Published: May 03, 2026 05:48 PM IST
1 minute Read
ഹൈദരാബാദ് ∙ ഐപിഎൽ ചരിത്രത്തിൽ എല്ലാ സീസണുകളിലും കുറഞ്ഞത് ഒരു മത്സരമെങ്കിലും കളിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റർ മനീഷ് പാണ്ഡെ. ഞായറാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ഐപിഎൽ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിങ് ഇലവനിൽ ഉൾപ്പെട്ടതോടെയാണ് മനീഷ് പാണ്ഡെ ചരിത്രനേട്ടം സ്വന്തമാക്കിയത്.
വിരാട് കോലി, രോഹിത് ശർമ എന്നിവർ മാത്രമാണ് മുൻപ് ഈ നേട്ടം കൈവരിച്ചവർ. വിരാട് കോലി ഒരു ഫ്രാഞ്ചൈസിക്ക് (ആർസിബി) വേണ്ടി മാത്രം ഈ നേട്ടം കൈവരിച്ച ഏക താരമാണ്. രോഹിത് ശർമ ഡെക്കാൻ ചാർജേഴ്സിൽ നിന്നാണ് മുംബൈ ഇന്ത്യൻസിലേക്ക് വന്നത്. എം.എസ്. ധോണിയും ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളിക്കുകയാണെങ്കിൽ ഈ പട്ടികയിൽ ഇടംപിടിക്കും. എന്നാൽ കാലിലെ പേശിക്കേറ്റ പരുക്ക് കാരണം താരം ഇതുവരെ കളിച്ചിട്ടില്ല.
രമൺദീപ് സിങ്ങിനും പകരക്കാരനായാണ് 36 വയസ്സുകാരനായ മനീഷ് പാണ്ഡെ കെകെആർ ഇലവനിൽ എത്തിയത്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ അനുഭവപരിചയത്തിന് മുൻഗണന നൽകിയതോടെ, തേജസ്വി ദാഹിയ, സാർഥക് രഞ്ജൻ തുടങ്ങിയ യുവതാരങ്ങളെ മറികടന്ന് പാണ്ഡെയെ തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തെ ഐപിഎലിന് ശേഷം മനീഷ് പാണ്ഡെ കളിക്കുന്ന ആദ്യ മത്സരമാണ് ഇത്. 2025-26 ആഭ്യന്തര സീസണിലേക്ക് കർണാടക ടീം താരത്തെ ഉൾപ്പെടുത്തിയിരുന്നില്ല.
2008ലെ ആദ്യ സീസണിൽ മുംബൈ ഇന്ത്യൻസിനു വേണ്ടിയാണ് മനീഷ് പാണ്ഡെ ഐപിഎലിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് മാറി. 2009ൽ ആർസിബിക്കു വേണ്ടി സെഞ്ചറി നേടിയ താരം, ഐപിഎൽ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ താരമായി. തുടർന്ന് 2010ൽ പുണെ വാരിയേഴ്‌സ് ഇന്ത്യയിൽ ചേർന്ന താരം, നാല് സീസണുകളിൽ അവിടെ കളിച്ചു. 2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമുള്ള സീസണായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വർഷം. ആ വർഷമാണ് അദ്ദേഹം ആദ്യമായി ഒരു സീസണിൽ 400 റൺസ് നേടിയത്. ഗൗതം ഗംഭീറിന്റെ കീഴിൽ കൊൽക്കത്ത ആ സീസണിൽ കിരീടം നേടുകയും ചെയ്തു.
2018ൽ സൺറൈസേഴ്‌സ് ഹൈദരാബാദിലേക്കു മാറി. പിന്നീട് 2022ൽ ലക്നൗ സൂപ്പർ ജയന്റ്സിനായും 2023ൽ ഡൽഹി ക്യാപിറ്റൽസിനായും കളിച്ച ശേഷം 2024ൽ വീണ്ടും കെകെആറിലേക്ക് മടങ്ങി. 75 ലക്ഷത്തിനാണ് താരത്തെ ടീമിലെടുത്തത്. കൊൽക്കത്ത കിരീടം നേടിയ ആ വർഷം ഒരു മത്സരവും കഴിഞ്ഞ വർഷം മൂന്ന് മത്സരങ്ങളും അദ്ദേഹം കളിച്ചു. ഐപിഎലിൽ ഇതുവരെ 174 മത്സരങ്ങൾ കളിച്ച മനീഷ് പാണ്ഡെയ്ക്ക് 3942 റൺസാണ് സമ്പാദ്യം. ഒരു സെഞ്ചറിയും 22 അർധസെഞ്ചറിയും നേടിയിട്ടുണ്ട്.
English Summary:







English (US) ·