എന്തൊരു കഷ്ടമാണ്! നെയ്‌മാർക്ക് വീണ്ടും പരുക്ക്; സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽനിന്നു പുറത്ത്

4 days ago 3

ഓൺലൈൻ ഡെസ്‌ക്

Published: May 28, 2026 07:05 PM IST Updated: May 28, 2026 07:26 PM IST

1 minute Read

neymar
നെയ്‌മാർ (ഫയൽ ചിത്രം)

റിയോ ഡി ജനീറോ ∙ ലോകകപ്പ് തയാറെടുപ്പുകൾക്ക് തുടക്കത്തിൽത്തന്നെ ബ്രസീലിനു കനത്ത തിരിച്ചടി. പരുക്കേറ്റ സൂപ്പർ താരം നെയ്മാർ സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽനിന്നു പുറത്തായി. വൈദ്യപരിശോധനയിൽ താരത്തിന്റെ കണങ്കാലിനു പരുക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ടാഴ്ചത്തെ വിശ്രമം അനുവദിച്ചതായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ഡോക്ടർ റോഡ്രിഗോ ലാസ്മർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ടെറിസോപോളിസിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ഇമേജിങ് പരിശോധനകൾക്കാണ് താരത്തെ വിധേയമാക്കിയത്. ലോകകപ്പ് ടീമിൽനിന്ന് നെയ്‌മാറെ ഒഴിവാക്കിയോ എന്നു ലാസ്‍മർ വ്യക്തമാക്കിയില്ല. ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപുള്ള അവസാന സൗഹൃദ മത്സരത്തിൽ ബ്രസീൽ ഈജിപ്തിനെ നേരിടും.

ഇറ്റാലിയൻ പരിശീലകനായ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ കഴിഞ്ഞ ഒരു വർഷമായി ടീമിൽ ഇടം ലഭിക്കാതിരുന്ന നെയ്മാറെ കഴിഞ്ഞയാഴ്ച തിരികെ വിളിച്ചത് ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മാർ, 2023നു ശേഷം രാജ്യത്തിനായി കളിച്ചിട്ടില്ല. വർഷങ്ങളായി തുടരുന്ന പരുക്കും സാന്റോസിലെ നിറംമങ്ങിയ പ്രകടനവും കാരണം താരത്തിന്റെ ഫിറ്റ്നസിനെയും ഫോമിനെയും കുറിച്ച് സംശയങ്ങൾ നിലനിൽക്കെയായിരുന്നു ടീമിലേക്കുള്ള മടങ്ങിവരവ്.

ജൂൺ 13ന് ന്യൂജഴ്സിയിൽ ആഫ്രിക്കൻ ചാംപ്യൻമാരായ മൊറോക്കോയ്ക്ക് എതിരെയാണ് ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരം. ഹെയ്റ്റി, സ്കോട്‌ലൻഡ് എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റു ടീമുകൾ. തൽക്കാലം, വൈദ്യപരിശോധനയുടെ ഫലത്തിനായും തങ്ങളുടെ പ്രിയപ്പെട്ട താരം അടുത്ത മാസം കളത്തിലിറങ്ങാൻ യോഗ്യനാകുമോ എന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ബ്രസീൽ.

English Summary:

Neymar has been ruled retired of Brazil's upcoming affable matches owed to an ankle injury, dealt a important stroke to their World Cup preparations. The Brazilian Football Confederation confirmed the prima subordinate volition necessitate 2 weeks of remainder pursuing aesculapian examinations.

Read Entire Article