Published: April 26, 2026 08:47 AM IST
1 minute Read
ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗില്‍ പകുതി മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ രാജസ്ഥാൻ റോയൽസിനെ സമ്മർദത്തിലാക്കി ഓപ്പണിങ് ബാറ്റർ വൈഭവ് സൂര്യവംശിക്കു പരുക്ക്. ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് വൈഭവ് പരുക്കേറ്റു ഗ്രൗണ്ട് വിട്ടത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു വേണ്ടി വൈഭവ് സെഞ്ചറി നേടിയിരുന്നു. പിന്നാലെ ഫീൽഡിങ്ങിന് ഇറങ്ങിയപ്പോഴായിരുന്നു താരത്തിനു കാലിൽ വേദന അനുഭവപ്പെട്ടത്. ഉടൻ കൗമാരതാരത്തെ ഗ്രൗണ്ടിൽനിന്നു മാറ്റുകയായിരുന്നു. സൺറൈസേഴ്സ് ബാറ്റർ ഇഷാൻ കിഷന്റെ ഷോട്ട് തടയുന്നതിനായി ഓടുന്നതിനിടെയാണ് വൈഭവിന് കാലിൽ വേദനയുണ്ടായത്. നടക്കാൻ ബുദ്ധിമുട്ടിയ താരത്തെ ടീം ഫിസിയോ എത്തി ഗ്രൗണ്ടിൽനിന്നു കൊണ്ടുപോയി.
താരത്തിന്റെ പരുക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. മത്സരത്തിൽ 37 പന്തുകൾ നേരിട്ട വൈഭവ് 12 സിക്സുകളും അഞ്ച് ഫോറുകളുമുൾപ്പടെ 103 റൺസാണു നേടിയത്. ട്വന്റി20യിൽ വേഗത്തിൽ 1000 റൺസ് പൂർത്തിയാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. 473 പന്തുകൾ നേരിട്ടാണ് വൈഭവ് 1000 പിന്നിട്ടത്. ഐപിഎലിൽ രണ്ട് സെഞ്ചറികൾ നേടുന്ന ആദ്യ അൺകാപ്ഡ് താരം കൂടിയായി വൈഭവ്. വൈഭവ് സെഞ്ചറിയുമായി തിളങ്ങിയിട്ടും രാജസ്ഥാൻ റോയൽസിനു മത്സരത്തിൽ വിജയിക്കാൻ സാധിച്ചിരുന്നില്ല.
രാജസ്ഥാൻ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ്, 18.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയ റൺസ് കുറിച്ചു. അഞ്ചു വിക്കറ്റ് വിജയമാണ് ഒന്‍പതു പന്തുകൾ ബാക്കി നിൽക്കെ ഹൈദരാബാദ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറികൾ നേടിയ ഇഷാൻ കിഷന്റെയും അഭിഷേക് ശർമയുടേയും ഇന്നിങ്സുകളാണ് ഹൈദരാബാദിനു കരുത്തായത്.
31 പന്തുകൾ നേരിട്ട ഇഷാൻ കിഷൻ 74 റൺസും, 29 പന്തുകൾ നേരിട്ട അഭിഷേക് ശർമ 57 റൺസും സ്വന്തമാക്കി. നിതീഷ് കുമാർ റെഡ്ഡി (18 പന്തിൽ 36), ഹെൻറിച് ക്ലാസൻ (24 പന്തിൽ 29) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. വിജയത്തോടെ പോയിന്റു പട്ടികയിൽ പത്തു പോയിന്റുമായി സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തുണ്ട്. 10 പോയിന്റുള്ള രാജസ്ഥാൻ നാലാം സ്ഥാനത്തും തുടരുന്നു.
English Summary:







English (US) ·