ലോകകപ്പ് ഫുട്ബോൾ കിക്കോഫിന് ഇനി 17 ദിവസം മാത്രം. നാലുവർഷം കൂടുമ്പോഴുള്ള കാൽപന്താരവത്തിന് ലോകം മുഴുവൻ കാത്തിരിക്കുമ്പോൾ,ജീവിതത്തിലെ എല്ലാ ദിവസവും ഫുട്ബോൾ പ്രേമത്തിൽ കഴിയുന്ന അനേകരുണ്ട് കേരളത്തിൽ. അവരിൽ ചിലർ ഇതാ...
∙ മെസ്സി, ഫോർലാൻ, ഹിഗ്വിറ്റ, സിദാൻ..; ഇഷ്ടതാരങ്ങളുടെ മുതൽ ടീമുകളുടെ വരെ പേരുകൾ സ്വന്തമാക്കിയവർ ഏറെയുണ്ട്...ഏഴു മാസം പ്രായമുള്ള ലയണൽ മെസ്സി മുതൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ലയണൽ മെസ്സി വരെ! അസ്ഥിക്കു പിടിച്ച ഫുട്ബോൾ പ്രേമത്തിന്റെ പുഞ്ചിരി തൂകുന്ന മുഖങ്ങളായി നമ്മുടെ നാട്ടിലുള്ളതു മെസ്സി മാത്രമല്ല, നെയ്മാറും സിദാനും സലായും മുതൽ ഹിഗ്വിറ്റ വരെ. ഇഷ്ട ഫുട്ബോൾ താരങ്ങളുടെ പേരുകളിൽ ജീവിക്കുന്നവരിതാ..
ലയണൽ മെസ്സിഫോർട്ട് കൊച്ചിയിലെ ലയണൽ മെസ്സി റോബർട്ട് പന്തുകളിയിൽ മിടുക്കനാണ്. 7–ാം ക്ലാസ് വിദ്യാർഥിയായ മെസ്സി ഒരു വർഷമായി തൃശൂർ പറപ്പൂർ എഫ്സി താരം. 2014 ലോകകപ്പ് നടക്കുന്ന സമയത്തായിരുന്നു മെസ്സിയുടെ ജനനം. ഫുട്ബോളിനോടും മെസ്സിയോടും ഏറെ ഇഷ്ടമുള്ള പിതാവ് റോബർട്ട് ചാൾസും മാതാവ് മേരി ജോയ്സും മകനു മെസ്സിയുടെ പേരിട്ടു. കണ്ണൂർ കണ്ണവം തൊടീക്കത്തെ ഹെൽത്ത് സെന്ററിനു സമീപം പത്മാലയത്തിലുമുണ്ട് ഒരു കുഞ്ഞുമെസ്സി. കിരൺ പ്രകാശ് – കെ.കെ.അനുഷ ദമ്പതികളുടെ 7 മാസം പ്രായമുള്ള മകന്റെ പേര് ലയണൽ മെസ്സി.
ഹിഗ്വിറ്റയും ബിബറ്റയുംകണ്ണൂർ സർവകലാശാല ഫുട്ബോൾ ടീമിന്റെ പരിശീലകരാണ് ഹിഗ്വിറ്റ രാധാകൃഷ്ണനും ബിബറ്റ രാധാകൃഷ്ണനും. കണ്ണൂർ പള്ളിക്കുന്നിലെ മലായി രാധാകൃഷ്ണന്റെയും കെ.ശ്രീജയുടെയും മക്കൾ. കൊളംബിയൻ ഗോളിയെ ഓർമിച്ചാണ് ഇരട്ടകളിൽ മൂത്തയാൾക്കു ഹിഗ്വിറ്റ എന്ന് പേരിട്ടത്. ഇളയ ആൾക്ക് ബ്രസീലിയൻ താരം ബെബെറ്റോയോട് സാമ്യമുള്ള ബിബറ്റയും.
സിദാൻകണ്ണൂർ പുറവൂർ ഷമീലാസിൽ കെ.ഷഫീറിന് ഏറെ ഇഷ്ടമുള്ള താരമാണു ഫ്രാൻസിന്റെ സിനദിൻ സിദാൻ.. അതുകൊണ്ടു തന്നെ മകനു മുഹമ്മദ് സിദാൻ ഷഫീർ എന്നു പേരിട്ടു.
നെയ്മാർനെയ്മാറിനു പരുക്കേൽക്കുകയും ബ്രസീൽ പുറത്താകുകയും ചെയ്ത 2014 ലോകകപ്പ് അവസാനിച്ച് നാലാം ദിവസമാണു നിലമ്പൂർ ചക്കാലക്കുത്ത് പ്ലാന്തോട്ടത്തിൽ നിമേഷ് പി. കുര്യനും നമിതാ തോമസിനും ആൺകുഞ്ഞു ജനിച്ചത്. നിമേഷ് മകനു നൽകിയതു നെയ്മാർ മാത്യു തോമസ് എന്ന പേര്. മികച്ച ബാഡ്മിന്റൻ താരം കൂടിയാണ് നെയ്മാർ.
ലൂക്കഇറ്റലി ടീമിന്റെയും ലൂക്കാ ടോണിയുടെയും കടുത്ത ആരാധകനാണു കൊണ്ടോട്ടി മുസല്യാരങ്ങാടി സ്വദേശി നവാസ്. ലൂക്കാ ടോണിയോടുള്ള ആരാധന മൂലം സ്വന്തം ഫുട്ബോൾ ടീമിനു ലൂക്ക സോക്കർ ക്ലബ് എന്നു പേരിട്ടയാൾ. മക്കളുടെ പേരുകളിലും അതേ ആരാധന ആവർത്തിച്ചു. മൂത്ത മകന്റെ പേര് ഇസിൻ ലൂക്ക. ഈ വർഷം രണ്ടാം ക്ലാസിലേക്ക്. നാലു വയസ്സുകാരി മകളുടെ പേര് ഇയാന ലൂക്ക.
ബ്രസീലിയഫുട്ബോൾ ആരാധകരുടെ കുടുംബത്തിൽ ജനിച്ചുവീണപ്പോൾ ബ്രസീലിയ എന്ന പേരു കിട്ടിയയാളാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയും വനിതാ ലീഗ് സംസ്ഥാന സെക്രട്ടറിയുമായ ബ്രസീലിയ ഷംസുദീൻ. വീട്ടിലെ എല്ലാവരും ഫുട്ബോൾ ആരാധകരാണ്. ബ്രസീലിന്റെ തലസ്ഥാനമാണു ബ്രസീലിയ. അങ്ങനെ ബ്രസീലിയയെന്ന പേരിട്ടു. സംസ്ഥാനത്തെ ഏറ്റവും പേരുകേട്ട ഫുട്ബോൾ ആരാധകരുടെ നാടായ കോഴിക്കോട്ടെ നൈനാംവളപ്പ് ഉൾപ്പെടുന്ന മുഖദാർ വാർഡിൽ നിന്നു കോർപറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ചരിത്രവും ബ്രസീലിയയ്ക്കുണ്ട്.
മലപ്പുറത്തിന് ‘ഓസിൽ’ സ്നേഹംമലപ്പുറം ജില്ലയിലെ ഫുട്ബോൾ പ്രേമികൾ സ്നേഹിക്കുന്നത്ര ഗാഢമായി മെസൂട് ഓസിലിനെ ജർമൻ ആരാധകർ പോലും സ്നേഹിക്കുന്നുണ്ടാവില്ല! ഇഷ്ടതാരത്തോടുള്ള ആരാധനമൂലം മക്കൾക്ക് ഓസിൽ എന്നു പേരിട്ടവർ മലപ്പുറം ജില്ലയിൽ ഏറെയുണ്ട്. ജർമൻ ടീമിലും ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് ആർസനലിലും നിറഞ്ഞു കളിച്ച പ്ലേ മേക്കർ ഓസിലിന്റെ പേരുള്ള നൂറോളം പേരെങ്കിലും മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലായുണ്ട്.
വാവയും ദീദിയും പേരില്ലാ ഗരിഞ്ചയും; തിരക്കഥാകൃത്ത് ടി. ദാമോദരൻ മക്കൾക്കു ബ്രസീൽ ഫുട്ബോൾ ഇതിഹാസങ്ങളുടെ പേരിട്ട കഥകോഴിക്കോട് ∙ വാവ, ദീദി, ഗരിഞ്ച. ബ്രസീലിയൻ ഫുട്ബോളിലെ ത്രിമൂർത്തികളുടെ പേരുകൾ സ്വന്തം മക്കൾക്കു നൽകാൻ തിരക്കഥാകൃത്ത് ടി. ദാമോദരൻ ആഗ്രഹിച്ചത് ഫുട്ബോളിനോടുള്ള കമ്പംകൊണ്ടാണ്. നാടക പ്രവർത്തകനും ഫുട്ബോൾ കമന്റേറ്ററും കൂടിയായിരുന്ന ദാമോദരൻ മൂത്തമകൾക്കു ദീദി എന്നു പേരിട്ടു. രണ്ടാമത്തെയാൾക്കു വാവ എന്നും പേരു നൽകി. ലോകകപ്പ് വിജയങ്ങളിൽ ബ്രസീലിനെ നയിച്ച മൂന്നാമൻ ഗാരിഞ്ചയുടെ പേര് ഇളയ മകൾക്കു നൽകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ഗാരിഞ്ചയ്ക്കു പകരം രശ്മി എന്ന പേരു മൂന്നാമത്തെയാൾക്കു നൽകിയ കഥ പ്രശസ്ത തിരക്കഥാകൃത്ത് കൂടിയായ ദീദി ദാമോദരൻ പറയുന്നു: ‘ഞങ്ങളുടെ പേരുകൾ ആർക്കും മനസ്സിലാകുന്നില്ലെന്നും കളിയാക്കുന്നെന്നും പറഞ്ഞ് എതിർത്തപ്പോഴാണു മൂന്നാമത്തെയാൾക്കു രശ്മി എന്ന പേരിട്ടത്. പക്ഷേ, വളർന്നു വലുതായപ്പോഴാണ് പേരിന്റെ മാഹാത്മ്യവും ഭംഗിയും തിരിച്ചറിഞ്ഞത്.’
ഒരു വീട്ടിൽ മെസ്സിയും ക്രിസ്റ്റ്യാനോയുംപെരുമ്പിലാവ് (തൃശൂർ) ∙ പേരിനോടു നീതി പുലർത്തുന്നവരാണു എയ്യാലിലെ മെസ്സിയും ക്രിസ്റ്റ്യാനോയും. ചിറ്റിലങ്ങാട് സ്വദേശി ചാൾസിന്റെയും പ്രിൻസിയുടെയും മക്കളായ ഇരുവരും ഫുട്ബോൾ താരങ്ങൾ. രണ്ടാം ക്ലാസ് മുതൽ മെസി വി.ചാൾസും ക്രിസ്റ്റ്യാനോ വി.ചാൾസും ഫുട്ബോൾ പരിശീലനം തുടങ്ങി. ഇപ്പോൾ കുന്നംകുളം ഗവ.മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മെസ്സിയും (16) ക്രിസ്റ്റ്യാനോയും (15). ഫിഫ ടാലന്റ് അക്കാദമി ട്രയൽസിൽ പങ്കെടുത്ത ആയിരത്തോളം കുട്ടികളിൽനിന്നു ഹൈദരാബാദിൽ നടന്ന ദേശീയ ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ 50 കുട്ടികളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ.
ഫോർലാൻഏലൂർ പാതാളം മേക്കരപ്പറമ്പ് വീട്ടിൽ ഫോർലാൻ എന്ന 10–ാം ക്ലാസുകാരന് ഈ പേരു വീണതിന് പിന്നിൽ പിതാവു പൊന്നുവിനു യുറഗ്വായ് സൂപ്പർ താരം ഡിയേഗോ ഫോർലാനോടുള്ള ആരാധന തന്നെ. 2010 ലോകകപ്പിൽ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ പുരസ്കാരം വരെ നേടിയ ഫോർലാൻ പിന്നീട് ഐഎസ്എലിലും കളിച്ചു. 2010 ൽ ജനിച്ച കുട്ടിക്കും അതേ പേരു നൽകിയാണു പൊന്നു ഇഷ്ട താരത്തോടുള്ള ആരാധന പ്രകടിപ്പിച്ചത്. ഏലൂരിലെ ഫോർലാൻ സ്കൂൾ ടീമിലും മറ്റും കളിക്കുന്നുണ്ട്.
എടവണ്ണയിലെ സ്റ്റാംഫഡ് ബ്രിജ്മലപ്പുറം ∙ ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫഡ് ബ്രിജ് സ്റ്റേഡിയത്തിന്റെ പേരിൽ എടവണ്ണയിലൊരു വീടുണ്ട്. ക്ലബ്ബിനോടുള്ള ആരാധന മൂത്ത് പത്തപ്പിരിയത്തെ സ്റ്റാംഫഡ് ബ്രിജ് എന്ന വീട് ഒരുക്കിയതു ക്ലബ്ബിന്റെ ഡ്രസിങ് റൂമിന്റെ പ്രതീതിയിൽ. സ്വീകരണ മുറിയിൽ ചെൽസിയുടെ ലോഗോയും ആപ്തവാക്യവും ഫ്രെയിം ചെയ്തുവച്ചിരിക്കുന്നു. മുകൾ നിലയിലെ ഒരു മുറിയിൽ 26 താരങ്ങളുടെ ജഴ്സികൾ ചുമരിൽ സ്ഥാപിച്ചിരിക്കുന്നു. ചെൽസിയുമായി ബന്ധപ്പെട്ട ഒട്ടേറെ വസ്തുക്കളും വീട്ടിലുണ്ട്. സഹോദരങ്ങളായ ജൽവ ജലീലിനും മുഹമ്മദ് ജാസിനും ക്ലബ്ബിനോടുള്ള ഇഷ്ടത്തിന്റെ അടയാളമുദ്രകളാണിതെല്ലാം. 2021ൽ അബുദാബിയിൽ നടന്ന ക്ലബ് ലോകകപ്പിൽ ചെൽസിയുടെ സെമി,ഫൈനൽ മത്സരങ്ങൾ കാണാൻ ജോലിയിൽനിന്ന് അവധിയെടുത്ത് ഇരുവരും പോയിരുന്നു.
ഹൗസ് ഓഫ് ബ്രസീൽഎറണാകുളം നെടുമ്പാശേരി മേയ്ക്കാട് സ്വദേശി സാലു പോളിന്റെ വീടൊരു കൊച്ചു ബ്രസീലാണ്. കടുത്ത ബ്രസീൽ ആരാധകനായ അദ്ദേഹം ടീമിന്റെ ജഴ്‌സിയുടെ നിറങ്ങളാണു സ്വന്തം വീടിനു നൽകിയത്. പേരാകട്ടെ, ‘ഹൗസ് ഓഫ് ബ്രസീൽ’ എന്നും. പതിറ്റാണ്ടുകളായി ഇതേ നിറവും ഇതേ വികാരവുമാണ് ഈ വീടിന്. ലോകകപ്പ് എത്തിയതോടെ വീണ്ടും വീടിനു ‘ബ്രസീൽ പെയ്ന്റ്’ പൂശാനുള്ള ജോലികൾ ആരംഭിച്ചു കഴിഞ്ഞു. വീടു പണിത ശേഷം ഇതു നാലാം തവണയാണ് സാലു വീടിനു പെയ്ന്റ് ചെയ്യുന്നത്. ബ്രസീൽ ജഴ്‌സിയുടെ മഞ്ഞയും പച്ചയും നിറങ്ങൾ. വീടിന്റെ ചുവരുകൾ മാത്രമല്ല, മേൽക്കൂര, കാർ ഷെഡ്, കർട്ടനുകൾ, ഇരിപ്പിടങ്ങൾ എന്നു വേണ്ട കഴിയാവുന്നതിലൊക്കെ മഞ്ഞ, പച്ച നിറങ്ങൾ. തന്റെ മൂന്നു വാഹനങ്ങൾക്കും ഇതേ നിറത്തിൽ പെയ്ന്റ് ചെയ്യാൻ സാങ്കേതിക തടസ്സമുള്ളതിനാൽ അവയ്ക്കു ‘ഹൗസ് ഓഫ് ബ്രസീൽ’ എന്ന പേരു നൽകി സാലു സമാധാനിച്ചു.
വീടാണ് ‘ഗോൾ’മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റായ കെ.രാജേഷ് തന്റെ വീടിനിട്ട പേര് ‘ഗോൾ’ എന്നാണ്. പേരു മാത്രമല്ല, ഗേറ്റ് മുതൽ വീടിന്റെ അകത്തളം വരെ ഫുട്ബോൾ തീമിലാണ് നിർമിച്ചിരിക്കുന്നത്. ‘എന്നെ ഇതുവരെയെത്തിച്ചതു ഫുട്ബോളാണ്. അതിനുള്ള നന്ദി കൂടിയായാണ് ഈ പേര്.’ – രാജേഷ് പറയുന്നു. 1990, 91 ഫെഡറേഷൻ കപ്പുകളിലുൾപെടെ കേരള പൊലീസ് ഫുട്ബോൾ ടീമിനായി 13 വർഷം കളിച്ച താരമാണ് രാജേഷ്. ബേപ്പൂർ സ്വദേശിയായ രാജേഷ് 2016ൽ ആണ് മലപ്പുറത്ത് വീട് വച്ചത്.
ചിറ്റാറിലെ ഫുട്ബോൾ വീട്സീതത്തോട് ചിറ്റാർ റൂട്ടിലൂടെ യാത്രചെയ്യുമ്പോൾ വലിയൊരു ഫുട്ബോൾ കണ്ണിലുടക്കും. ‘ഫുട്ബോൾ വീട്’ എന്നു വീടിനു പേരിടുകയും മുകളിലെ ജലസംഭരണിക്കു ചുറ്റും വലിയ ഫുട്ബോൾ നിർമിക്കുകയും ചെയ്ത പ്രവാസി ചിറ്റാർ–86 വെട്ടിയെടുത്ത്പറമ്പിൽ വി.എം.നിസാറാണു ആ കാഴ്ചയുടെ കാരണക്കാരൻ. ഫുട്ബോളിനുള്ളിൽ 750 ലീറ്റർ ശേഷിയുള്ള ഫൈബർ ടാങ്കുണ്ട്. 20 ദിവസം കൊണ്ടാണു ബോളിന്റെ മാതൃക പൂർത്തിയാക്കിയത്. ബോളിനു മുകളിലൂടെ ടാങ്കിനുള്ളിൽ കടക്കാവുന്ന വിധത്തിലാണു നിർമാണം.
ഫിഫ ഓൺ വീൽസ്!ഫുട്ബോൾ ഭ്രമം മൂത്തപ്പോൾ സ്വന്തം ബസിനു ഫിഫ എന്നു പേരിട്ടയാളാണു മണ്ണാർക്കാട് മനച്ചിത്തൊടി മുഹമ്മദലി. 2002 ലാണ് ബസ് രംഗത്തേക്കു മുഹമ്മദലി കടന്നുവന്നത്. രണ്ടു ബസുകൾക്ക് ഫിഫ എന്നാണു പേര്. സെവൻസ് ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, മണ്ണാർക്കാട് ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന മുഹമ്മദലി ഇപ്പോഴും പന്തുരുളുന്നിടത്തെല്ലാം സജീവമാണ്.
English Summary:







English (US) ·