എത്ര അവസരങ്ങൾ, ഇനി സ്വയം പഴിക്കാം, ഖത്തർ ഗോളി അബുനാഡയെ നമിക്കണം; സമനില പൂട്ടിട്ട് ഖത്തർ, സ്വിറ്റ്സര്‍ലൻഡിന് ‘ഇൻജറി’

1 month ago 5

26 ഗോള്‍ ശ്രമങ്ങളാണ് ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഖത്തറിന്റെ ഗോൾ മുഖത്ത് സ്വിറ്റ്സർലൻഡ് വർഷിച്ചത്. അതിൽ ഏഴെണ്ണം ഓൺ ടാർഗറ്റ് ഷോട്ടുകളുമായിരുന്നു. പന്തടക്കത്തിലും പാസുകളിലും ഖത്തറിനു ബഹുദൂരം മുന്നിലായിട്ടും ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സമനില കൊണ്ട് സ്വിറ്റ്സർലൻഡിന് തൃപ്തിപ്പെടേണ്ടിവന്നു. അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന് ലഭിച്ച അവസരങ്ങളിൽ ഭൂരിഭാഗവും തുലച്ചുകളഞ്ഞു. രണ്ട് പ്രതിരോധക്കോട്ട കെട്ടി ഖത്തർ ഗോൾ പോസ്റ്റിനുമുന്നിൽനിന്ന ഗോൾ കീപ്പർ മഹമൂദ് അബുനാഡ. ആദ്യ പകുതിയിൽ തന്നെ കൃത്യമായ ആധിപത്യം മത്സരത്തിൽ കൊണ്ടുവരാൻ സാധിക്കുമായിരുന്ന സ്വിസ് മുന്നേറ്റ നിരയെ അബുനാഡയുടെ ഒറ്റയാൾ പോരാട്ടം ഒന്നുകൊണ്ടു മാത്രമാണ് ഖത്തർ പ്രതിരോധിച്ചുനിന്നത്. തകര്‍ത്തുകളിച്ചിട്ടും 17–ാം മിനിറ്റിൽ ബ്രീല്‍ എംബോളോയുടെ പെനാൽറ്റി ഗോളിലൂടെ മുന്നിലെത്തിയ സ്വിറ്റ്സർലൻഡിന് രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ബൗലം ഖൗക്കിയിലൂടെ ഖത്തർ മറുപടിയൊരുക്കുകയായിരുന്നു. ഇന്‍ജറി ടൈമിലായിരുന്നു ഖത്തറിന്റെ സമനില ഗോൾ. ആദ്യ പകുതി ചടുലമായിരുന്ന പോരാട്ടത്തിന്റെ രണ്ടാം പകുതി താരതമ്യേന വിരസമായിരുന്നു.

What you should work next

സ്വിസ് ആധിപത്യത്തിന് അബുനാ‍ഡയുടെ പൂട്ട്

കിക്കോഫിനു പിന്നാലെ ഇരു ടീമുകളുടെയും മുന്നേറ്റങ്ങളോടെയാണു മത്സരം തുടങ്ങിയത്. ഒന്നാം മിനിറ്റിൽ എംബോളോ സ്വിറ്റ്സർലൻഡിനു വേണ്ടിയും രണ്ടാം മിനിറ്റിൽ എഡ്മിൽസൻ ജൂനിയർ ഖത്തറിനായും അവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ ആദ്യ മിനിറ്റുകളിൽ തന്നെ ഖത്തറിനെ പ്രതിരോധത്തിലേക്ക് തളച്ചിടാൻ സ്വിറ്റ്സർലൻഡിനു സാധിച്ചു. പന്തുമായി നിരന്തരം സ്വിസ് താരങ്ങൾ ഇരചെത്തിയതോടെ ഖത്തർ പ്രതിരോധം ആടിയുലഞ്ഞു. അതിന്റെ ഫലമായിരുന്നു സ്വിറ്റ്സർലൻഡിന്റെ ആദ്യ ഗോൾ. പന്തു വാങ്ങി ഖത്തർ ബോക്സിലെത്തിയ എട്ടാം നമ്പർ താരം റെമോ ഫ്രൗലറെ ഖത്തർ ഗോൾ കീപ്പർ മഹമൂദ് അബുനാഡ‍ ഫൗൾ ചെയ്തു വീഴ്ത്തി. വാർ പരിശോധനകൾക്കു ശേഷമാണ് സ്വിറ്റ്സർലൻഡിന് അനുകൂലമായി പെനാൽറ്റി അനുവദിച്ചത്. 16–ാം മിനിറ്റിലെ ഫൗളിന്റെ പേരിൽ അബുനാഡ യെല്ലോ കാർഡ് കണ്ടു. കിക്കെടുത്ത ബ്രീൽ എംബോളോ സ്വിറ്റ്സർലൻഡിനെ മുന്നിലെത്തിച്ചു. 1–0. ഖത്തറിൽ നടന്ന ലോകകപ്പിലും സ്വിറ്റ്സർലൻഡിന്റെ ആദ്യ ഗോളടിച്ചത് എംബോളോ ആയിരുന്നു. 

 FRAN SANTIAGO / GETTY IMAGES VIA AFP)

സ്വിറ്റ്സർലൻഡിനെതിരെ മത്സരത്തിന്റെ അവസാന നിമിഷം സമനില പിടിച്ച ഖത്തർ താരങ്ങളുടെ ആഘോഷം (Photo: FRAN SANTIAGO / GETTY IMAGES VIA AFP)

പിന്നാലെ രണ്ടാം ഗോൾ നേടുക ലക്ഷ്യമിട്ട് പന്തുമായി കുതിച്ചെത്തിയ സ്വിസ് താരം ഡെനിസ് സകരിയയെ ഖത്തർ ഗോളി അബുനാഡ പ്രതിരോധിച്ചു. ഡ്രിങ്ക് ബ്രേക്കിനു ശേഷം കളി വീണ്ടും തുടങ്ങിയപ്പോൾ, സ്വിറ്റ്സര്‍ലൻഡിനു ലഭിച്ച കോർണർ റിക്കാർഡോ റോഡ്രിഗസ് എടുത്തെങ്കിലും ഖത്തർ ഗോൾ കീപ്പർ പ്രതിരോധിച്ചു. മത്സരം 35 മിനിറ്റുകൾ പിന്നിട്ടപ്പോൾ 65 ശതമാനം പന്തടക്കവും ഒൻപതു ഷോട്ടുകളുമായി സ്വിറ്റ്സർലൻഡിന്റെ ആധിപത്യം പ്രകടമായിരുന്നു. 40-ാം മിനിറ്റിൽ എബിഷേർ പോസ്റ്റിനു സമീപത്തേക്കു നൽകിയ ക്രോസ് കണക്ടാകുന്നതിനു മുൻപു തന്നെ ഖത്തർ ഗോളി അബുനാ‍ഡ തട്ടിമാറ്റി. മറ്റൊരു കോർണർ സ്വിറ്റ്സർലൻഡിനു ലഭിച്ചെങ്കിലും ഗോൾ പിറന്നില്ല. 41–ാം മിനിറ്റിൽ ഖത്തർ മുന്നേറ്റ താരം യൂസഫ് അബ്ദുറിസാഖിനെ വീഴ്ത്തിയതിന് സ്വിസ് താരം സക്കറിയയ്ക്ക് യെല്ലോ കാർഡ് കിട്ടി. 

42–ാം മിനിറ്റിൽ ലഭിച്ച അവസരം ഖത്തർ പാഴാക്കി. അക്രം അഫിഫിന്റെ ക്രോസിൽ, എ‍ഡ്മിൽസനിന്റെ ഗോൾ ശ്രമം, പക്ഷേ സ്വിസ് ഗോളി ഗ്രെഗർ കോബൽ പ്രതിരോധിച്ചു. കോർണറായി ലഭിച്ച പന്തും ക്ലിയർ ചെയ്തതോടെ ഖത്തറിനു നിരാശ. 45–ാം മിനിറ്റിൽ സ്വിസ് താരം ബ്രീല്‍ എംബോളോ നൽകിയ പാസില്‍ പന്തുമായി പോസ്റ്റിനടുത്തേക്ക് കുതിച്ച റൂബൻ വർഗാസിന് നിരാശ. ഖത്തർ ഗോൾ കീപ്പർ അബുനാഡ കാൽ കൊണ്ട് പന്ത് അടിച്ചുനീക്കി വീണ്ടും രക്ഷകനാകുന്നു. പിന്നാലെ മിച്ചൽ അബിഷേലിന്റെ ഗോളെന്നുറപ്പിച്ച ഷോട്ട് ലൈനിൽവച്ച് ഖത്തർ താരം എൽ അഹമ്മദ് പ്രതിരോധിച്ചു. ആറു മിനിറ്റ് അധിക സമയം പിന്നിട്ടതോടെ ആദ്യ പകുതിയിൽ സ്വിറ്റ്സർലൻഡ് 1–0ന് മുന്നിൽ. ആദ്യ പകുതിയിൽ ഏഴ് ഓൺ ടാർഗറ്റ് ഷോട്ടുകളാണ് ഗോൾ ലക്ഷ്യമാക്കി സ്വിസ് മുന്നേറ്റ നിര പായിച്ചത്. അബുനാഡയെന്ന ഗോൾ കീപ്പർ ഉള്ളതുകൊണ്ടു മാത്രം ഖത്തർ വലയിലെത്തിയ ഗോളുകളുടെ എണ്ണം ഒന്നിലൊതുങ്ങി.

What you should work next

വിരസം രണ്ടാം പകുതി, ഇൻജറി ടൈമിൽ ഞെട്ടിച്ച് ഖത്തർ

രണ്ടാം പകുതിയുടെ തുടക്കത്തിൽ സ്വിസ് ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്ക പെനാൽറ്റി ഏരിയയ്ക്കു വെളിയിൽനിന്നു ലഭിച്ച പന്ത് ഗോൾ പോസ്റ്റിലേക്ക് പായിച്ചെങ്കിലും നേരിയ വ്യത്യാസത്തിലാണ് ബാറിനു മുകളിലൂടെ പുറത്തേക്കു പോയത്. രണ്ടാം പകുതിയുടെ ആദ്യ മിനിറ്റുകളിലും സ്വിറ്റ്സർലന്‍ഡിന്റെ ആധിപത്യമായിരുന്നെങ്കിലും, കാര്യമായ ആക്രമണങ്ങള്‍ ഖത്തർ ബോക്സിനപ്പുറത്തേക്ക് എത്തിയിരുന്നില്ല. 60–ാം മിനിറ്റിൽ ടീമിൽ മൂന്നു മാറ്റങ്ങൾ കൊണ്ടുവന്ന ഖത്തർ മലയാളി താരം ടഹ്സിൻ അഹമ്മദിനെ ബഞ്ചിൽ തന്നെ ഇരുത്തി. 62–ാം മിനിറ്റിൽ പന്തുമായി പെനാൽറ്റി ഏരിയയിലേക്കു കയറാൻ ശ്രമിച്ച റൂബൻ വർഗാസിനെ പകരക്കാരനായി ഇറങ്ങിയ അഹമ്മദ് ഫാത്തി ഫൗൾ ചെയ്തു വീഴ്ത്തി. ഫലമായി ലഭിച്ച ഫ്രീകിക്കിലും ലക്ഷ്യം കാണാൻ സാധിച്ചില്ല. 67–ാം മിനിറ്റിൽ ഗോൾ പോസ്റ്റിന് 22 വാര അകലെ നിന്ന് സ്വിസ് ക്യാപ്റ്റൻ സാക്കയുടെ മറ്റൊരു ഷോട്ട്. എന്നാൽ ഖത്തർ ഗോളി അബുനഡയ്ക്കോ, ഗോൾ പോസ്റ്റിനോ ഭീഷണിയാകാതെ പുറത്തേക്കുപോയി. 75–ാം മിനിറ്റിൽ റൂബൻ വർഗാസിന്റെ ഷോട്ട് ഖത്തർ ഗോളി പ്രതിരോധിച്ചു. രണ്ടാം പകുതിയിൽ ടീമിൽ കൊണ്ടുവന്ന മാറ്റങ്ങൾ ഖത്തർ ടീമിൽ കുറച്ചെങ്കിലും പ്രകടമായിരുന്നു. എന്നാൽ ഗോളിലേക്കെത്തുന്ന നീക്കങ്ങൾ 80 മിനിറ്റ് പിന്നിട്ടപ്പോഴും അവരിൽനിന്നുമുണ്ടായില്ല. 

82–ാം മിനിറ്റിൽ ഖത്തറിന്റെ പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് സ്വിസ് താരങ്ങളുടെ മികച്ച നീക്കങ്ങൾക്കൊടുവിൽ യൊഹാൻ മൻസാംബിയുടെ ഷോട്ട്. 65–ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ താരം അടിച്ച പന്ത് പുറത്തേക്കു പോയി. 85–ാം മിനിറ്റിൽ പന്തുമായി ഖത്തറിന്റെ പെനാൽറ്റി ഏരിയയിലേക്കു കയറിയ ബ്രീൽ എംബോളോ സുവർണാവസരം നഷ്ടമാക്കി. പെനാല്‍റ്റി ആർക്കിന് അകത്തുനിന്ന് ഖത്തർ പ്രതിരോധ താരങ്ങളെ വെട്ടിയൊഴിയാൻ ശ്രമിച്ച എംബോളോ പന്ത് കൈവിട്ടുകളഞ്ഞു. 90–ാം മിനിറ്റിൽ സമനില ഗോള്‍ നേടാനുള്ള സുവർണാവസരം ഖത്തർ താരം അലാല്‍ദിനും വിട്ടുകളഞ്ഞു. ഖത്തർ താരത്തിന്റെ ദുർബലമായ ഷോട്ട് സ്വിസ് ഗോളി അനായാസം പിടിച്ചെടുത്തു. രണ്ടാം പകുതിക്ക് ആറു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. എന്നാൽ 94–ാം മിനിറ്റിൽ ഖത്തർ സമനില ഗോൾ മടക്കി ഞെട്ടിച്ചു. എൽ അഹമ്മദ് പെനാൽറ്റി ഏരിയയിലേക്കു നൽകിയ ക്രോസിൽ ക്യാപ്റ്റൻ ബുവാലം ഖൗഖി തല വയ്ക്കുകയായിരുന്നു. ബുള്ളറ്റ് ഹെഡർ പിടിച്ചെടുക്കാൻ സ്വിസ് ഗോളി കോബെലിനും സാധിച്ചില്ല. സ്കോർ 1–1. പിന്നീടൊരു ഗോൾ മടക്കാനുള്ള സമയം സ്വിറ്റ്സർലൻഡിനു ലഭിക്കാതെ പോയതോടെ മത്സരം 1–1ന് സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ ലോകകപ്പിൽ ആതിഥേയരായിട്ടും മൂന്നു കളികളും തോറ്റുപുറത്തായ ഖത്തറിന്, 2026 ൽ‍ ആദ്യത്തെ പോയിന്റും സ്വന്തമായി. മലയാളി താരം ടഹ്സിൻ അഹമ്മദിന്റെ കളി കാണാൻ ആരാധകർ ഉറക്കമിളച്ചു കാത്തിരുന്നെങ്കിലും അതു സംഭവിച്ചില്ല. ടീമില്‍ അഞ്ച് സബ്സ്റ്റിറ്റ്യൂഷൻ ഖത്തർ ഉപയോഗിച്ചെങ്കിലും ടഹ്സിന് ബഞ്ചിൽ തന്നെയായിരുന്നു സ്ഥാനം. 

English Summary:

Qatar Holds Switzerland to a Draw successful Thrilling World Cup Opener

Read Entire Article