Published: February 08, 2026 10:34 PM IST
1 minute Read
ലഹോർ∙ ഇന്ത്യയ്ക്കെതിരായ ട്വന്റി20 ലോകകപ്പ് മത്സരം ബഹിഷ്കരിക്കുമെന്ന തീരുമാനം പാക്കിസ്ഥാൻ റദ്ദാക്കിയേക്കും. പാക്കിസ്ഥാൻ സർക്കാരാണ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് മത്സരം കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. ഫെബ്രുവരി 15ന് ശ്രീലങ്കയിൽവച്ചാണ് ഇന്ത്യ–പാക്ക് മത്സരം നടക്കേണ്ടത്. വിഷയം ചർച്ച ചെയ്യാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അംഗങ്ങൾ ഞായറാഴ്ച ലഹോറിലെത്തിയിരുന്നു. ഇതിനു പിന്നാലെ പിസിബി തലവൻ മൊഹ്സിൻ നഖ്‌വി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുകയാണെന്നാണു വിവരം.
ലഹോറിലെത്തിയ ഐസിസി അംഗങ്ങള്‍ മത്സരം ബഹിഷ്കരിച്ചാൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ പിസിബിയെ അറിയിച്ചിട്ടുണ്ട്. കോടികള്‍ പിഴയായി ചുമത്തുമെന്നടക്കം ഐസിസി മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്ന് അഭ്യൂഹങ്ങളുണ്ട്. അന്തിമ തരുമാനം എടുക്കുന്നതിനു മുൻപ് ഒരിക്കൽ കൂടി പാക്ക് പ്രധാനമന്ത്രിയെ കാണാനാണ് പിസിബി തലവന്റെ നീക്കം. പ്രശ്നപരിഹാരത്തിനായി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് തലവൻ അമിനുൽ ഇസ്‍ലാമും ലഹോറിലെത്തിയിട്ടുണ്ട്.
ലോകകപ്പ് മത്സരങ്ങൾക്കായി നിലവിൽ ശ്രീലങ്കയിലുള്ള പാക്ക് താരങ്ങളെ പിസിബി അന്തിമ തീരുമാനം അറിയിക്കും. ബഹിഷ്കരണത്തിൽനിന്ന് പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മത്സരത്തിന്റെ ആതിഥേയരായ ശ്രീലങ്ക പാക്കിസ്ഥാന് കത്തെഴുതിയിരുന്നു. ടിക്കറ്റ് വിൽപനയിലൂടെ വലിയ ലാഭം പ്രതീക്ഷിച്ചിരിക്കെ പാക്കിസ്ഥാൻ മത്സരത്തിൽനിന്ന് പിൻമാറിയത് ശ്രീലങ്കയ്ക്കും ഞെട്ടലായിരുന്നു. മുൻപ് ഭീകരാക്രമണങ്ങളെ തുടർന്ന് പാക്കിസ്ഥാനിലേക്ക് പ്രധാന ടീമുകളൊന്നും കളിക്കാൻ പോകാതിരുന്നപ്പൾ, ശ്രീലങ്ക മാത്രമായിരുന്നു അതിനു തയാറായത്. ശ്രീലങ്ക അയച്ച കത്തിൽ ഇക്കാര്യം അടക്കം പരാമർശിച്ചിട്ടുണ്ടെന്നാണു വിവരം.
പാക്കിസ്ഥാന്റെ ആവശ്യപ്രകാരമാണ് ലോകകപ്പിൽ അവരുടെ എല്ലാ മത്സരങ്ങളും ശ്രീലങ്കയിൽ നടത്തുന്നത്. എന്നാൽ ബംഗ്ലദേശ് പുറത്തുപോയതോടെ, അവർക്ക് പിന്തുണ പ്രഖ്യാപിച്ച് പാക്കിസ്ഥാൻ ഇന്ത്യയെ ബഹിഷ്കരിക്കുകയായിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും സൂപ്പർ 8 റൗണ്ടിലും സെമിയിലും കടന്നാൽ ആ മത്സരങ്ങൾ കളിക്കുമോയെന്ന് പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
English Summary:







English (US) ·