ഋതുരാജ് കളിച്ചില്ലെങ്കിൽ ധോണി വരില്ല, പകരം സഞ്ജു സാംസൺ നയിക്കും: ‘അനൗദ്യോഗിക’ വൈസ് ക്യാപ്റ്റനെന്ന് മുന്‍ ഇന്ത്യൻ താരം

5 days ago 3

ഓൺലൈൻ ഡെസ്ക്

Published: March 17, 2026 07:56 PM IST

1 minute Read

 ARUN SANKAR / AFP
എം.എസ്. ധോണിയും സഞ്ജു സാംസണും. Photo: ARUN SANKAR / AFP

മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിൽ കളിക്കാനൊരുങ്ങുന്ന സഞ്ജു സാംസണ് ചെന്നൈ സൂപ്പർ കിങ്സിൽ ‘അനൗദ്യോഗിക’ വൈസ് ക്യാപ്റ്റന്റെ റോളായിരിക്കുമെന്ന് മുൻ ഇന്ത്യൻ താരം അനിൽ‍ കുംബ്ലെ. യുവതാരം ഋതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നത്. ഈ സീസണിലെ താരലേലത്തിനു മുൻപ് 18 കോടി രൂപ നൽകിയാണ് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് വാങ്ങിയത്. രാജസ്ഥാൻ റോയല്‍സിനെ വര്‍ഷങ്ങളോളം നയിച്ചിട്ടുള്ള സഞ്ജു, ചെന്നൈയിൽ ഋതുരാജിനു കീഴിലായിരിക്കും കളിക്കുക.

‘‘സഞ്ജുവിന് ഈ ടീമിൽ ഒരു വൈസ് ക്യാപ്റ്റന്റെ ചുമതലകളായിരിക്കും ഉണ്ടാകുക. സഞ്ജുവിന് പറ്റിയ റോൾ കൂടിയാണ് അത്. ഏറക്കുറെ ഒരു വൈസ് ക്യാപ്റ്റന്റെ ചുമതലകളെല്ലാം അദ്ദേഹം വഹിക്കേണ്ടിവരും. രാജസ്ഥാനെ വർഷങ്ങളായി നയിച്ച സഞ്ജുവിൽ ഒരു ക്യാപ്റ്റനു വേണ്ട മികവുകളെല്ലാമുണ്ട്. അതായിരിക്കും ചെന്നൈ സൂപ്പർ കിങ്സിനും താൽപര്യം. കഴിഞ്ഞ വർഷം ഋതുരാജിനു പരുക്കേറ്റപ്പോൾ എം.എസ്. ധോണിയാണ് വീണ്ടും ടീമിനെ നയിച്ചത്. അതിനും മുൻപ് രവീന്ദ്ര ജഡേജയായിരുന്നു ക്യാപ്റ്റൻ. സീസണിന്റെ പകുതി ആയപ്പോൾ ധോണി ക്യാപ്റ്റൻസി ഏറ്റെടുത്തു. ധോണിക്കു ശേഷം ഋതുരാജ് തന്നെ വീണ്ടും ക്യാപ്റ്റൻസിയിലേക്കു വന്നതിൽ സന്തോഷമുണ്ട്.’’

‘‘വരുന്ന സീസണിൽ ധോണി സഞ്ജുവിനെ വിക്കറ്റ് കീപ്പിങ് ഗ്ലൗ ഏൽപിച്ചാൽ അതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. സഞ്ജു എന്തായാലും നേതൃനിരയിൽ കാണും. ഋതുരാജിന് കളിക്കാൻ സാധിക്കാതിരുന്നാൽ, ധോണിയായിരിക്കില്ല, സഞ്ജുവായിരിക്കും ചുമതലകൾ ഏറ്റെടുക്കുക.’’– കുംബ്ലെ ഒരു മാധ്യമത്തിലെ ചർച്ചയ്ക്കിടെ പറഞ്ഞു. ഐപിഎലിൽ 177 മത്സരങ്ങൾ കളിച്ച സഞ്ജു മൂന്ന് സെഞ്ചറികളും 26 അർധ സെഞ്ചറികളും ഉൾപ്പടെ 4704 റൺസ് ഇതുവരെ നേടിയിട്ടുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനായി ധോണി എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധ്യതയില്ല. ധോണി ഇംപാക്ട് പ്ലേയറായി ഇറങ്ങിയാൽ‍ സഞ്ജുവായിരിക്കും ടീമിന്റെ വിക്കറ്റ് കീപ്പർ.

ചെന്നൈ സൂപ്പർ കിങ്സിൽ കളിക്കാൻ പോകുന്നതിന്റെ സന്തോഷം സഞ്ജു കഴിഞ്ഞ ദിവസം മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. ‘‘മഹിഭായിയുമായി ഞാൻ ഫോണില്‍ ഒരുപാടു സംസാരിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന്റെ ഭാഗമായി സംസാരിച്ചിട്ടുണ്ട്. നേരിട്ട് ആദ്യമായിട്ടാണ് ഒരുപാട് മത്സരങ്ങൾ ഒരുമിച്ചു കളിക്കാൻ പോകുന്നത്. അതിന്റെ നേട്ടങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷമുണ്ട്. ഇപ്പോൾ എങ്ങനെയാണ് കളിക്കുന്നത് അതേ രീതിയിലായിരിക്കും ഇനിയും കളിക്കുക. ഓരോ പേരുകൾ വിളിക്കുന്നത് ആരാധകരുടെ സന്തോഷമല്ലെ, എങ്ങനെ വേണമെങ്കിലും വിളിക്കാം. തലയും വാലും ഒന്നുമില്ല.’’– സഞ്ജു പ്രതികരിച്ചു.

English Summary:

Sanju Samson is expected to instrumentality connected an 'unofficial' vice-captain relation for Chennai Super Kings successful the upcoming IPL season, according to erstwhile Indian subordinate Anil Kumble

Read Entire Article