Published: May 27, 2026 08:16 PM IST Updated: May 27, 2026 11:52 PM IST
2 minute Read
ധരംശാല ∙ സൂപ്പർ താരം വിരാട് കോലിയുടെ ഏറ്റവും വലിയ ‘ഫാൻ ഗേൾ’ ഭാര്യ അനുഷ്ക ശർമ തന്നെയാണ്. താരത്തിന്റെ എല്ലാ മത്സരങ്ങളിലും പൂർണ പിന്തുണയും ആവേശവുമായി അനുഷ്ക ഗാലറിയിലെത്താറുണ്ട്. ഐപിഎലിലെ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ മത്സരത്തിലും അതിനു മാറ്റമുണ്ടായില്ല. ഗാലറിയിലെ വിഐപി പവലിയനിൽ അനുഷ്ക ശർമയും ഇടം പിടിച്ചിരുന്നു. മത്സരത്തിൽ വിരാട് കോലി പുറത്തായപ്പോൾ വിശ്വസിക്കാനാകാതെ ഇരുന്നതും മത്സരത്തിൽ വിജയിച്ചതിനു പിന്നാലെ കോലി ഓടിയെത്തി അനുഷ്കയെ കെട്ടിപ്പിടിച്ചതുമെല്ലാം ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കുകയും ചെയ്തു.
എന്നാൽ, ഗുജറാത്തിനെതിരെ മത്സരത്തിനിടെ അനുഷ്ക വിരലിൽ അണിഞ്ഞിരുന്ന ഒരു മോതിരമാണ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. മത്സരം പുരോഗമിക്കുന്നതിനിടെ തന്നെ അതു സംബന്ധിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. രാധ നാമ ജപ കൗണ്ടർ മോതിരമാണ് അനുഷ്ക അണിഞ്ഞിരുന്നതെന്നാണ് വിവരം. കോലിക്കായി ആർപ്പുവിളിക്കുന്നതിനു പുറമെ, ടീമിന്റെ വിജയത്തിനായി അനുഷ്ക പ്രാർഥിക്കുന്നതായും കാണാമായിരുന്നു. മത്സരത്തിലുടനീളം അനുഷ്ക മന്ത്രങ്ങൾ ജപിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.
എന്താണ് രാധ നാമ ജപ കൗണ്ടർ മോതിരം?പരമ്പരാഗതമായി മന്ത്രങ്ങൾ ജപിക്കാൻ ഉപയോഗിക്കുന്ന ജപമാലകൾക്ക് പകരമുള്ള ഒരു ആധുനിക ഡിജിറ്റൽ ഉപകരണമാണിത്. വിരലിൽ എളുപ്പത്തിൽ ധരിക്കാൻ കഴിയുന്ന ഈ ചെറിയ ഗാഡ്‌ജറ്റിൽ ഒരു ഡിജിറ്റൽ ഡിസ്പ്ലേയും ബട്ടണുമുണ്ട്. ഓരോ തവണ ദൈവനാമങ്ങൾ ഉരുവിടുമ്പോഴും ഇതിലെ ബട്ടൺ അമർത്തി ജപങ്ങളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്താം.
आखिर Anushka Sharma के हाथ पर वो क्या चीज़ थी...???🤔
कल मैदान में Virat Kohli रन बना रहे थे और उधर Anushka Sharma कुछ ऐसा कर रहीं थीं कि वो video societal media पर viral हो गया
Anushka यहां कर रहीं थीं मंत्र का जाप, स्टेडियम में अनुष्का भक्तिपूर्ण थी उधर Virat पसीना बहा रहे थे… pic.twitter.com/xLtPVPSAGl
അനുഷ്ക ഈ മോതിരം അണിഞ്ഞിരിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇതു സംബന്ധിച്ച വ്യാപക ചർച്ചയും അനുഷ്കയെ പുകഴ്ത്തി ഒട്ടേറെ പോസ്റ്റുകളുമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ആർസിബിയുടെ യഥാർഥ ‘ലക്കി ചാം’ അനുഷ്കയുടെ ഈ പ്രാർഥനയാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ അഭിപ്രായം. കഴിഞ്ഞ കുറച്ചുകാലമായി വിരാട് കോലിയും അനുഷ്കയും ഒട്ടേറെ ആത്മീയ യാത്രകളും നടത്താറുണ്ട്. ഇരുവരും വൃന്ദാവനിലെ പ്രേമാനന്ദ് മഹാരാജിനെ സന്ദർശിച്ചതുമുതലാണ് അനുഷ്ക ഡിജിറ്റൽ ജപ കൗണ്ടറുകൾ സ്ഥിരമായി ഉപയോഗിക്കുന്നതെന്നാണ് വിവരം.
∙ ആർസിബി ഫൈനലിൽഐപിഎലിൽ തുടർച്ചയായ രണ്ടാം ഫൈനലിനാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടിക്കറ്റെടുത്തത്. ഒന്നാം ക്വാളിഫയറിൽ ആദ്യം ബാറ്റ് കൊണ്ട് തകർത്തടിച്ചും പിന്നീടു ബോൾ കൊണ്ട് എറിഞ്ഞുവീഴ്ത്തിയും രാജകീയമായി കളംനിറഞ്ഞ ബെംഗളൂരുവിന് ഗുജറാത്ത് ടൈറ്റൻസിനെതിരെ 92 റൺസിന്റെ കൂറ്റൻ ജയം. ഐപിഎലിൽ ഇത് 5–ാം തവണയാണ് ബെംഗളൂരു ഫൈനലിന് യോഗ്യത നേടുന്നത്. ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ അപരാജിത അർധ സെഞ്ചറി കരുത്തിൽ (33 പന്തിൽ 93*) 254 റൺസെന്ന കൂറ്റൻ ടോട്ടൽ നേടിയ ബെംഗളൂരു, 3 വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയുടെ ബോളിങ് മികവിൽ ഗുജറാത്തിനെ 162 റൺസിൽ ഒതുക്കി.
255 റൺസ് എന്ന റൺമല കയറാൻ ഇറങ്ങിയ ഗുജറാത്തിന് ഡഫി എറിഞ്ഞ മൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ ഹിറ്റ് വിക്കറ്റിന്റെ രൂപത്തിൽ ഓപ്പണർ സായ് സുദർശനെ (14) നഷ്ടമായി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (2) ഭുവനേശ്വർ കുമാർ പുറത്താക്കിയതോടെ ഗുജറാത്ത് കിതപ്പ് ആരംഭിച്ചു. ജോസ് ബട്‌ലർ (29), നിഷാന്ത് സിന്ധു (5) ജയ്സൻ ഹോൾഡർ (0) വാഷിങ്ടൻ സുന്ദർ (8), റാഷിദ് ഖാൻ(8), കഗീസോ റബാദ (9) എന്നിവരും കൂടാരം കയറിയതോടെ ഗുജറാത്ത് 8ന് 88 റൺസ് എന്ന നിലയിലായി. രാഹുൽ തെവാത്തിയ (68) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഗുജറാത്തിന് അൽപമെങ്കിലും ആശ്വാസമായത്.
നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് വെങ്കടേഷ് അയ്യരിനെ (19) നേരത്തെ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 72 റൺസ് ചേർത്ത വിരാട് കോലി (43)– ദേവദത്ത് പടിക്കൽ (30) സഖ്യം മികച്ച അടിത്തറ നൽകി. പിന്നാലെയെത്തിയ പാട്ടിദാറും ക്രുനാൽ പാണ്ഡ്യയും (43) തകർത്തു കളിച്ചതോടെ ബെംഗളൂരു അനായാസം 200 കടന്നു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@Shakurs17 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:







English (US) ·