Published: February 18, 2026 09:45 AM IST
1 minute Read
റിയോ ഡി ജനീറോ ∙ സാൽവദോർ കാർണിവലിനിടെ ഒരേസമയം മൂന്നു യുവതികളുടെ ചുംബനമേറ്റുവാങ്ങുന്ന ബ്രസീൽ ഫുട്ബോൾ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടിയുടെ ചിത്രം നിമിഷങ്ങൾക്കകം വൈറലായിരുന്നു. വാലന്റൈൻസ് ദിനത്തിലാണ് ആദ്യമായി ബ്രസീലിലെ സാൽവദോർ കാർണിവൽ കാണാനെത്തിയ കാർലോ ആഞ്ചലോട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ആഘോഷങ്ങൾക്കിടെ മൂന്നു യുവതികൾ ആഞ്ചലോട്ടിക്ക് ചുംബനം നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി. എന്നാൽ എഐ നിർമിത ചിത്രമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
ബാൽക്കണിയിൽ നിൽക്കുന്ന ആഞ്ചലോട്ടിയുടെ വൈറലായ ഒരു റീലിൽ നിന്നാണ് യുവതികളെ ചേർത്ത് ചിത്രം നിർമിച്ചത്. ഭാര്യ മരിയൻ ബറേന മക്ലേയ്ക്കൊപ്പമാണ് 66 വയസ്സുകാരനായ ആഞ്ചലോട്ടി കാർണിവലിൽ എത്തിയത്. കാർണിവലിൽ വിഐപി ബോക്സിൽ ഭാര്യയ്ക്കൊപ്പം ആഞ്ചലോട്ടി നിൽക്കുന്ന യഥാർഥ ചിത്രങ്ങൾ പുറത്തുവന്നു. ചെൽസിയുടെ പരിശീലകനായിരിക്കെ യുകെയിൽ വെച്ച് കണ്ടുമുട്ടിയ ഇരുവരും 2014ലാണ് വിവാഹിതരായത്.
ബ്രസീലിലെ ബഹിയയിലുള്ള സാൽവദോർ കാർണിവൽ ലോകത്തിലെ ഏറ്റവും വലിയ തെരുവ് ആഘോഷമായി ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചിട്ടുള്ളതാണ്. ഈ വർഷം ഫെബ്രുവരി 12 മുതൽ 18 വരെയാണ് കാർണിവൽ. ഇതുവരെ ഏകദേശം 1.2 മുതൽ 1.3 ദശലക്ഷം ആളുകൾ ഈ വർഷത്തെ ആഘോഷങ്ങളിൽ പങ്കെടുത്തതായാണ് കണക്കുകൾ.
കഴിഞ്ഞ വർഷമാണ് ഇറ്റാലിയൻ പരിശീലകനായ കാർലോ ആഞ്ചലോട്ടിയെ ബ്രസീലിന്റെ പുതിയ മാനേജരായി പ്രഖ്യാപിച്ചത്. ഈ വർഷം നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനായി ബ്രസീലിനെ പരിശീലിപ്പിക്കുന്ന തിരക്കിലാണ് ആഞ്ചലോട്ടി.
English Summary:







English (US) ·