഗ്ലദേശിനെപ്പോലെ ഒരു രാജ്യത്തെ ഒഴിവാക്കുന്നത് ഐസിസിയുടെ പരാജയമാണ്. ലോകകപ്പ് കളിക്കാം, പക്ഷേ ഇന്ത്യയിൽ വേണ്ട എന്നതു മാത്രമാണു ഞങ്ങളുടെ ആവശ്യം. ശ്രീലങ്കയിലാണെങ്കിൽ ടീമിനെ അയക്കാൻ തയാറാണ്. ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ഞങ്ങൾക്ക് യാതൊരു ഉറപ്പും ലഭിച്ചിട്ടില്ല. മുസ്തഫിസുറിനെ പുറത്താക്കിയ കാര്യത്തിൽ ഖേദപ്രകടനമില്ല. ഞങ്ങളുടെ താരങ്ങളും ആരാധകരും മാധ്യമപ്രവർത്തകരും സംരക്ഷിക്കപ്പെടുമെന്നു ഉറപ്പു ലഭിച്ചിട്ടില്ല. ഞങ്ങളുടെ തീരുമാനം മാറ്റേണ്ട സാഹചര്യമല്ല ഇപ്പോഴുള്ളത്. ഐസിസിയും ബംഗ്ലദേശിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടില്ല.’’– ആസിഫ് പ്രതികരിച്ചു.
English Summary:







English (US) ·