Published: March 25, 2026 09:30 AM IST
1 minute Read
ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഡൽഹി ക്യാപിറ്റൽസിനു വൻ തിരിച്ചടി. ഇംഗ്ലണ്ട് ഓപ്പണിങ് ബാറ്റർ ബെൻ ഡക്കറ്റ് ഐപിഎലിൽനിന്ന് പിന്‍മാറി. താരലേലത്തിൽ രണ്ടു കോടി രൂപയ്ക്ക് വിറ്റുപോയ ഡക്കറ്റ്, കെ.എൽ. രാഹുലിനൊപ്പം ഓപ്പണിങ് ബാറ്ററാകുമെന്നായിരുന്നു പ്രതീക്ഷ. അവസാന വട്ട ഒരുക്കങ്ങൾക്കിടെ പ്രത്യേകിച്ച് കാരണമൊന്നും പറയാതെയാണ് ഡക്കറ്റിന്റെ പിൻമാറ്റമെന്നതാണു ശ്രദ്ധേയം. ഡൽഹി ആരാധകർ ക്ഷമിക്കണമെന്നും ഇംഗ്ലണ്ട് ദേശീയ ടീമിൽ കൂടുതൽ ശ്രദ്ധ നൽകാനാണു ശ്രമമെന്നുമാണ് ഡക്കറ്റ് വിശദീകരണമായി അറിയിച്ചത്.
അവസാന നിമിഷം പിൻമാറിയ താരത്തിന് മൂന്നു വർഷത്തെ വിലക്കു നേരിടേണ്ടിവരും. ‘‘വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ് ഞാനെടുക്കുന്നത്. ഇംഗ്ലണ്ടിനായി കളിക്കുകയെന്നതായിരുന്നു ചെറുപ്രായം മുതൽ എന്റെ സ്വപ്നം. ഇംഗ്ലിഷ് ക്രിക്കറ്റിനു വേണ്ടി എന്നാൽ കഴിയുന്നത് എല്ലാം ചെയ്യണം. അതിനായി ഇംഗ്ലണ്ടിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു.’’– സമൂഹമാധ്യമത്തിൽ ഡക്കറ്റ് കുറിച്ചു. പിൻമാറാനുള്ള തീരുമാനത്തിൽ ഡൽഹി ടീം മാനേജ്മെന്റിനോടും ആരാധകരോടും മാപ്പു പറയുന്നതായും ഡക്കറ്റ് അറിയിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനായി അടുത്തിടെ നടന്ന മത്സരങ്ങളിലൊന്നും മികച്ച സ്കോർ കണ്ടെത്താൻ ഡക്കറ്റിനു സാധിച്ചിരുന്നില്ല. ആഷസ് പരമ്പരയിൽ 220 റൺസാണ് താരം ആകെ നേടിയത്. ട്വന്റി20 ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും ഇംഗ്ലണ്ടിനായി ഒരു മത്സരത്തിലും അവസരം ലഭിച്ചില്ല. ഏപ്രിൽ മൂന്നിന് തുടങ്ങുന്ന ഇംഗ്ലിഷ് കൗണ്ടി ക്രിക്കറ്റിൽ കളിച്ച് ഫോം കണ്ടെത്താനാണ് ഡക്കറ്റ് ശ്രമിക്കുന്നത്. നോട്ടിങ്ങാംഷെയറിനു വേണ്ടി താരം കളിക്കാനിറങ്ങും. ജൂൺ ആദ്യം ആരംഭിക്കുന്ന ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം ഇംഗ്ലണ്ടിനായി കളിച്ചേക്കും. ഡക്കറ്റ് കളിക്കാത്തതിനാൽ ശ്രീലങ്കൻ ബാറ്റർ പതും നിസംഗ ഡൽഹിക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കും.
English Summary:






English (US) ·