ഈ ലോകകപ്പിൽ കറുത്ത കുതിരകളാകാൻ സാധ്യതയുള്ള ടീമുകൾ ഏതൊക്കെയാണ്? എന്തൊക്കെയാണ് അവരുടെ ‘കയ്യിലിരിപ്പ്’?

1 day ago 1

ബിനോ ജോർജ്

Published: May 31, 2026 02:33 PM IST Updated: May 31, 2026 08:33 PM IST

2 minute Read

ഫിഫ ലോകകപ്പിന് മുൻപ് ഇക്വഡോറും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോൾ മത്സരത്തിനിടെ ഇക്വഡോർ ആരാധകർ. (Photo by ANGELA WEISS / AFP)
ഫിഫ ലോകകപ്പിന് മുൻപ് ഇക്വഡോറും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദ ഫുട്‌ബോൾ മത്സരത്തിനിടെ ഇക്വഡോർ ആരാധകർ. (Photo by ANGELA WEISS / AFP)

മലപ്പുറം ∙ വമ്പന്മാരെ അട്ടിമറിക്കുന്ന കുഞ്ഞൻ ടീമുകൾ എല്ലാ ലോകകപ്പിലുമുണ്ടാകാറുണ്ട്. കറുത്ത കുതിരകൾ എന്ന വിശേഷണപ്പേരിൽ അറിയപ്പെടുന്ന ഈ ടീമുകളാണ് യഥാർഥത്തിൽ ലോകകപ്പിനെ മനോഹരമാക്കുന്നത്. ബസിറങ്ങി വന്ന് കവലയിൽ നിൽക്കുന്ന ചട്ടമ്പിയുടെ കരണക്കുറ്റിക്കൊന്നു പൊട്ടിച്ച് ഒന്നും സംഭവിക്കാത്ത പോലെ അതേ ബസിൽ കയറിപ്പോകുന്ന പോലെയാണ് ഈ ടീമുകളുടെ പ്രകടനം. ‘ഇപ്പൊ ഇവിടെ എന്താ സംഭവിച്ചേ’ എന്ന ഇന്നസന്റ് ചോദ്യം മാത്രമേ അടികിട്ടിയവന് ചോദിക്കാനുണ്ടാവൂ. ഈ ലോകകപ്പിലുമുണ്ട് ജയന്റ് കില്ലറാകാൻ സാധ്യതയുള്ള ഇത്തരം ടീമുകൾ. അവരെ പരിചയപ്പെടുത്തുകയാണ് 2022 ൽ കേരളത്തിനു സന്തോഷ് ട്രോഫി നേടിത്തന്ന പരിശീലകനും നിലവിൽ ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകനുമായ ബിനോ ജോർജ്

∙ ഇക്വഡോർ വൻമതിൽപേരിൽ ഒരു ‘ഡോർ’ ഉണ്ടെങ്കിലും എതിരാളികൾക്കു കയറാൻ ഒരു വാതിലും തുറന്നിടാത്ത ടീം. സ്വന്തം പോസ്റ്റിൽ ഗോൾ വീണാൽ ഞങ്ങൾ പോയി ആത്മഹത്യ ചെയ്തോളാം എന്നെഴുതിക്കൊടുത്തു വന്നപോലെയാണ് ടീമിന്റെ കളി. ഏറ്റവും കോംപാക്ട് ആയ ഡിഫൻസ് സിസ്റ്റമാണ് അർജന്റീനക്കാരനായ പരിശീലകൻ സെബാസ്റ്റ്യൻ ബെക്കാചേസേ ഇക്വഡോറിനായി സൃഷ്ടിച്ചെടുത്തിരിക്കുന്നത്. തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇക്വഡോർ. ബ്രസീൽ അഞ്ചാം സ്ഥാനത്താണെന്നോർക്കണം. അവസാന യോഗ്യതാ മത്സരത്തിൽ അർജന്റീനയെ എതിരില്ലാത്ത ഒറ്റ ഗോളിന് ഇക്വഡോർ തോൽപിച്ചിരുന്നു. ആകെ 18 യോഗ്യതാ മത്സരങ്ങളിൽ വഴങ്ങിയത് 5 ഗോൾ മാത്രം. ബാക്കി പതിമൂന്നും ക്ലീൻഷീറ്റ്. കൗണ്ടർ പ്രസ്സിങ്ങാണ് ശൈലി. ഇങ്ങോട്ടൊന്നും അടിക്കാൻ സമ്മതിക്കില്ല. വീണുകിട്ടിയാൽ അങ്ങോട്ടടിക്കും. ഒരേസമയം പരിചയായും മൂർച്ചയുള്ള ആയുധമായും പ്രവർത്തിക്കുന്ന മിഡ്ഫീൽഡർ മോയ്സെസ് കൈസിഡോ ആണ് തുറുപ്പുചീട്ട്. ഹോൾഡിങ് മിഡ്ഫീൽഡർ എന്ന വിശേഷണത്തിന് 101% യോഗ്യനായ താരമാണ് മോയ്സെസ്. പ്രതിരോധ നിരയിൽ പിയറോ ഹിൻകാപി കൂടിയാകുമ്പോൾ ഗോളടിക്കുക പ്രയാസം.

∙ ബ്ലൂ സമുറായ്വാളൂരിയാൽ രക്തം കാണാതെ ഉറയിൽ തിരിച്ചിടാത്ത ജപ്പാന്റെ സമുറായ് പടയാണ് ഇക്കൂട്ടത്തിൽ ആദ്യം. കഴിഞ്ഞ ലോകകപ്പിൽ ജർമനിയും സ്പെയിനും ഈ മൂർച്ചയറിഞ്ഞിരുന്നു. 2022 ലോകകപ്പിൽ ടീമിന്റെ പരിശീലകനായിരുന്ന ഹാജിം മൊറിയാസു തന്നെയാണ് ഇത്തവണയും ജപ്പാനെ നയിക്കുന്നത്. വളരെ മികച്ച ടാക്റ്റിഷ്യൻ കൂടിയാണ് അദ്ദേഹം. ആദ്യ പകുതി ഒരു സമനിലയ്ക്കു കളിക്കുംപോലെ കളിച്ചിട്ട് രണ്ടാം പകുതിയിൽ അതിവേഗ താരങ്ങളെ ഇറക്കി ഗോൾ നേടുന്ന തന്ത്രമാണ് ഇവരുടേത്. ടീം ഫോർമേഷനുകൾ അതിവേഗം മാറിമറിയും. അന്തംവിട്ടു നിൽക്കാനേ എതിർടീമിനു കഴിയൂ. മിന്നൽ കൗണ്ടർ അറ്റാക്കുകളാണ് തുറുപ്പുചീട്ട്.

യൂറോപ്യൻ ക്ലബ്ബുകളിൽ കളിച്ചു ശീലമുള്ള സ്ക്വാഡാണ് ജപ്പാന്റേത് എന്നതു മറ്റൊരു അനുകൂല ഘടകമാണ്. പെട്ടെന്നു പൊട്ടിമുളച്ചൊരു ടീമല്ല ജപ്പാൻ. 1998 ഫ്രാൻസ് ലോകകപ്പ് മുതൽ അവരുണ്ട്. വളർച്ചയുടെ ഗ്രാഫ് ഒരിക്കലും താഴോട്ടു പോയിട്ടില്ല. ഇതുവരെയുള്ള ട്രാക്ക് റെക്കോർഡിൽനിന്നു വ്യത്യസ്തമായി പ്രീ ക്വാർട്ടറിനപ്പുറം പോകാൻ ജപ്പാനു കഴിഞ്ഞേക്കും. അതിനുള്ള കരുത്ത് ടീമിനുണ്ട്. 16 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽനിന്ന് ജപ്പാൻ അടിച്ചുകൂട്ടിയത് 54 ഗോളാണ്. വഴങ്ങിയത് 3 എണ്ണം മാത്രവും. സെൻട്രൽ മിഡ്ഫീൽഡറും ടാക്കിൾ മെഷിനുമായ വതാറു എൻഡോ, ജാപ്പനീസ് മെസ്സി എന്നറിയപ്പെടുന്ന താക്കഫുസ കുബോ എന്നിവരാണ് ശ്രദ്ധിക്കേണ്ട താരങ്ങൾ.

∙ ഓസ്ട്രിയഹൈപ്രസ്സിങ്ങിന്റെ ഉസ്താദ് ആയ റാൽഫ് റാങ്നിക്ക് ആണ് ഓസ്ട്രിയയുടെ കോച്ച്. പന്ത് എവിടെ നഷ്ടപ്പെട്ടോ സെക്കൻഡുകൾക്കുള്ളിൽ കൂട്ടമായി ആക്രമിച്ച് അവിടെനിന്നു തന്നെ പന്തു തിരിച്ചുപിടിക്കുന്ന ശൈലിയാണ് ഇവരുടേത്. ഗെൻജൻ പ്രസ്സിങ് എന്നാണ് ഈ കൗണ്ടർ പ്രസ്സിങ് ശൈലി അറിയപ്പെടുന്നത്. എതിരാളികൾക്കു ശ്വാസം വിടാൻ പോലും സമയം കൊടുക്കാത്ത റഫ് ആൻഡ് ടഫ് ടീം. വ്യക്തിഗത താരമികവിനപ്പുറം പരിശീലകന്റെ തന്ത്രങ്ങൾക്കനുസരിച്ചു രൂപപ്പെടുത്തിയ ടീമാണ് ഓസ്ട്രിയയുടേത്. ഫിസിക്കൽ ഗെയിം കളിക്കാൻ ഒട്ടും മടിക്കില്ല. ടാക്ടിക്കൽ ഫൗളുകളുണ്ടാകും. എതിർ ടീമുകൾ കട്ടിപ്പണിയെടുക്കേണ്ടി വരും. അതേസമയം, ഹൈപ്രസ്സിങ് ശൈലി പിന്തുടരുന്നതുകൊണ്ട് പ്രതിരോധത്തിൽ വിള്ളൽ വീഴാനും സാധ്യതയുണ്ട്. ഈ പിഴവുകൾ മുതലാക്കാനായാൽ എതിരാളികൾക്കു സാധ്യതയുണ്ട്.

∙ ദ് ഫറോവോസ്മനുഷ്യൻ സമയത്തെ പേടിക്കുന്നു. സമയം പിരമിഡിനെയും എന്നൊരു ചൊല്ലുണ്ട്. കാലത്തെപ്പോലും വെല്ലുവിളിച്ചു നിലകൊള്ളുന്ന പിരമിഡന്റെ നാട്ടിൽനിന്നു വരുന്നവരാണ് അപകടകാരികളുടെ അടുത്ത ടീം. അടച്ചുറപ്പുള്ള പ്രതിരോധത്തിലൂന്നിയുള്ള കളിയാണ് ഈജിപ്തിന്റേത്. ബിൽഡ് അപ് പ്ലേക്കൊന്നും നിൽക്കില്ല. ഡയറക്ട് കൗണ്ടർ അറ്റാക്ക് ആണ് ശൈലി. കടുകുമണി ഇട കൊടുത്താൽ ഗോൾ വീഴ്ത്തിയിരിക്കും. ഏറ്റവും സർഗാത്മകമായ മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. മുഹമ്മദ് സലാഹ്, ഒമർ മർമൂഷ് എന്നീ രണ്ടു താരങ്ങളെ മാത്രമെടുത്താൽ മതി ഈജിപ്ഷ്യൻ അറ്റാക്കിങ് നിരയുടെ ശക്തി അറിയാൻ. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ 9 ഗോൾ നേടിയാണ് മുഹമ്മദ് സലാഹ് വരുന്നത്. മിന്നൽ വേഗമുള്ള മർമൂഷ് ഏതു പ്രതിരോധനിരയെയും കീറിമുറിക്കും. മുസ്തഫ മുഹമ്മദ് എന്ന ബോക്സ് സ്ട്രൈക്കറുടെ പേരും എടുത്തുപറയേണ്ടതാണ്. ഏരിയൽ ബോളുകളിൽ ഇത്ര അപകടകാരിയായ വേറൊരു താരമുണ്ടാകില്ല. യോഗ്യതാ റൗണ്ടിലെ 10 കളികളിൽ 8 ജയവും രണ്ടു സമനിലയുമാണ് ഈജിപ്ത് നേടിയത്. തോൽവി ഒന്നുപോലുമില്ല. സെറ്റ് പീസുകളിൽ ഏറെ മികവുപുലർത്തുന്ന ടീം കൂടിയാണ് ഈജിപ്ത്.

English Summary:

Giant killers are the acheronian horses of the World Cup, making the tourney breathtaking with their unexpected victories. These underdog teams, similar Ecuador, Japan, Austria, and Egypt, person the imaginable to make large upsets and are analyzed by experts for their unsocial playing styles and cardinal players.

Read Entire Article