നേർച്ചക്കല്ലിൽ ഉടയ്ക്കുന്ന നാളികേരത്തിന്റെ അവസ്ഥയാണ്, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ കളിക്കുന്ന പാക്കിസ്ഥാന്റേത്. നാളികേരം ഉടയുമെന്ന് എല്ലാവർക്കും ഉറപ്പാണ്. നേർപകുതിയായി ഉടയുമോ അതോ ചിന്നിച്ചിതറുമോ എന്നു മാത്രമാണ് അറിയാനുള്ളത്. അതുപോലെ ഇന്ത്യയ്ക്കെതിരെ കളിക്കുമ്പോൾ പാക്കിസ്ഥാന്റെ തോൽവി ഉറപ്പാണെങ്കിലും എത്ര നാടകീയമായി തോൽക്കുമെന്നതു മാത്രമാണ് മത്സരത്തിലെ കൗതുകം. ട്വന്റി20 ലോകകപ്പിലും പതിവു തെറ്റിക്കാതെ തോറ്റ പാക്കിസ്ഥാൻ, ആ നാണക്കേടിലേക്കുള്ള വഴി സ്വയം വെട്ടുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാനെ തോൽവിയിലേക്കു നയിച്ച പ്രധാന കാരണങ്ങൾ എന്തൊക്കെ?
ടോസിൽ തുടക്കം‘ടോസ് നേടി ആദ്യം ബോൾ ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ പാക്കിസ്ഥാൻ തോറ്റിരുന്നു’– പാക്കിസ്ഥാന് എവിടെയാണു പിഴച്ചതെന്ന ചോദ്യത്തിനു മുൻ പാക്ക് ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖിന്റെ മറുപടിയാണിത്. ബോളിങ് നിരയാണ് ടീമിന്റെ ശക്തിയെന്നിരിക്കെ, ആദ്യം ബാറ്റ് ചെയ്ത് ഭേദപ്പെട്ട ടോട്ടൽ കണ്ടെത്തി അതു പ്രതിരോധിക്കുന്നതിനു പകരം ആദ്യം ബോൾ ചെയ്യാൻ പാക്കിസ്ഥാൻ തീരുമാനിച്ചതിന്റെ യുക്തി പലർക്കും പിടികിട്ടിയിട്ടില്ല. ടോസ് നഷ്ടപ്പെട്ടിട്ടും ആദ്യം ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചതിന്റെ സന്തോഷം ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അപ്പോൾത്തന്നെ പ്രകടിപ്പിച്ചിരുന്നു. ബാറ്റിങ് ദുഷ്കരമായ പിച്ചിൽ, ഇന്ത്യൻ സ്കോർ 175ൽ എത്തിയപ്പോൾത്തന്നെ പാക്കിസ്ഥാൻ മാനസികമായി തോൽവി സമ്മതിച്ചിരുന്നു.
ഷഹീന്റെ വരവ്ആദ്യ ഓവറിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കിയ പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗ, ടീമിനു നൽകിയ ആത്മവിശ്വാസം ചെറുതല്ല. സ്പിന്നർമാർക്ക് മികച്ച ആനുകൂല്യം ലഭിക്കുന്ന പിച്ചിൽ ആദ്യ ഓവർ എറിയാനുള്ള സൽമാന്റെ തീരുമാനം കൃത്യമായിരുന്നു. എന്നാൽ രണ്ടാം ഓവറിലും ഒരു സ്പിന്നറെ കൊണ്ടുവന്ന്, ഇന്ത്യൻ ടീമിനു മേൽ സമ്മർദം നിലനിർത്തുന്നതിനു പകരം പേസർ ഷഹീൻ അഫ്രീദിക്കാണ് സൽമാൻ പന്തു നൽകിയത്. ഫോം ഔട്ടിലൂടെ കടന്നുപോകുന്ന ഷഹീന്റെ വരവ് ടീം ഇന്ത്യയ്ക്ക് അനുഗ്രഹമായിരുന്നു. ഒരു സിക്സും രണ്ട് ഫോറുമടക്കം 15 റൺസ് പിറന്ന ആ ഓവർ ഇന്ത്യൻ ബാറ്റർമാർക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ നൽകി.
ഉസ്മാൻ എവിടെ?മത്സരത്തിനു മുൻപ് ഇന്ത്യൻ ബാറ്റർമാരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തിയത് പാക്കിസ്ഥാന്റെ മിസ്റ്ററി സ്പിന്നർ ഉസ്മാൻ താരിഖിനെ എങ്ങനെ നേരിടുമെന്ന ചോദ്യമായിരുന്നു. പവർപ്ലേ കഴിഞ്ഞതിനു പിന്നാലെ ഉസ്മാന്റെ സ്പെൽ ആരംഭിക്കുമെന്നായിരുന്നു ഇന്ത്യയുടെ കണക്കുകൂട്ടൽ. എന്നാൽ ഉസ്മാന് പന്ത് ലഭിച്ചത് 11–ാം ഓവറിലായിരുന്നു. അതോടെ ആദ്യ 10 ഓവറിൽ സമ്മർദമില്ലാതെ കളിക്കാനും ഭേദപ്പെട്ട സ്കോർ കണ്ടെത്താനും ഇന്ത്യയ്ക്കു സാധിച്ചു. ഇതോടെ ഉസ്മാന്റെ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കാൻ മാത്രമായിരുന്നു ഇന്ത്യയുടെ ശ്രദ്ധ. 4 ഓവറിൽ 24 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തിയ ഉസ്മാൻ തന്നെ ഏൽപിച്ച ദൗത്യം ഭംഗിയാക്കിയെങ്കിലും ആ സ്പെല്ലിന്റെ ഗുണം പാക്കിസ്ഥാനു ലഭിച്ചില്ല.
ബാബറിന്റെ വീഴ്ചമുൻനിര തകരുമ്പോൾ ഇന്നിങ്സ് ആങ്കർ ചെയ്യേണ്ട ബാബർ അസം അലക്ഷ്യമായ ഷോട്ടിനു ശ്രമിച്ചു പുറത്തായതാണ് പാക്കിസ്ഥാന്റെ പതനം പൂർണമാക്കിയത്. ആദ്യ 2 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെട്ട ടീമിനെ പവർപ്ലേ അവസാനിക്കുന്നതുവരെയെങ്കിലും മറ്റു പരുക്കുകളില്ലാതെ സംരക്ഷിക്കുക എന്നതായിരുന്നു ബാബറിന്റെ ദൗത്യം. സീനിയർ ബാറ്ററായ ബാബറിലായിരുന്നു ടീമിന്റെ എല്ലാ പ്രതീക്ഷയും. എന്നാൽ അക്ഷർ പട്ടേലിനെതിരെ അലക്ഷ്യമായൊരു സ്ലോഗ് ഷോട്ടിനു ശ്രമിച്ച ബാബർ ക്ലീൻ ബോൾഡായി. ഒപ്പം പാക്കിസ്ഥാന്റെ പ്രതീക്ഷകളും അസ്തമിച്ചു.
ഹാർദിക് വൈബ്പേസർമാർക്ക് കാര്യമായ പിന്തുണ ലഭിക്കാത്ത പിച്ചിൽ മീഡിയം പേസർ ഹാർദിക് പാണ്ഡ്യയിലൂടെ ഇന്നിങ്സ് ഓപ്പൺ ചെയ്യാനുള്ള സൂര്യയുടെ തീരുമാനം നിർണായകമായി. പാക്ക് ബാറ്റിങ്ങിന്റെ നെടുംതൂണായ ഓപ്പണർ സാഹിബ്സാദാ ഫർഹാനെ പുറത്താക്കിയാണ് ഹാർദിക് ക്യാപ്റ്റന്റെ വിശ്വാസം കാത്തത്. തുടക്കത്തിലേറ്റ ഈ തിരിച്ചടി പാക്ക് ബാറ്റിങ്ങിനെ തകർത്തു. രണ്ടാം ഓവറിലും ജസ്പ്രീത് ബുമ്രയിലൂടെ പേസ് അറ്റാക്ക് തുടർന്ന ഇന്ത്യ, രണ്ടു വിക്കറ്റ് കൂടി വീഴ്ത്തി മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പവർപ്ലേയിൽ സ്പിന്നർമാരെ പ്രതീക്ഷിച്ച പാക്കിസ്ഥാന് അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന ഈ പേസ് അറ്റാക്ക്, അവരുടെ താളം പൂർണമായും തെറ്റിച്ചു.
English Summary:







English (US) ·