ഒന്നാം ക്വാളിഫയറിൽ ബെംഗളൂരുവിനോട് തോറ്റവർ ഫൈനലി‍ൽ കണക്കു തീർക്കുമോ? ഭീഷണികൾ അറിയാതെ ആർസിബി

1 day ago 1

അഹമ്മദാബാദ്∙ റെക്കോർഡുകളുടെ റൺമഴക്കാലം സമ്മാനിച്ച ഐപിഎൽ 19–ാം സീസണിലെ കലാശപ്പോരാട്ടത്തിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അരങ്ങുണരും. നിലവിലെ ചാംപ്യൻമാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവും ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായ ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരുമ്പോൾ ഇരുവർക്കും ഒരേ ലക്ഷ്യം; രണ്ടാം കിരീടം! ലീഗ് ഘട്ടത്തിൽ ഒന്നും രണ്ടും സ്ഥാനക്കാരായ ഇരു ടീമുകളും ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോൾ ജയം ബെംഗളൂരുവിനൊപ്പമായിരുന്നു. ഇതോടെ രണ്ടാം ക്വാളിഫയർ കളിക്കാൻ നിർബന്ധിതരായ ഗുജറാത്ത്, രാജസ്ഥാൻ റോയൽസിനെ വീഴ്ത്തിയാണ് ഫൈനലിന് ടിക്കറ്റെടുത്തത്. മത്സരം രാത്രി 7.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.

കരുത്തോടെ ബെംഗളൂരു

നിലവിലെ ചാംപ്യൻമാർക്കൊത്ത പ്രകടനവുമായാണ് രജത് പാട്ടിദാറും സംഘവും തുടർച്ചയായി രണ്ടാം തവണയും ഐപിഎൽ ഫൈനലിന് ടിക്കറ്റെടുത്തത്. കരുത്തുറ്റ ബാറ്റിങ് നിരയും സന്തുലിതമായ ബോളിങ് നിരയുമുള്ള ബെംഗളൂരുവിന് ടൂർണമെന്റിൽ കാര്യമായ വെല്ലുവിളി നേരിടേണ്ടിവന്നിട്ടില്ല.

ബലം: വിരാട് കോലിയിൽ തുടങ്ങി റൊമാരിയോ ഷെപ്പേഡ് വരെ നീളുന്ന ബാറ്റിങ് നിരയും ജോഷ് ഹെയ്സൽവുഡ്– ഭുവനേശ്വർ കുമാർ പേസ് ജോടിയുടെ പ്രകടനവുമാണ് ബെംഗളൂരുവിന്റെ കുതിപ്പിനുള്ള ഇന്ധനം.

ദൗർബല്യം: ഹെയ്സൽവുഡ്– ഭുവനേശ്വർ ജോടിക്ക് ശക്തമായ പിന്തുണ നൽകുന്ന മൂന്നാം പേസറുടെ അഭാവം. സ്പെഷലിസ്റ്റ് സ്പിന്നർ ഇല്ലാത്ത പ്ലേയിങ് ഇലവൻ.

എക്സ് ഫാക്ടർ: ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ ഫോം. മധ്യ ഓവറുകളിൽ തകർത്തടിച്ച് റൺനിരക്ക് ഉയർത്താനുള്ള പാട്ടിദാറിന്റെ മിടുക്കിലാണ് ബെംഗളൂരുവിന്റെ പ്രതീക്ഷ.

കടംതീർക്കാൻ ഗുജറാത്ത്

അരങ്ങേറ്റ സീസണിൽ കിരീടവും തൊട്ടടുത്ത സീസണിൽ ഫൈനൽ ബെർത്തും നേടിയെങ്കിലും പിന്നാലെ നിറംമങ്ങിയ ഗുജറാത്തിന് രണ്ടാം കിരീടത്തിനായുള്ള കാത്തിരിപ്പ് ഇനിയും നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഒന്നാം ക്വാളിഫയറിൽ ബെംഗളൂരുവിനോടേറ്റ തോൽവിയുടെ കടം ഇന്നു വീട്ടാനാകും ശുഭ്മൻ ഗില്ലിന്റെയും സംഘത്തിന്റെയും ശ്രമം.

ബലം: ശുഭ്മൻ ഗിൽ– സായ് സുദർശൻ ഓപ്പണിങ് ജോടി നൽകുന്ന അടിത്തറയിലൂന്നിയാണ് ഗുജറാത്ത് ഫൈനൽ വരെയെത്തിയത്. ബോളിങ്ങിൽ കഗീസോ റബാദ– മുഹമ്മദ് സിറാജ് സഖ്യത്തിന്റെ പവർപ്ലേ സ്പെല്ലുകൾ ടീമിന് നിർണായകം.

ദൗർബല്യം: ഗിൽ, സായ്, ജോസ് ബട്‌ലർ എന്നീ ടോപ് ഓർഡർ നിരയെ മാത്രം ആശ്രയിക്കുന്ന ബാറ്റിങ്. മൂവരും തുടക്കത്തിലേ മടങ്ങിയാൽ ബാറ്റിങ്ങിൽ കൂട്ടത്തകർച്ച പതിവ്. പ്രീമിയം സ്പിന്നർ റാഷിദ് ഖാൻ തുടർച്ചയായി നിറംമങ്ങുന്നതും തലവേദന.

എക്സ് ഫാക്ടർ: വിൻഡീസ് ഓൾറൗണ്ടർ ജയ്സൻ ഹോൾഡറുടെ വരവ് ടീമിന്റെ തലവര മാറ്റി. ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും ത്രീഡി ഇംപാക്ട് നൽകുന്ന ഹോൾഡറുടെ പ്രകടനം ഫൈനലിൽ നിർണായകം.

English Summary:

Indian Premier League 2026 Final, Royal Challengers Bengaluru vs Gujarat Titans Match Updates

Read Entire Article