എട്ട് കളിയിൽ അടിച്ചത് 88 റൺസ്, ടോപ് സ്കോർ 20, വൈഭവിനു പിറകിൽ ‘സേഫായി’ ക്യാപ്റ്റൻ പരാഗ്, പഞ്ചാബ് പരീക്ഷണം ജയിക്കുമോ?

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: April 28, 2026 05:18 PM IST Updated: April 28, 2026 05:25 PM IST

1 minute Read

riyan-parag-wicket
റിയാൻ പരാഗ്

ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിനെ നേരിടാനൊരുങ്ങുമ്പോൾ ചർച്ചയായി റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന്റെ ഫോം. ടീം മികച്ച വിജയങ്ങൾ നേടുന്നുണ്ടെങ്കിലും ബാറ്ററെന്ന നിലയിൽ സീസണിൽ ഇതുവരെ ഫോമിലേക്കെത്താൻ റിയാൻ പരാഗിനു സാധിച്ചിട്ടില്ല. എട്ട് ഇന്നിങ്സുകൾ കളിച്ച താരത്തിന് 112.82 സ്ട്രൈക്ക് റേറ്റിൽ 88 റൺസെടുക്കാൻ മാത്രമാണ് ഇതുവരെ സാധിച്ചത്. 20 റൺസാണ് ഉയർന്ന സ്കോർ. രാജസ്ഥാൻ ടോപ് ഓർഡറിൽ കൗമാര താരം വൈഭവ് സൂര്യവംശിയെയും യശസ്വി ജയ്സ്വാളിനെയും ആരാധകർ ആഘോഷിക്കുമ്പോഴാണ് പരാഗ് ‘രക്ഷപെട്ടുപോകുന്നത്’. രാജസ്ഥാൻ ജയിച്ചിട്ടുള്ള മത്സരങ്ങളിലെല്ലാം ഓപ്പണിങ് സഖ്യം തുടങ്ങിവയ്ക്കുന്ന മികച്ച തുടക്കമാണു ടീമിനു കരുത്താകുന്നത്.

നാലാം നമ്പരിൽ ഇറങ്ങുന്ന പരാഗിന് തകർത്തടിക്കാതെ, നിലയുറപ്പിച്ചു കളിക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല. അവസാന മത്സരത്തിൽ സൺറൈസേഴ്സിനെതിരെ ഒൻപതു പന്തുകൾ നേരിട്ട താരം ഏഴു റൺസ് മാത്രമെടുത്തു ബോൾഡാകുകയായിരുന്നു. ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസിന്റെ പന്തിലായിരുന്നു രാജസ്ഥാൻ ക്യാപ്റ്റന്റെ മടക്കം. ഈ മത്സരത്തില്‍ ഒരു ബൗണ്ടറി പോലും നേടാൻ പരാഗിനു സാധിച്ചില്ല. സീസണ്‍ പകുതി പിന്നിട്ടതിനാൽ പരാഗിന്റെ ബാറ്റിങ്ങിലെ പ്രകടനം രാജസ്ഥാനെ അലട്ടുകയാണ്.

എട്ടു മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച രാജസ്ഥാൻ 10 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്. തുടക്കത്തിൽ തുടർവിജയങ്ങൾ നേടിയ രാജസ്ഥാൻ ഒടുവിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ മൂന്നെണ്ണവും തോറ്റു. എങ്കിലും പരാഗിന്റെ ക്യാപ്റ്റൻസിക്കെതിരെ വലിയ വിമർശനങ്ങൾ ഇതുവരെ ഉയർന്നിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ സ്പിന്നർമാരായ രവീന്ദ്ര ജഡേജയെയും രവി ബിഷ്ണോയിയെയും പരാഗ് കാര്യമായി ഉപയോഗിച്ചിട്ടില്ലെന്ന പഴി ഉയര്‍ന്നിരുന്നു. രാജസ്ഥാൻ അഞ്ചു വിക്കറ്റിനു തോറ്റ ഈ മത്സരത്തിൽ രണ്ടു സ്പിന്നർമാർക്കും ലഭിച്ചത് ഓരോ ഓവർ വീതമാണ്.

അതേസമയം കരുത്തരായ പഞ്ചാബിനെതിരെ പരാഗിന്റെ ബാറ്റിങ്ങും ക്യാപ്റ്റൻസിയും വിലയിരുത്തപ്പെടും. സീസണിൽ ഒരു മത്സരവും തോൽക്കാത്ത ടീമാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിങ്സ്. ഏഴിൽ ആറും ജയിച്ച പഞ്ചാബ് 13 പോയിന്റുമായി ടേബിൾ ടോപ്പർമാരാണ്. പഞ്ചാബ് ബാറ്റർമാരും രാജസ്ഥാന്റെ ബോളർമാരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്. നാന്ദ്രെ ബര്‍ഗറും ജോഫ്ര ആർച്ചറുമുള്ള പേസ് നിരയെയും ജഡേജയും രവി ബിഷ്ണോയിയുമുള്ള സ്പിന്‍ നിരയെയും നിർണായക മത്സരത്തിൽ പരാഗ് എങ്ങനെ ഉപയോഗിക്കുമെന്നതു ചർച്ചയാകും. രാജസ്ഥാൻ ബാറ്റിങ്ങില്‍ ജയ്സ്വാളും സൂര്യവംശിയും ഒരുപക്ഷേ നേരത്തേ പുറത്താകുകയാണെങ്കിൽ ബാറ്റിങ്ങിനെ ഭാരിച്ച ചുമതലയും റിയാൻ പരാഗിനും ധ്രുവ് ജുറേലിനുമാകും.

English Summary:

Riyan Parag's IPL Form Under Scrutiny Ahead of Punjab Kings Clash

Untitled plan  - 1

Google Trends representation displays the hunt measurement (From ‪‪01:21 p.m. to ‪04:30 p.m. connected 28 April 2026) inclination for Indian Premier League
Read Entire Article