Published: May 30, 2026 11:16 AM IST Updated: May 30, 2026 07:45 PM IST
1 minute Read
ന്യൂഡല്‍ഹി∙ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ സാധിക്കില്ല. സിലക്ഷൻ ട്രയല്‍സ് സെമി ഫൈനലിൽ ഹരിയാനയുടെ മീനാക്ഷിയോടു തോറ്റ് വിനേഷ് പുറത്തായി. 4–6 എന്ന സ്കോറിനാണ് വിനേഷിന്റെ തോൽവി. ഇതോടെ സുപ്രീം കോടതി വരെ കേസിനു പോയി ഗെയിംസിൽ പങ്കെടുക്കാൻ അനുമതി നേടിയെടുത്ത വിനേഷിന്റെ ശ്രമങ്ങളും പാഴായി.
രണ്ടാം പോരാട്ടത്തിൽ ഹരിയാനയുടെ നിഷുവിനെ വിനേഷ് കീഴടക്കിയിരുന്നു. അവസാന മിനിറ്റുവരെ പൊരുതിനിന്ന നിഷുവിനെ 5–6 എന്ന സ്കോറിനാണ് വിനേഷ് കീഴടക്കിയത്. മത്സരത്തിനിടെ രണ്ടു തവണ നിഷു അപ്പീൽ പോയെങ്കിലും, വിധി വിനേഷിന് അനുകൂലമായിരുന്നു. 53 കിലോ ഗ്രാം വിഭാഗത്തിലെ ആദ്യ റൗണ്ടിൽ ഹരിയാനയുടെ ജ്യോതിയെ ഏഴ് പോയിന്റിന് പരാജയപ്പെടുത്തിയാണ് വിനേഷ് ആദ്യ റൗണ്ടിൽ വിജയിച്ചത്.
തോൽവിക്കു പിന്നാലെ ഗുരുതരമായ ആരോപണങ്ങളുമായി വിനേഷ് ഫോഗട്ട് രംഗത്തെത്തി. ‘‘രാജ്യത്തെ ഭരണവർഗം ഒരുഭാഗത്തും ഞാനും എന്റെ ടീമും മറുഭാഗത്തും നിന്നൊരു മത്സരമായിരുന്നു ഏഷ്യൻ ട്രയൽസ്. ട്രയൽസിൽ പങ്കെടുക്കാന്‍ തയാറെടുപ്പു തുടങ്ങിയതു മുതൽ ഓരോ ഘട്ടത്തിലും നിയമസംവിധാനങ്ങളും ഫെഡറേഷനും എതിർപ്പുമായി നിലകൊണ്ടു. തോൽവിയും ജയവും എന്നെ ബാധിക്കുന്ന വിഷയമല്ല. ഗുസ്തിക്കായി ഗോദയിലിറങ്ങിയാൽ തോൽവിയും ജയവും അംഗീകരിക്കാനും കൂടി പഠിക്കണമെന്നാണ്.ആദ്യമായല്ല ഞാൻ തോൽക്കുന്നത്. എന്നാൽ എല്ലാ സിസ്റ്റവും എനിക്കെതിരെ നിൽക്കുമ്പോഴൊരു തോൽവിയിൽ പ്രയാസമുണ്ട്.’’
‘‘ഇന്ന് മത്സരദിവസം രാവിലെ മുതൽ പരിശീലനത്തിലും വിശ്രമത്തിലും ഇരിക്കേണ്ട ഞാൻ ഫെഡറേഷൻ അംഗങ്ങളോടു പോരടിക്കുകയായിരുന്നു. എതിരാളികളെ നറുക്കിട്ട് എടുക്കണമെന്നത് രാജ്യാന്തര നിയമമാണ്. എന്നാൽ ഇന്നു മത്സരിക്കാനെത്തിയ ഏറ്റവും കരുത്തുറ്റ താരങ്ങളെ എനിക്ക് എതിരാളികളായി നിർത്തി രാജ്യാന്തര നിയമങ്ങളും ലംഘിച്ചു. ഈ തോൽവിയല്ല എന്റെ കരിയർ നിശ്ചയിക്കുന്നത്. ഞാൻ നന്നായി പരിശീലിച്ച് വീണ്ടും തിരികെയെത്തും. അമ്മയാകുന്നത് ഗുസ്തിയ്ക്ക് അയോഗ്യതയല്ലെന്ന എന്റെ കേസിലെ സുപ്രീംകോടതി വിധി എനിക്ക് പിന്നാലെ വരുന്ന താരങ്ങൾക്കും അവസരങ്ങൾ നൽകും.’’
‘‘പ്രസവശേഷം മത്സരത്തിലേക്കു തിരികെയെത്തുന്ന താരങ്ങൾക്ക് ഇളവുനൽകുന്ന തരത്തിൽ മത്സരങ്ങളുടെ നയം മാറ്റണം. ഞാൻ കോടതികൾ കയറി ഇറങ്ങിയതിനെത്തുടർന്ന് ലഭിച്ചതുപോലെയല്ല, അവകാശമായി താരങ്ങൾക്ക് അത് ലഭിക്കണം. പ്രസവവും കുഞ്ഞുമൊക്കെയായി കഴിഞ്ഞ 2 വർഷമായി ഞാൻ ഗോദയ്ക്ക് പുറത്തായിരുന്നു.എന്റെ മകന് 10 മാസമാണ് പ്രായം. എന്റെ മകൻ എന്റെ ഈ പരാജയത്തിലും അഭിമാനിക്കും. വരും ദിനങ്ങളിലും ഈ ഭരണകൂടം എന്നെ വേട്ടയാടുമെന്ന് അറിയാം.എങ്കിലും ഞാൻ തോൽക്കാൻ തയാറല്ല.’’– വിനേഷ് ഫോഗട്ട് മത്സരശേഷം പറഞ്ഞു.
English Summary:







English (US) ·