എതിർത്തയാളെ ‘ഇന്ത്യൻ ചാരനാക്കി’, ബംഗ്ലദേശ് താരങ്ങളുടെ വായടപ്പിച്ചു! ലോകകപ്പ് കളിച്ചില്ലെങ്കിലും മാച്ച് ഫീ ഓഫർ

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: January 25, 2026 09:23 AM IST

1 minute Read

 SajjadHussain/AFP
ഇന്ത്യ–ബംഗ്ലദേശ് മത്സരത്തിൽനിന്ന്. Photo: SajjadHussain/AFP

ധാക്ക ∙ 25 വർഷം മുൻപ് ഇന്ത്യയ്ക്കെതിരെ ബംഗ്ലദേശിന്റെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചറി നേടിയ ബാറ്ററാണ് അമിനുൽ ഇസ്‌ലാം ബുൾബുൾ എന്ന ആരാധകരുടെ പ്രിയപ്പെട്ട ബുൾബുൾ ഭായ്. ബംഗ്ലദേശിന്റെ ആദ്യ ടെസ്റ്റ് സെഞ്ചൂറിയൻ എന്ന ഒരിക്കലും തിരുത്താൻ പറ്റാത്ത റെക്കോർഡിനൊപ്പം മറ്റൊന്നുകൂടി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡന്റായ ബുൾബുൾ സ്വന്തമാക്കുകയാണ്. ഐസിസി ലോകകപ്പിൽനിന്നു പുറത്താക്കപ്പെടുന്ന ടീമെന്ന ദുഷ്പേര് ബംഗ്ലദേശിനൊപ്പം മാത്രമല്ല, അമിനുൽ ഇസ്‌ലാം ബുൾബുളിനൊപ്പവും ഇനി എക്കാലവുമുണ്ടാകും.

രാഷ്ട്രീയ നിലപാടുകളുടെ പേരിൽ, ഇന്ത്യയിലേക്കില്ലെന്നു പ്രഖ്യാപിച്ച ബംഗ്ലദേശിന് ഇതുണ്ടാക്കുന്ന നഷ്ടം ചെറുതല്ല. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വാർഷിക വിഹിതവും സ്പോൺസർഷിപ് വരുമാനവും അടക്കം ഈ വർഷം 60% സാമ്പത്തിക നഷ്ടമാണു ചൂണ്ടിക്കാട്ടപ്പെടുന്നത്. ഐസിസി വിഹിതത്തിൽ മാത്രം 2.7 കോടി ഡോളർ (ഏകദേശം 247 കോടി രൂപ) നഷ്ടപ്പെടും. ഓഗസ്റ്റ് – സെപ്റ്റംബറിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനവും ഇതോടെ റദ്ദാക്കപ്പെടുകയാണ്. മറ്റു 10 രാജ്യങ്ങളുമായി പരമ്പര കളിച്ചാൽ ലഭിക്കുന്നത്ര ടെലിവിഷൻ വരുമാനമായിരുന്നു ഇന്ത്യയുമായുള്ള ഒറ്റ പരമ്പരയിലൂടെ ബംഗ്ലദേശിനു ലഭിക്കുക. ഇതും അപ്പാടെ നഷ്ടമാകും.

ബംഗ്ലദേശ് താരങ്ങളിൽ ഭൂരിഭാഗവും ലോകകപ്പിൽനിന്ന് പിന്മാറുന്നതിന് എതിരായിരുന്നു. എന്നാൽ, അവർക്കു ശബ്ദിക്കാൻ അനുവാദമില്ലാത്ത അവസ്ഥയാണു നിലവിലുള്ളത്. നേരത്തേ ശബ്ദമുയർത്തിയ സീനിയർ താരം തമിം ഇക്ബാലിനെ ഇന്ത്യൻ ചാരനെന്നു വിളിച്ചാക്ഷേപിച്ചതും വലിയ വിവാദമായി. അതേസമയം, ലോകകപ്പിൽനിന്നു പുറത്തായെങ്കിലും ടീമംഗങ്ങൾക്കു മാച്ച് ഫീയ്ക്കു തുല്യമായ തുക നൽകുമെന്നാണ് ബംഗ്ലദേശിന്റെ സ്പോർട്സ് അഡ്വൈസർ ആസിഫ് നസ്റുലും അമിനുൽ ഇസ്‌ലാമും താരങ്ങളെ ധരിപ്പിച്ചിരിക്കുന്നത്.

അമിനുൽ ഇസ്‌ലാമിനുള്ള ബന്ധങ്ങൾ ഉപയോഗിച്ച് ഐസിസിയിൽ സമ്മർദം ചെലുത്താനും ബംഗ്ലദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്കു മാറ്റാനും കഴിയുമെന്നായിരുന്നു പലരുടെയും പ്രതീക്ഷ. എന്നാൽ, പാക്കിസ്ഥാൻ ഒഴികെയുള്ള ഐസിസി അംഗരാജ്യങ്ങൾ ബംഗ്ലദേശിന്റെ ആവശ്യത്തിന് എതിരായി വോട്ട് ചെയ്തതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു.

English Summary:

Bangladesh Cricket Crisis: Bangladesh faces a important fiscal situation aft its imaginable exit from the ICC World Cup

Read Entire Article