Published: March 21, 2026 03:12 PM IST Updated: March 21, 2026 04:26 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ സീസൺ തുടങ്ങും മുൻപേ പകരക്കാരെ ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ടീമുകൾ. പരുക്കുള്ള താരങ്ങള്‍ക്കും മറ്റു കാരണങ്ങളാൽ വിട്ടുനിൽക്കുന്നവർക്കും പകരക്കാരെ കണ്ടെത്താൻ വേണ്ടി ഐപിഎൽ ടീമുകൾ അന്വേഷണം തുടരുകയാണ്. പക്ഷേ അതിൽ കൂടുതൽ ചങ്കിടിപ്പ് പാക്കിസ്ഥാൻ സൂപ്പർ ലീഗ് സംഘാടകർക്കാണ്. ഐപിഎലിൽനിന്ന് നല്ല ഓഫർ വന്നാൽ വിദേശ താരങ്ങൾ പാക്ക് ലീഗ് വിടും എന്നതാണു കാരണം. ഐപിഎൽ ലേലത്തിൽ വിറ്റുപോകാത്ത വിദേശ താരങ്ങളെ വച്ചാണ് പാക്കിസ്ഥാൻ ലീഗിലേക്കുള്ള ടീമുകൾ തയാറെടുക്കുന്നത്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽനിന്ന് ഓഫർ ലഭിച്ചതോടെ പാക്കിസ്ഥാൻ ലീഗിൽനിന്ന് സിംബാബ്‍വെ പേസർ ബ്ലെസിങ് മുസറബനി പിൻവാങ്ങിയിരുന്നു. ഇസ്‍ലാമബാദ് യുണൈറ്റഡ് വിട്ടാണ് മുസറബനി ഇന്ത്യയിലെത്തിയത്. താരത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാക്കിസ്ഥാൻ ഭീഷണി മുഴക്കിയെങ്കിലും അതും ഫലം കണ്ടില്ല. അതിനിടെയാണ് വിദേശതാരങ്ങള്‍ ഇന്ത്യയിലേക്കു പോകുമോയെന്ന ആശങ്ക പാക്ക് സൂപ്പര്‍ ലീഗ് സംഘാടകരെ അലട്ടുന്നത്. ഓസ്ട്രേലിയൻ താരം സ്പെൻസർ ജോൺസൺ, ദക്ഷിണാഫ്രിക്കയുടെ ഓട്നെയ്ൽ ബാർട്‌മാൻ എന്നിവര്‍ നിലവിൽ പാക്ക് ലീഗിൽ കളിക്കാനുള്ള ഒരുക്കത്തിലാണ്. പക്ഷേ പരുക്കേറ്റ നേഥൻ എലിസിനു പകരം ജോൺസനെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.
സാം കറൻ, ജോഷ് ഹെയ്‍സൽവുഡ്, പാറ്റ് കമിൻസ്, നുവാൻ തുഷാര, മതീഷ പതിരാന എന്നിവർ പരുക്കുകാരണം ഐപിഎലിൽനിന്നു വിട്ടുനിൽക്കുകയാണ്. ഇവർക്കു പറ്റിയ പകരക്കാർ പാക്കിസ്ഥാനിൽ ഉണ്ടെന്നതാണു സത്യം. റിച്ചഡ് ഗ്ലീസൻ (ഇസ്‍ലാമബാദ് യുണൈറ്റഡ്), ഷമാർ ജോസഫ് (ഇസ്‍ലാമബാദ് യുണൈറ്റഡ്), അൽസരി ജോസഫ് (ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ്), റിലീ മെറിഡിത്ത് (ഹൈദരാബാദ് ഹൗസ്റ്റൻ) എന്നീ താരങ്ങൾ ഇപ്പോൾ പാക്കിസ്ഥാൻ ലീഗിലുണ്ട്. ഐപിഎൽ ഓഫറുകള്‍ വന്നാൽ മികച്ച സാലറിയും സൗകര്യങ്ങളും പ്രതീക്ഷിച്ച് ഇവർ ഇന്ത്യയിലേക്കു പോകുമെന്നാണ് പിഎസ്എൽ ടീമുകളുടെ ആശങ്ക.
കഴിഞ്ഞ ഐപിഎൽ സീസണിനിടെ ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ് മുംബൈ ഇന്ത്യൻസിൽ കളിക്കുന്നതിനായി, പാക്ക് ലീഗ് പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ബോഷിനെതിരെ നടപടിയുണ്ടാകുമെന്ന് പിസിബി ഭീഷണിപ്പെടുത്തി നോക്കിയെങ്കിലും ഫലമൊന്നും ഉണ്ടായിരുന്നില്ല. മാർച്ച് 28നാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നത്. അതിന് രണ്ടു ദിവസം മുൻപ് പാക്ക് ലീഗ് തുടങ്ങും. അഫ്ഗാനിസ്ഥാൻ– പാക്കിസ്ഥാൻ പോരാട്ടം തുടരുന്നതിനാൽ, പാക്ക് ലീഗിൽ കളിക്കുന്ന ഓസ്ട്രേലിയൻ താരങ്ങൾക്ക് പെഷവാർ ഉൾപ്പടെയുള്ള നഗരങ്ങളിൽ യാത്ര ചെയ്യുന്നതിനു വിലക്കുണ്ട്.
English Summary:







English (US) ·