Published: February 11, 2026 03:47 PM IST Updated: February 11, 2026 04:02 PM IST
2 minute Read
അഹമ്മദാബാദ്∙ രണ്ടു സൂപ്പർ ഓവറുകൾ വരെ നീണ്ട ലോകകപ്പ് പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്ക. ആദ്യ സൂപ്പർ ഓവറിൽ ഇരു ടീമുകളും 17 റൺസ് വീതം നേടിയതോടെയാണ് മത്സരം രണ്ടാം സൂപ്പർ ഓവർ വരെ നീണ്ടത്. ആദ്യ ഓവറില്‍ അഫ്ഗാനിസ്ഥാനു വേണ്ടി അസ്മത്തുല്ല ഒമർസായി അഞ്ച് പന്തിൽ 16 ഉം റഹ്മാനുല്ല ഗുർബാസ് ഒരു റൺസും നേടിയതോടെ സ്കോർ 17. മറുപടിയിൽ ഡെവാൾഡ് ബ്രെവിസിന്റെ (ആറ്) വിക്കറ്റ് നഷ്ടമായെങ്കിലും ട്രിസ്റ്റൻ സ്റ്റബ്സ് മൂന്നു പന്തിൽ 10 റൺസെടുത്തതോടെ ദക്ഷിണാഫ്രിക്കയും ഒരോവറിൽ 17 റൺസ്.
അങ്ങനെ മത്സരം രണ്ടാം സൂപ്പർ ഓവറിലേക്കു നീണ്ടു. ഏതു വിധേനയും മത്സരംപിടിക്കാൻ ദക്ഷിണാഫ്രിക്ക ഇറക്കിയത് ട്രിസ്റ്റൻ സ്റ്റബ്സിനെയും ഡേവിഡ് മില്ലറെയും. മില്ലർ നാലു പന്തിൽ 16 ഉം സ്റ്റബ്സ് രണ്ടു പന്തിൽ ഏഴും റൺസെടുത്തപ്പോൾ അഫ്ഗാനിസ്ഥാന് 24 റൺസ് വിജയലക്ഷ്യം. മറുപടി ബാറ്റിങ്ങിൽ കേശവ് മഹാരാജിന്റെ രണ്ടാം പന്തിൽ അഫ്ഗാന് മുഹമ്മദ് നബിയെ (പൂജ്യം) നഷ്ടമായി. നേരിട്ട നാലു പന്തുകളിൽ മൂന്നും സിക്സർ പറത്തിയ റഹ്മാനുല്ല ഗുർബാസ് 18 റൺസാണ് അടിച്ചെടുത്തത്. കേശവ് മഹാരാജിന്റെ ആറാം പന്ത് വൈഡായതോടെ അവസാന പന്തിൽ അഫ്ഗാന് ജയിക്കാൻ വേണ്ടത് അഞ്ച് റൺസ്. എന്നാൽ ഗുർബാസിനെ പുറത്താക്കിയ മഹാരാജ് കളി പിടിച്ചെടുത്തു. രണ്ട് സൂപ്പർ ഓവറുകൾ വരെ നീണ്ട മത്സരത്തിൽ അഫ്ഗാൻ തോൽക്കുന്നത് ഇതു രണ്ടാം തവണയാണ്.
വിജയത്തോടെ ഡി ഗ്രൂപ്പിൽ രണ്ടു കളികളും ജയിച്ച ദക്ഷിണാഫ്രിക്ക നാലു പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. രണ്ടു വിജയങ്ങളുള്ള ന്യൂസീലൻഡാണു ഡി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ. മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തപ്പോള്‍, മറുപടി ബാറ്റിങ്ങിൽ അഫ്ഗാനിസ്ഥാൻ 19.4 ഓവറിൽ 187 റൺസെടുത്തു. വാലറ്റത്ത് നൂർ അഹമ്മദും (ഒൻപതു പന്തിൽ 15), ഫസൽഹഖ് ഫറൂഖിയും (പൂജ്യം) ചേർന്ന് അഫ്ഗാനെ വിജയത്തിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ഫറൂഖി റണ്ണൗട്ടാകുകയായിരുന്നു. ഇതോടെയാണു മത്സരം സൂപ്പർ ഓവറിലേക്കു നീണ്ടത്.
മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ ഓപ്പണര്‍ റഹ്മാനുല്ല ഗുർബാസാണ് അഫ്ഗാനു വേണ്ടി തിളങ്ങിയത്. 42 പന്തിൽ ഏഴു സിക്സുകളും നാലു ഫോറുകളുമുൾപ്പടെ 84 റൺസെടുത്താണ് റഹ്മാനുല്ല പുറത്താകുന്നത്. അസ്മത്തുല്ല ഒമര്‍സായി (22), റാഷിദ് ഖാൻ (20), ദർവിഷ് റസൂലി (15) എന്നിവരാണ് അഫ്ഗാനിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലുങ്കി എൻഗിഡി മൂന്നും മാർകോ യാൻസൻ, കഗിസോ റബാദ, ജോര്‍ജ് ലിൻഡെ, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റയാൻ റിക്കിൾട്ടൻ, ക്വിന്റർ ഡി കോക്ക് എന്നിവർ അര്‍ധസെഞ്ചറി നേടി. 28 പന്തുകൾ നേരിട്ട റിക്കിൾട്ടൻ 61 ഉം 41 പന്തുകൾ നേരിട്ട ഡികോക്ക് 59 ഉം റൺസെടുത്തു. ഡെവാൾഡ് ബ്രെവിസ് (19 പന്തിൽ 23), ഡേവിഡ‍് മില്ലർ (15 പന്തില്‍ 20 എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. അവസാന ഓവറുകളിൽ തകർത്തടിച്ച മാർകോ യാൻസൻ ഏഴു പന്തിൽ 16 റണ്‍സെടുത്തു. അഫ്ഗാനു വേണ്ടി അസ്മത്തുല്ല ഒമർസായി മൂന്നും റാഷിദ്ഖാൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
English Summary:







English (US) ·