Published: May 09, 2026 09:59 AM IST
1 minute Read
ഒരു ‘നിപ് ബാക്കർ ഡെലിവറിക്കും’ പ്രിൻസ് യാദവ് എന്ന പേസ് ബോളർക്കും പിന്നാലെയാണ് ക്രിക്കറ്റ് ലോകം. ഐപിഎലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ചേസ്. രണ്ടാം ഓവറിലെ രണ്ടാം പന്ത്. ക്രീസിൽ വിരാട് കോലി. ലക്നൗ പേസർ പ്രിൻസ് യാദവിന്റെ ഓഫ് സ്റ്റംപിനു പുറത്തേക്കെന്നു തോന്നിച്ച പന്തിനായി മുന്നോട്ടു നീങ്ങിയതായിരുന്നു കോലി. പക്ഷേ, വെട്ടിത്തിരിഞ്ഞ പന്ത് ബാറ്റിനും പാഡിനും ഇടയിലൂടെ ഓഫ് സ്റ്റംപിനെയും തൂക്കി മൂളിപ്പറന്നു. കോലി ഞെട്ടി. കളി കണ്ടവരെല്ലാം ഞെട്ടി. 140.4 കിലോമീറ്ററിൽ പറന്നെത്തി 1.47 ഡിഗ്രി സ്വിങ് ചെയ്തു കോലിയെ കബളിപ്പിച്ച ‘നിപ് ബാക്കർ’ പന്തിൽ പ്രിൻസ് യാദവ് വീഴ്ത്തിയതു ബെംഗളൂരുവിനെ മാത്രമല്ല, ക്രിക്കറ്റ് ലോകത്തെക്കൂടിയാണ്.
പെർഫക്ട് സ്പെൽ
കോലിക്കു പുറമേ 11–ാം ഓവറിൽ ദേവ്ദത്ത് പടിക്കലിനെയും ജിതേഷ് ശർമയെയും മടക്കിയ പ്രിൻസ് ഡെത്ത് ഓവറിലും ബെംഗളൂരുവിനെ വിറപ്പിച്ചു. 12 പന്തിൽ 33 റൺസ് വേണ്ട സമയത്തു റൊമാരിയോ ഷെപ്പേഡിനെയും ക്രുനാൽ പാണ്ഡ്യയെയും നേരിട്ട പ്രിൻസ് വിട്ടുനൽകിയതു 13 റൺസ് മാത്രം. 38 ഓവറുകളിലായി 400ലേറെ റൺസ് വന്ന മത്സരത്തിൽ 4 ഓവറിൽ 33 റൺസിനു 3 വിക്കറ്റ് എന്ന കണക്കുമായാണ് ഇരുപത്തിനാലുകാരന്റെ മടക്കം. സീസണിൽ ലക്നൗവിന്റെ കാര്യം ശോകമാണെങ്കിലും 10 മത്സരങ്ങളിൽ 16 വിക്കറ്റുമായി ഐപിഎൽ ടോപ് 5 പട്ടികയിലുണ്ട് പ്രിൻസ്.
ടെന്നിസ് സ്റ്റാർ
ടെന്നിസ് ബോളിൽ കളി തുടങ്ങിയ പ്രിൻസ് ഡൽഹി പ്രിമിയർ ലീഗിലൂടെയാണു ശ്രദ്ധ നേടുന്നത്. 2025ലെ മെഗാ താരലേലത്തിനു തലേന്ന് ഉത്തർപ്രദേശിനെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ നിതീഷ് റാണയുടെയും സമീർ റിസ്‌വിയുടെയും വിക്കറ്റെടുത്തു ഡൽഹിയെ ജയിപ്പിച്ചതോടെ ഐപിഎലിന്റെയും വിളിയെത്തി.
അമ്പരപ്പിക്കും നിപ് ബാക്കർ
ഈ ഐപിഎൽ സീസണിലെ പന്ത് എന്ന വിശേഷണമാണ് കോലിയെ ഞെട്ടിച്ച പ്രിൻസ് യാദവിന്റെ ‘നിപ് ബാക്കർ’ മാജിക്കിനെ തേടിയെത്തുന്നത്. ഓഫ് സ്റ്റംപിനു പുറത്തു പിച്ച് ചെയ്ത പന്താണു പെട്ടെന്നു ഗതി മാറി സ്റ്റംപിലേക്കു കയറിയത്. നിലത്തു പിച്ച് ചെയ്തു കഴിഞ്ഞു വലംകൈ ബാറ്റർക്കു നേരേ വേഗത്തിൽ അകത്തേക്കു സ്വിങ് ചെയ്യുന്ന പന്താണ് ‘നിപ് ബാക്കർ’. ഇൻ സ്വിങ്ങറുകൾ വായുവിലാണു തിരിയുന്നതെങ്കിൽ നിപ് ബാക്കർ പിച്ചിൽ തൊട്ടശേഷം നിലത്തുനിന്നാണു ഗതി മാറുന്നത്.
ഈ സീസണിലെ ആദ്യ മത്സരത്തിനു ശേഷം വിരാട് കോലിയുമായി ഏറെനേരം സംസാരിച്ചിരുന്നു. പിച്ചിൽ നിന്ന് ആനുകൂല്യമുണ്ടെന്ന് ഉറപ്പായാൽ കൃത്യം ലെങ്തിൽ പന്തെറിയാൻ ശ്രദ്ധിക്കണമെന്നാണു വിരാട് ഭായ് നൽകിയ ഉപദേശം. അതു ഞാൻ അനുസരിച്ചു. അതിന്റെ ഫലമാണ് ഈ വിക്കറ്റ്
English Summary:







English (US) ·