Published: June 07, 2026 10:55 AM IST
1 minute Read
ചിക്കാഗോ ∙ ഇറാഖ് ഫുട്ബോൾ താരം ഐമൻ ഹുസൈനെ യുഎസ് വിമാത്താവളത്തിൽ മണിക്കൂറുകളോളം തടഞ്ഞുവച്ച് ചോദ്യം ചെയ്തു. ഫിഫ ഫുട്ബോൾ ലോകകപ്പിൽ ഇറാഖ് ടീമംഗമായ ഐമൻ ഹുസൈൻ, ശനിയാഴ്ച പുലർച്ചെ ടീമിനൊപ്പം ചിക്കാഗോയിലെ ഒഹെയർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം.
താരത്തെ ഏഴു മണിക്കൂറോളം തടഞ്ഞുവച്ച് ചോദ്യം ചെയ്തതായി ഇറാഖി സ്പോർട്സ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഹുസൈന് ഒടുവിൽ പ്രവേശന അനുമതി നൽകിയെങ്കിലും, ടീമിന്റെ ഔദ്യോഗിക ഫൊട്ടോഗ്രഫർക്ക് യുഎസിലേക്ക് പ്രവേശനം നിഷേധിച്ചതായി ഇറാഖി ഒളിംപിക് കമ്മിറ്റിയിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാഖ് ഫുട്ബോൾ അസോസിയേഷൻ ഇതു സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബൊളീവയ്ക്ക് എതിരായ യോഗ്യതാ മത്സരത്തിൽ ഗോൾ നേടി ലോകകപ്പിലേക്ക് ഇറാഖിന് യോഗ്യത ഉറപ്പാക്കിയ താരമാണ് ഐമൻ ഹുസൈൻ. ഹുസൈന്റെ ഫോൺ പരിശോധിച്ചതായും ഇറാഖി ഉദ്യോഗസ്ഥൻ പറഞ്ഞു. ‘‘ദേശീയ ടീം ഫൊട്ടോഗ്രഫർ തലാൽ സലാഹിനെ 10 മണിക്കൂറിലധികം തടഞ്ഞുവയ്ക്കുകയും സമാനമായ ഫോൺ പരിശോധനകൾക്ക് വിധേയനാക്കുകയും ചെയ്തു. ഒടുവിൽ അദ്ദേഹത്തിന് യുഎസിലേക്കു പ്രവേശനം നിഷേധിക്കപ്പെട്ടു.’’– ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ടൂർണമെന്റ് തുടങ്ങാൻ ഒരാഴ്ചയിൽ താഴെ മാത്രം സമയം ബാക്കിനിൽക്കെ, വിമാനത്താവളത്തിൽ ഇറാഖ് ടീമിനെ സ്വീകരിക്കാൻ പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെ തന്നെ ആരാധകർ എത്തിയിരുന്നു. ഇറാഖ് പതാകകളേന്തിയ ഇവർ, താരങ്ങൾക്കൊപ്പം ചിത്രമെടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 1986ലെ ലോകകപ്പിൽ ആദ്യമായും അവസാനമായി ലോകകപ്പ് കളിച്ച ഇറാഖ്, 40 വർഷത്തിനു ശേഷമാണ് വീണ്ടും ലോകകപ്പിനെത്തുന്നത്.
ഗ്രൂപ്പ് ഐ-ൽ ഫ്രാൻസ്, സെനഗൽ, നോർവേ എന്നിവർക്കൊപ്പമാണ് ഇറാഖ്. യുഎസ്, കാനഡ, മെക്സിക്കോ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റ് വ്യാഴാഴ്ച ആരംഭിക്കും.
English Summary:





English (US) ·