Published: July 01, 2026 07:05 AM IST Updated: July 01, 2026 09:47 AM IST
1 minute Read
മെക്സിക്കോ സിറ്റി ∙ മത്സരം തുടങ്ങാൻ ഒരു മണിക്കൂർ വൈകിയെങ്കിലും ഗോളടിക്കാൻ മെക്സിക്കോയ്ക്ക് ഒട്ടും താമസമുണ്ടായില്ല. കളി തുടങ്ങി അരമണിക്കൂറിനുള്ളിൽ നേടിയ രണ്ടു ഗോളിന്റെ കരുത്തിൽ ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ മെക്‌സിക്കോ കടന്നു. ഇക്വഡോറിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിനാണ് സഹആതിഥേയരുടെ വിജയം. ഇതോടെ ജർമനിക്കെതിരെ നേടിയ തകർപ്പൻ വിജയത്തോടെ നോക്കൗട്ടിലെത്തിയ ഇക്വഡോർ ലോകകപ്പിൽനിന്നു പുറത്ത്. 40 വർഷത്തിനു ശേഷമാണ് മെക്സിക്കോ ലോകകപ്പിൽ ഒരു നോക്കൗട്ട് മത്സരം വിജയിക്കുന്നത്. 1986 ലോകകപ്പിലായിരുന്നു ഇതിനു മുൻപുള്ള വിജയം. ഇംഗ്ലണ്ട്– ഡിആർ കോംഗോ മത്സരത്തിലെ വിജയിയെ മെക്‌സിക്കോ പ്രീക്വാർട്ടറിൽ നേരിടും.
What you should work next
മത്സരത്തിന്റെ 22–ാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 31–ാം മിനിറ്റിൽ റൗൾ ജിമെനെസ് എന്നിവരാണ് മെക്സിക്കോയ്ക്കു വേണ്ടി ഗോൾ നേടിയത്. മത്സരം ആരംഭിച്ചത് മുതൽ സ്വന്തം കാണികളുടെ മുന്നിൽ മെക്സിക്കോയുടെ മുന്നേറ്റമാണ് കണ്ടത്. തുടക്കം മുതൽ പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മെക്സിക്കൻ മധ്യനിര മികച്ചുനിന്നു. എക്വഡോറിന്റെ പ്രതിരോധ നിരയെ നിരന്തരം സമ്മർദത്തിലാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു.
കളിയുടെ 22-ാം മിനിറ്റിൽ മെക്സിക്കോ ആദ്യ ഗോൾ നേടി. റോബർട്ടോ അൽവാരഡോ നൽകിയ മനോഹരമായ ഒരു ത്രൂ പാസ് സ്വീകരിച്ച്, ബോക്സിന്റെ ഇടതുഭാഗത്തുനിന്നു ജൂലിയൻ ക്വിനോനെസ് തൊടുത്ത തകർപ്പൻ ഷോട്ട് എക്വഡോർ ഗോൾകീപ്പറെ പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് കയറുകയായിരുന്നു. പത്തു മിനിറ്റ് തികയും മുൻപു തന്നെ രണ്ടാം ഗോളുമെത്തി. ആദ്യ നേടിയ ജൂലിയൻ ക്വിനോനെസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ബോക്സിന്റെ മധ്യഭാഗത്ത് പന്ത് ലഭിച്ച പരിചയസമ്പന്നനായ റൗൾ ജിമെനെസ് പന്ത് കൃത്യതയോടെ പോസ്റ്റിലേക്ക് എത്തിച്ചു. സ്കോർ 2–0.
രണ്ടാം പകുതിയിൽ മെക്സിക്കോ പ്രതിരോധത്തിലേക്ക് വലിഞ്ഞു. കണ്ടർ അറ്റാക്കുകളിലൂടെ മൂന്നാം ഗോൾ നേടാനായിരുന്നു മെക്സിക്കൻ നിര ശ്രമിച്ചത്. ഇക്വഡോർ പലതവണ മെക്സിക്കൻ ബോക്സിലേക്ക് മുന്നേറിയെങ്കിലും മെക്സിക്കോയുടെ പ്രതിരോധ നിരയും ഗോൾകീപ്പർ രാവുൾ രംഗെലും ഉറച്ചുനിന്നു. കളിയിൽ ഉടനീളം മെക്സിക്കൻ പ്രതിരോധം 54 ക്ലിയറൻസുകളാണ് നടത്തിയത്. കളിയുടെ അവസാന മിനിറ്റുകളിൽ (90+4 മിനിറ്റിൽ) Fക്വഡോർ താരം പിയറോ ഹിൻകാപിയെ റെഡ് കാർഡ് കണ്ട് പുറത്തായി. വായ് പൊത്തി സംസാരിച്ചതിനാണ് വാർ പരിശോധനയിലൂടെ താരത്തിന് റെഡ് കാർഡ് നൽകിയത്.
മെക്സിക്കോ സിറ്റിയിലെ അസ്ടെക്കെ സ്റ്റേഡിയത്തിൽ ഒരു മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്. കനത്ത മഴയും ഇടിമിന്നലും കാരണമാണ് മത്സരം തുടങ്ങുന്നത് വൈകിയത്. മത്സരം തുടങ്ങാൻ നിശ്ചയിച്ചിരുന്ന സമയത്തിന് രണ്ടു മണിക്കൂർ മുൻപാണ് പ്രദേശത്ത് കനത്ത കാറ്റു വീശാൻ ആരംഭിച്ചത്. പിന്നാലെ മഴയും ഇടിമിന്നലുമുണ്ടായി. കാലാവസ്ഥ പ്രതികൂലമായതോടെ മത്സരം തുടങ്ങുന്നത് വൈകുകയായിരുന്നു.
English Summary:





English (US) ·