Published: May 26, 2026 08:47 PM IST Updated: May 27, 2026 12:07 AM IST
1 minute Read
കൊൽക്കത്ത ∙ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരുടെ സഹോദരിയും പ്രഫഷനൽ നർത്തകിയും കൊറിയോഗ്രഫറുമായ ശ്രേഷ്ഠ അയ്യർക്കെതിരെ ഐപിഎലിനിടെ വ്യാപക വിമർശനമാണ് ഉയർന്നത്. ഏപ്രിൽ 6നു പഞ്ചാബ് കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു പിന്നാലെ ശ്രേഷ്ഠ സമൂഹമാധ്യമത്തിൽ ഒരു വിഡിയോ പങ്കുവച്ചതോടെയാണ് സൈബറാക്രമണങ്ങളും ആരംഭിച്ചത്.
പഞ്ചാബ് കിങ്സ് പുറത്തായതിനു പിന്നാലെ ട്രോൾ, സൈബറാക്രമണ വിഷയത്തിൽ സംഭവിച്ചത് വ്യക്തമാക്കി ശ്രേഷ്ഠ അയ്യർ രണ്ടു ഭാഗങ്ങളുള്ള ഒരു വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘‘ആ റീലിന്റെ ലക്ഷ്യം വെറുമൊരു തമാശ മാത്രമായിരുന്നു. ഞാൻ ആരെയും ട്രോളുകയായിരുന്നില്ല; ആ പരിഹാസത്തിന് പിന്നിൽ എനിക്ക് മോശം ഉദ്ദേശ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ആർക്കെതിരെയും വിദ്വേഷം പരത്തുകയായിരുന്നില്ല. എന്റെ സഹോദരൻ ഒരു ക്രിക്കറ്റ് കളിക്കാരനായതുകൊണ്ട് തന്നെ ഞാൻ എല്ലാ ക്രിക്കറ്റ് കളിക്കാരെയും ബഹുമാനിക്കുന്നു. നിങ്ങൾ എന്റെ ജോലിസ്ഥലത്തേക്ക് വിളിക്കുകയും, എന്നെയും എന്റെ സഹപ്രവർത്തകരെയും എന്റെ വിദ്യാർഥികളെയും എന്റെ കുടുംബത്തെയും അധിക്ഷേപിക്കുന്നു. അവൻ ജയിച്ചാലും ഇല്ലെങ്കിലും ഞാൻ എപ്പോഴും അവനെ ആഘോഷിക്കും. ട്രോൾ ചെയ്യുന്നവർ കുടുംബങ്ങളെ ലക്ഷ്യമിടുന്നത് ശരിയല്ല.’’– ശ്രേഷ്ഠ പറഞ്ഞു.
ഞ്ചാബ് ജഴ്സിയിൽ സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് കളിക്കുന്ന ഒരു വിഡിയോയാണ് ശ്രേഷ്ഠ അന്നു പങ്കുവച്ചത്. ‘‘ഞങ്ങൾ പഞ്ചാബികൾ വലിയ ഹൃദയമുള്ളവരാണ്. ഇതാ, നിങ്ങൾക്ക് ഒരു പോയിന്റ് നൽകിയിരിക്കുന്നു’’ എന്നു വിഡിയോയിൽ പറയുന്നുണ്ട്. സീസണിൽ കൊൽക്കത്തയുടെ മൂന്നാം മത്സരമായിരുന്നു ഇത്. ആദ്യ രണ്ടു മത്സരങ്ങളിലും തോറ്റ കൊൽക്കത്ത, പഞ്ചാബിനെതിരായ മത്സരം ഉപേക്ഷിച്ചതിലൂടെ ലഭിച്ച ഒരു പോയിന്റിലൂടെയാണ് അക്കൗണ്ട് തുറന്നത്. ഇതു സൂചിപ്പിച്ചായിരുന്നു ശ്രേഷ്ഠയുടെ വാക്കുകൾ. എന്നാൽ ഇതിനെതിരെ വ്യാപക വിമർശനം ഉയരുകയായിരുന്നു. ഇതോടെ ശ്രേഷ്ഠ വിഡിയോ ഡിലീറ്റ് ചെയ്യുകയും വിശദീകരണം നൽകുകയും ചെയ്തത്.
അതേസമയം, ഐപിഎൽ സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിലും പരാജയമറിയാതെ മുന്നേറിയ പഞ്ചാബ് കിങ്‌സ്, പിന്നീട് തുടർച്ചയായി ആറു മത്സരങ്ങൾ തോൽക്കുകയും പ്ലേഓഫിലേക്ക് യോഗ്യത നേടാനാകാതെ പുറത്താവുകയുമായിരുന്നു. കൊൽക്കത്തയ്ക്കെതിരെ അന്നു ജയിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ പഞ്ചാബ് പ്ലേഓഫിൽ കയറുമായിരുന്നു. ഒരു പോയിന്റ് വ്യത്യാസത്തിലാണ് നാലാം സ്ഥാനക്കാരായി രാജസ്ഥാൻ റോയൽസ് പ്ലേഓഫിൽ കയറിയത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Instagram/shrestaiyer29/ എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:







English (US) ·