Published: June 06, 2026 09:52 PM IST Updated: June 07, 2026 07:43 AM IST
1 minute Read
മുംബൈ ∙ പതിനഞ്ചു വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തതിനു പിന്നാലെ നിർണായക തീരുമാനവുമായി ബിസിസിഐ. ഇന്ത്യൻ ടീമിന്റെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ട്വന്റി20 ടീമിലേക്കാണ് വൈഭവിനെ തിരഞ്ഞെടുത്തത്. വൈഭവിനൊപ്പം അയർലൻഡിലേക്കും ഇംഗ്ലണ്ടിലേക്കും യാത്ര ചെയ്യാൻ താരത്തിന്റെ മാതാപിതാക്കൾക്കും ബിസിസിഐ അനുമതി നൽകി.
What you should work next
‘‘വൈഭവ് ഒരു കുട്ടിയായതിനാൽ, അയർലൻഡിലേക്കും ഇംഗ്ലണ്ടിലേക്കും അവനൊപ്പം മാതാപിതാക്കളെയും പോകാൻ അനുവദിക്കാൻ ഞങ്ങൾ തീരുമാനിച്ചു. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ അവർക്ക് അവനെ സഹായിക്കാനാകും. അവരുടെ എല്ലാ ചെലവുകളും ബോർഡ് വഹിക്കും.’’– ബിസിസിഐ സെക്രട്ടറി ദേവ്ജിത് സക്കിയ സ്പോർട്സ്റ്റാറിനോട് പറഞ്ഞു.
അടുത്തയാഴ്ച ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കായി ഇന്ത്യ എ ടീമിനൊപ്പം ശ്രീലങ്കയിലാണ് നിലവിൽ വൈഭവുള്ളത്. ജൂൺ 26, 28 തീയതികളിലാണ് അയർലൻഡിനെതിരായ ട്വന്റി20 മത്സരങ്ങൾ. ഇതിനു ശേഷം ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്കു പോകും. അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ജൂലൈ 1നാണ്.
ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് വൈഭവ് സൂര്യവംശി. 1989ൽ, 16–ാം വയസ്സിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായ സച്ചിൻ തെൻഡുൽക്കർ 37 വർഷം കയ്യടക്കി വച്ചിരുന്ന റെക്കോർഡാണ് വൈഭവ് മറികടന്നത്. 18–ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച വാഷിങ്ടൻ സുന്ദറിന്റെ പേരിലാണ് ട്വന്റി20യിലെ പ്രായം കുറഞ്ഞ ഇന്ത്യൻ താരത്തിന്റെ റെക്കോർഡ്. ഇതും വൈഭവ് മറികടന്നു.
രാജസ്ഥാൻ റോയൽസിനായി ഐപിഎൽ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച വൈഭവ് സൂര്യവംശി, ഒരു സെഞ്ചറിയും അഞ്ച് അർധസെഞ്ചുറികളും ഉൾപ്പെടെ 776 റൺസാണ് നേടിയത്. ഓറഞ്ച് ക്യാപ്, ടൂർണമെന്റിലെ മോസ്റ്റ് വാല്യൂബിൾ പ്ലെയർ, എമർജിങ് പ്ലെയർ പുരസ്കാരങ്ങളും വൈഭവ് സ്വന്തമാക്കി. പിന്നാലെയാണ് താരത്തെ തേടി ഇന്ത്യൻ ടീമിൽനിന്നു വിളിയെത്തിയത്. വൈഭവിൽ ഒരുപാട് പ്രതീക്ഷയുണ്ടെന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @known_tounknown എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
English Summary:





English (US) ·