ഐസിസി ടൂർണമെന്റുകളിൽ ദക്ഷിണാഫ്രിക്ക സെമിയി‍ൽ തോറ്റത് 12 തവണ, ഒരു ഫൈനൽ തോൽവിയും; ഇക്കുറി കപ്പടിച്ചു

9 months ago 14

എം.അക്ഷയ

Published: June 15 , 2025 09:03 AM IST

1 minute Read

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കളായ ദക്ഷിണാഫ്രിക്കൻ ടീം ട്രോഫിയുമായി ആഹ്ലാദത്തിൽ.
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കളായ ദക്ഷിണാഫ്രിക്കൻ ടീം ട്രോഫിയുമായി ആഹ്ലാദത്തിൽ.

ലോഡ്സിലെ മൈതാനത്ത് ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് എന്ന വിജയലക്ഷ്യത്തിലേക്കു ദക്ഷിണാഫ്രിക്ക ഇഞ്ചോടിഞ്ച് അടുക്കുമ്പോഴും ആരാധകർക്കു നെഞ്ചിടിപ്പായിരുന്നു. ഇടയ്ക്കിടെയുള്ള വിക്കറ്റ് വീഴ്ചകൾ കൂട്ടത്തകർച്ചയിലേക്ക് എത്തുമോ? വിജയത്തിന്റെ പടിക്കൽ വീണ്ടും കുടം ഉടയുമോ? ഒടുവിൽ, മിച്ചൽ സ്റ്റാർക്കിന്റെ പന്ത് കവർ പോയിന്റിലൂടെ ബൗണ്ടറിയിലേക്കു പായിച്ച് കൈൽ വെരേന്ന വിജയമുറപ്പിച്ചപ്പോൾ ഗാലറിയിലും ഡ്രസിങ് റൂമിലും ആഹ്ലാദത്തിന്റെ ഇടിമുഴക്കം. കപ്പിനും ചുണ്ടിനുമിടയിൽ മുൻപ് വഴുതിപ്പോയ കിരീടങ്ങളെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ കളിക്കാരും ആരാധകരും ആ നിമിഷം ഓർത്തിട്ടുണ്ടാകും.

∙ 1992 ഏകദിന ലോകകപ്പ് സെമി

ഇംഗ്ലണ്ടിനെതിരെ 253 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്ക ജയിക്കാൻ 13 ബോളിൽ 21 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണു മഴ കളി തടസ്സപ്പെടുത്തിയത്. മഴ മാറി കളി പുനരാരംഭിച്ചപ്പോൾ ഡക്‌വർത് ലൂയിസ് നിയമപ്രകാരം ലക്ഷ്യം പുനർനിർണയിച്ചു; ജയിക്കാൻ ഒരു ബോളിൽ 22 റൺസ്. ദക്ഷിണാഫ്രിക്ക തോറ്റു, അല്ല, കയ്യിലിരുന്ന വിജയം മഴ തട്ടിയെടുത്തു.

∙ 1999 ഏകദിന ലോകകപ്പ് സെമി

സെമിഫൈനലിൽ ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക ടീമുകൾ നേർക്കുനേർ. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ അവസാന 3 പന്തിൽ നിന്ന് ഒരു റൺ മാത്രം. കയ്യിൽ ഒരു വിക്കറ്റ്. ബാറ്റ് ചെയ്യുന്നതു മികച്ച ഫോമിൽ കളിക്കുന്ന ലാൻസ് ക്ലൂസ്നർ. ക്ലൂസ്നർ വിജയം നേടിക്കൊടുക്കുമെന്ന് എല്ലാവരും ഉറപ്പിച്ചെങ്കിലും നോൺ സ്ട്രൈക്കർ അലൻ ഡോണൾഡിനുണ്ടായ ആശയക്കുഴപ്പം റണ്ണൗട്ടി‍ൽ കലാശിച്ചു. മത്സരം ടൈ. ലീഗ് മത്സരത്തിലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ജയത്തിന്റെ ബലത്തിൽ ഓസ്ട്രേലിയ ഫൈനലിൽ.

∙ 2015 ഏകദിന ലോകകപ്പ് സെമിഫൈനൽ

മഴനിയമം മൂലം 43 ഓവറായി ചുരുക്കിയ മത്സരത്തിൽ വിജയ റൺ നേടി ന്യൂസീലൻഡ് ആദ്യമായി ലോകകപ്പ് ഫൈനലിലേക്ക് കടക്കുന്നു. കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ സങ്കടം പലവട്ടം തുടച്ചുമാറ്റി നടന്നു നീങ്ങുന്ന എബി ഡിവില്ലിയേഴ്സ്, നിരാശനായി ഗ്രൗണ്ടിൽ ഇരുന്നു പൊട്ടിക്കരയുന്ന മോണി മോർക്കൽ. ചരിത്രം പിന്നെയും ആവർത്തിച്ചു. 2023 ഏകദിന സെമി ഫൈനലിൽ, 2024 ട്വന്റി20 ലോകകപ്പ് ഫൈനലിൽ; ഐസിസി കിരീടം ദക്ഷിണാഫ്രിക്കയിൽ നിന്ന് അകന്നുകൊണ്ടേയിരുന്നു; 27 വർഷത്തെ തോൽവിയുടെ ചരിത്രം ഇന്നലെ തിരുത്തും വരെ.

English Summary:

South Africa: After 27 years of heartbreaking semi-final and last losses, Kyle Verreynne's bound sealed a historical victory, ending the Proteas' agelong hold for an ICC trophy.

Read Entire Article