‘എനിക്ക് തെറ്റുപറ്റി, രാജസ്ഥാൻ റോയൽസ് പുറത്തായതിനു കാരണം ഞാൻ’: സ്വയം പഴിച്ച് വൈഭവ് സൂര്യവംശി

1 month ago 6

ഓൺലൈൻ ഡെസ്‌ക്

Published: June 01, 2026 06:01 PM IST Updated: June 01, 2026 11:07 PM IST

1 minute Read

വൈഭവ് സൂര്യവംശി (PTI Photo/Karma Bhutia)
വൈഭവ് സൂര്യവംശി (PTI Photo/Karma Bhutia)

അഹമ്മദാബാദ് ∙ രാജസ്ഥാൻ റോയൽസിനു കിരീടം ഉയർത്താൻ സാധിച്ചില്ലെങ്കിലും ഐപിഎൽ 2026 സീസൺ വൈഭവ് സൂര്യവംശിക്കു കൂടി അവകാശപ്പെട്ടതാണ്. പതിനഞ്ചുകാരൻ താരത്തിന്റെ മിന്നുംപ്രകടനത്തിന്റെ ബലത്തിലായിരുന്നു രാജസ്ഥാന്റെ മുന്നേറ്റം. റൺവേട്ടക്കാരിൽ ഒന്നാമനായ വൈഭവ്, ഓറഞ്ച് ക്യാപ് ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണ് ഏറ്റുവാങ്ങിയത്. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റാണ് രാജസ്ഥാൻ റോയൽസ് ഐപിഎലിൽനിന്നു പുറത്തായത്. മത്സരത്തിൽ വൈഭവ് 96 റൺസ് നേടി തിളങ്ങിയെങ്കിലും രാജസ്ഥാന് പരാജയം സമ്മതിക്കേണ്ടി വന്നു. 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത്, എട്ടു പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു.

ഐപിഎൽ ഫൈനലിനു പിന്നാലെ ടൂർണമെന്റിലെ ‘മോസ്റ്റ് വാല്യൂബിൾ പ്ലെയർ’ (ഏറ്റവും മികച്ച താരം) പുരസ്കാരം ഏറ്റുവാങ്ങിയ വൈഭവ് മത്സരത്തെക്കുറിച്ചും സംസാരിച്ചു. രാജസ്ഥാന്റെ തോൽവിയിൽ തനിക്കും പങ്കുണ്ടെന്ന് താരം സ്വയം കുറ്റപ്പെടുത്തി. ഗുജറാത്തിനെതിരെ ക്വാളിഫയറിൽ രാജസ്ഥാന് 10–12 റൺസിന്റെ കുറവുണ്ടായിരുന്നെന്നും മിഡിൽ ഓവറുകളിൽ താൻ സ്ട്രൈക്ക് നിലനിർത്തണമായിരുന്നെന്നും വൈഭവ് പറഞ്ഞു.

‘‘കഴിഞ്ഞ മത്സരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. ഞങ്ങൾ ഒരു 10-12 റൺസ് കുറവായാണ് എടുത്തതെന്ന് എനിക്ക് തോന്നുന്നു. എങ്കിലും, മിഡിൽ ഓവറുകളിൽ കൂടുതൽ സ്ട്രൈക്ക് ഞാൻ എടുക്കേണ്ടതായിരുന്നെനന്നാണ് എനിക്ക് തോന്നുന്നത്. കാരണം പുതിയതായി ക്രീസിലെത്തുന്ന ബാറ്റർമാർക്ക് അവിടെ കളിക്കുക ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത് വിക്കറ്റ് അത്ര നല്ലതായിരുന്നില്ല, അല്പം സ്റ്റിക്കി സ്വഭാവമായിരുന്നു. അതിനാൽ പുതിയ ബാറ്റർമാർക്ക് കൂടുതൽ സ്ട്രൈക്ക് നൽകിയതിൽ എനിക്ക് തെറ്റുപറ്റിയെന്ന് തോന്നുന്നു. ആ സമയത്ത് ഞാൻ കൂടുതൽ സമയം സ്ട്രൈക്കിൽ തുടരേണ്ടതായിരുന്നു.’’– വൈഭവ് പറഞ്ഞു.

പോയിന്റ് പട്ടികയിൽ നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്ന രാജസ്ഥാൻ, എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ചാണ് ക്വാളിഫയറിൽ എത്തിയത്. എന്നാൽ ക്വാളിഫയറിൽ കാലിടറുകയായിരുന്നു. 2022ൽ സഞ്ജു സാംസന്റെ കീഴിലാണ് രാജസ്ഥാൻ ഒടുവിൽ ഐപിഎൽ ഫൈനൽ കളിച്ചത്. അതേസമയം, ഓറഞ്ച് ക്യാപ്, മോസ്റ്റ് വാല്യൂബിൾ പ്ലെയർ എന്നിവ കൂടാതെ എമർജിങ് പ്ലെയർ ഓഫ് ദ് സീസൺ, സൂപ്പർ സ്ട്രൈക്കർ ഓഫ് ദ് സീസൺ, സൂപ്പർ സിക്സസ് ഓഫ് ദ് സീസൺ എന്നീ പുരസ്കാരങ്ങളാണ് വൈഭവിനു ലഭിച്ചത്. 776 റൺസ് നേടിയാണ് വൈഭവ് സീസണിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായത്. ഒരു സെഞ്ചറി നേടിയ താരം, മൂന്നു തവണയാണ് 90കളിൽ പുറത്തായത്.

English Summary:

Vaibhav Suryavanshi is the young prima of IPL 2026, contempt Rajasthan Royals not winning the trophy. He was the apical scorer of the play and received aggregate awards, including the Orange Cap and Most Valuable Player.

Read Entire Article