Published: May 18, 2026 07:42 PM IST
1 minute Read
ചെന്നൈ ∙ ഐപിഎലിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ അവസാന ഹോം മത്സരത്തിൽ സൂപ്പർ താരം എം.എസ്.ധോണി കളിക്കില്ല. ചെപ്പോക്ക് സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ധോണി കളിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ ഈ മത്സരത്തിൽ ധോണി കളിക്കില്ലെന്ന് ടോസ് സമയത്ത് സിഎസ്കെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് പറഞ്ഞു. ‘‘എനിക്കിത് ചോദിച്ചേ മതിയാകൂ, ധോണി എവിടെ, അദ്ദേഹം കളിക്കുന്നുണ്ടോ?’’– അവതാരകനായ രവി ശാസ്ത്രിയുടെ ചോദ്യത്തിന് ക്യാപ്റ്റൻ ഗെയ്‌ക്‌വാദിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘‘നല്ലകാര്യം എന്താണെന്നുവച്ചാൽ അദ്ദേഹം ഇപ്പോഴും ഇവിടെയുണ്ട്, പക്ഷേ ഈ മത്സരം കളിക്കാൻ അദ്ദേഹം ഫിറ്റല്ല. അടുത്ത മത്സരത്തെക്കുറിച്ച് അറിയില്ല.’’. ചെന്നൈയുടെ കഴിഞ്ഞ ഹോം മത്സരങ്ങളിൽ താരം സ്റ്റേഡിയത്തിലേക്ക് പോലും എത്തിയിരുന്നില്ല. ടീം ഹോട്ടലിൽ തന്നെ തുടരുകയായിരുന്നു. ഇതാദ്യമായാണ് താരം ടീമിനൊപ്പം സ്റ്റേഡിയത്തിലേക്ക് വരുന്നത്.
44 വയസ്സുകാരനായ ധോണി പരുക്കുകാരണം സീസണിലെ ഒരു മത്സരവും കളിച്ചിരുന്നില്ല. പരുക്കു മാറി പരിശീലനം തുടങ്ങിയെങ്കിലും കഴിഞ്ഞ മത്സരങ്ങളിലും ധോണി ഇംപാക്ട് പ്ലേയറായി പോലും ഇറങ്ങിയില്ല. അടുത്ത സീസണിൽ താരം കളിക്കാൻ സാധ്യത കുറവായതിനാൽ, ഈ സീസണിൽ ചെന്നൈയുടെ അവസാന ഹോം മത്സരത്തിൽ താരം കളിച്ചേക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. കരിയറിലെ അവസാന ട്വന്റി20 മത്സരം ചെന്നൈയിലാണ് കളിക്കുകയെന്ന് ധോണി വർഷങ്ങൾക്കു മുൻപു തന്നെ പറഞ്ഞിട്ടുള്ളതാണ്. ‘‘കരിയറിലെ അവസാന ഏകദിനം ഞാൻ കളിച്ചത് ജന്മനാടായ റാഞ്ചിയിലാണ്. ട്വന്റി20യിലെ അവസാന മത്സരം ചെന്നൈയില്‍ ആകുമെന്നു പ്രതീക്ഷിക്കുന്നു. അതു ചിലപ്പോൾ അടുത്ത വർഷമാകാം, അല്ലെങ്കിൽ അഞ്ചു വർഷങ്ങൾക്ക് അപ്പുറമാകാം.’’– അഞ്ചു വർഷങ്ങൾക്കു മുൻപ് 2021 ൽ ചെന്നൈയിലെ ടീമിന്റെ വിജയാഘോഷങ്ങൾക്കിടെയായിരുന്നു ധോണി ഇങ്ങനെ പറഞ്ഞത്.
എന്നാൽ സൺറൈസേഴ്സിനെതിരായ മത്സരത്തിനു മുൻപ് ധോണിക്ക് വീണ്ടും പരുക്കേറ്റതാണ് അവസാനനിമിഷം തിരിച്ചടിയായതെന്നാണ് സൂചന. പരിശീലനത്തിനിടെ താരത്തിന്റെ വിരലിനാണ് പരുക്കേറ്റത്. ഞായറാഴ്ച വൈകിട്ട് അരമണിക്കൂറോളം ധോണി നെറ്റ്സിൽ ചെലവഴിച്ചിരുന്നു. ചില വലിയ ഷോട്ടുകൾ കളിച്ചപ്പോൾ പോലും അസ്വസ്ഥതകളൊന്നും താരത്തിന് അനുഭവപ്പെട്ടില്ല. എങ്കിലും പൂർണമായി ഫിറ്റ് അല്ലെന്നു തോന്നിയതിനാൽ കളിക്കേണ്ടെന്ന് താരം തീരുമാനിക്കുകയായിരുന്നു. ലക്നൗവിനെതിരെ കഴിഞ്ഞ മത്സരത്തിനു മുൻപും ധോണിയുടെ വിരലിന് പരുക്കേറ്റിരുന്നു. ലക്നൗവിലേക്ക് ടീമിനൊപ്പം പോകാൻ തയാറെടുത്തിരുന്നെങ്കിലും പിന്നീട് ചെന്നൈയിൽ തന്നെ തുടരുകയായിരുന്നു.
ഇന്നു സൺറൈസേഴ്സിനെതിരെ കളിച്ചില്ലെങ്കിലും മത്സരശേഷം ആരാധകർക്കായി ചെന്നൈ ടീം നടത്തുന്ന പരമ്പരാഗത ലാപ് ഓഫ് ഓണറിൽ (മൈതാനം ചുറ്റി ആരാധകരെ അഭിവാദ്യം ചെയ്യൽ) ധോണി പങ്കാളിയായേക്കും. തന്‍റെ കരിയറിലെ അവസാന ട്വന്റി20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് ധോണി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ, സ്റ്റേഡിയത്തിൽ ധോണിയുടെ സാന്നിധ്യം വികാരനിർഭരമായ നിമിഷങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് കരുതുന്നത്.
English Summary:







English (US) ·