Published: May 30, 2026 10:04 AM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ നിരാശപ്പെടുത്തിയ പ്രകടനത്തിനു പിന്നാലെ സ്ഥാനമൊഴിഞ്ഞ് ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. 2026 ഐപിഎലിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായാണ് ലക്നൗ സീസൺ അവസാനിപ്പിച്ചത്. 2025ൽ ലക്നൗ ഏഴാം സ്ഥാനത്തായിരുന്നു. പന്ത് സ്ഥാനമൊഴിയാൻ സ്വയം തീരുമാനിക്കുകയായിരുന്നെന്ന് ലക്നൗ ഡയറക്ടർ ടോം മൂഡി പ്രസ്താവനയിൽ അറിയിച്ചു. ക്യാപ്റ്റനെന്ന നിലയിൽ ഋഷഭ് പന്തിന്റെ സേവനങ്ങൾക്കു നന്ദിയുണ്ടെന്നും ടോം മൂഡി വ്യക്തമാക്കി.
‘‘സ്ഥാനമൊഴിയാൻ ഋഷഭ് പന്ത് അഭ്യർഥിക്കുകയായിരുന്നു. ഞങ്ങൾ അത് ബഹുമാനപൂർവം സ്വീകരിക്കുന്നു. ഈ തീരുമാനങ്ങള്‍ ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല . ഋഷഭ് പന്തിനു ഞങ്ങളുടെ നന്ദി അറിയിക്കുകയാണ്. മികച്ച നിലവാരമുള്ളൊരു ടീമിനെ ഉണ്ടാക്കിയെടുക്കുക ലക്ഷ്യമിട്ട് ഒരുമിച്ചു പ്രവർത്തിക്കാനാണു തീരുമാനം.’’–ടോം മൂഡി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം പന്ത് വിക്കറ്റ് കീപ്പർ മാത്രമായി ലക്നൗവിൽ വരും സീസണുകളിൽ തുടരുമോയെന്ന ചോദ്യത്തിന് ടോം മൂഡി വ്യക്തമായ ഉത്തരം നൽകിയില്ല. സീസണിലെ പ്രകടനം വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് ടോം മൂഡി ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
ലക്നൗ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ രണ്ടാമത്തെ ക്യാപ്റ്റനാണ് 28 വയസ്സുകാരനായ ഋഷഭ് പന്ത്. 2022 മുതൽ 2024 വരെ കെ.എൽ. രാഹുലായിരുന്നു ലക്നൗവിന്റെ ക്യാപ്റ്റൻ. ഡൽഹി ക്യാപിറ്റൽസ് റിലീസ് ചെയ്തതോടെ 2025 മെഗാലേലത്തിൽ പങ്കെടുത്ത പന്തിനെ, 27 കോടി രൂപയ്ക്കാണ് ലക്നൗ വാങ്ങിയത്. ഐപിഎൽ ചരിത്രത്തിലെ തന്നെ വിലയേറിയ താരമായും പന്ത് ഇതോടെ മാറി. പന്തിന്റെ ക്യാപ്റ്റൻസിയിൽ 18 മത്സരങ്ങൾ ലക്നൗ തോറ്റു. 10 വിജയങ്ങൾ സ്വന്തമാക്കി. ബാറ്റിങ്ങിലും താരത്തിനു തിളങ്ങാൻ സാധിച്ചിരുന്നില്ല. 2026 സീസണിൽ 138.05 സ്ട്രൈക്ക് റേറ്റിൽ 312 റൺസാണ് പന്ത് സ്കോർ ചെയ്തത്.
English Summary:







English (US) ·