ഓറഞ്ച് ക്യാപ്, സൂപ്പർ സ്ട്രൈക്കർ, എമർജിങ് പ്ലേയർ; പുരസ്കാരങ്ങൾ വാരിക്കൂട്ടി വൈഭവ്, ലക്ഷങ്ങൾ സമ്മാനത്തുക, എസ്‍യുവി കാർ

1 month ago 9

ഓൺലൈൻ ഡെസ്ക്

Published: June 01, 2026 01:19 PM IST

1 minute Read

 SHAMMI MEHRA / AFP
റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പുരസ്കാരം സ്വീകരിക്കുന്ന വൈഭവ് സൂര്യവംശി. Photo: SHAMMI MEHRA / AFP

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു കിരീടമുയർത്തിയപ്പോഴും സമ്മാനദാനച്ചടങ്ങില്‍ സൂപ്പർ താരമായി വൈഭവ് സൂര്യവംശി. ഓറഞ്ച് ക്യാപ് ഉൾപ്പടെ അഞ്ച് പുരസ്കാരങ്ങളാണ് 15 വയസ്സുകാരനായ വൈഭവ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സ്വീകരിച്ചത്. സംഘാടകരുടെ ക്ഷണം സ്വീകരിച്ച് ഫൈനൽ കാണുന്നതിനായി വൈഭവ് അഹമ്മദാബാദിലെത്തിയിരുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ തലവൻ ജയ് ഷായ്ക്കൊപ്പമായിരുന്നു ഗാലറിയിൽ വൈഭവിനു സീറ്റൊരുക്കിയത്. 16 മത്സരങ്ങൾ കളിച്ച വൈഭവ് ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറികളും ഉൾപ്പടെ 776 റൺസാണു നേടിയത്. ഫൈനൽ മത്സരത്തിൽ ശുഭ്മന്‍ ഗില്ലും സായ് സുദർശനും കളിക്കുന്നതിനാൽ വൈഭവിന്റെ ഓറഞ്ച് ക്യാപിന് ഭീഷണിയുണ്ടായിരുന്നു.

കലാശപ്പോരിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എട്ടു പന്തിൽ 10 റൺസും സായ് സുദർശൻ 12 പന്തിൽ 12 റൺ‌സും എടുത്താണു പുറത്തായത്. ടോപ് സ്കോറർമാരിൽ രണ്ടാമതുള്ള ഗില്ലിന് 16 കളികളിൽനിന്ന് 732 റൺസാണുള്ളത്. സായ് സുദർശന് 17 കളികളിൽനിന്ന് 722 റണ്‍സുണ്ട്. ഇതോടെ വൈഭവ് കരിയറിലെ രണ്ടാം സീസണിൽ തന്നെ ഓറഞ്ച് ക്യാപ് ഉറപ്പിച്ചു. 436.5 പോയിന്റുകളുമായി സീസണിലെ ‘മോസ്റ്റ് വാല്വബിൾ പ്ലേയർ’ പുരസ്കാരവും വൈഭവ് നേടി. 72 സിക്സുകൾ നേടിയ വൈഭവ് സീസണിൽ കൂടുതൽ സിക്സുകൾ അടിച്ച താരമായി. ഉയർന്ന സ്ട്രൈക്ക് റേറ്റിനുള്ള ‘സൂപ്പർ സ്ട്രൈക്കർ’ പുരസ്കാരവും വൈഭവിനെ തേടിയെത്തി. 237 സ്ട്രൈക്ക് റേറ്റിൽ ബാറ്റു വീശിയ വൈഭവിന് കാറാണ് സമ്മാനമായി ലഭിച്ചത്. ടാറ്റയുടെ സിയേറ എസ‍്‍യുവിയാണ് 15–ാം വയസ്സിൽ വൈഭവിന് ലഭിക്കുക.

സീസണിലെ എമർജിങ് പ്ലേയർ പുരസ്കാരവും വൈഭവിനാണ്. പുരസ്കാര ദാനച്ചടങ്ങിലെ കണക്കുകൾ നോക്കിയാൽ 65 ലക്ഷം രൂപവരെ വൈഭവിന് സമ്മാനമായി മാത്രം ലഭിക്കും. 1.10 കോടി രൂപയാണ് വൈഭവിന് ഒരു ഐപിഎൽ സീസണിനായി രാജസ്ഥാൻ റോയൽസ് നൽകുന്ന പ്രതിഫലം. 2026 സീസൺ അവസാനിച്ചതോടെ ബാറ്റ് സ്പോൺസർഷിപ്പിലൂടെ മാത്രം വൈഭവിന് 12 കോടി രൂപയുടെ ഓഫർ വന്നതായി റിപ്പോർട്ടുകളുണ്ട്. മറ്റൊരു ബിസിനസ് സ്ഥാപനം വൈഭവിന് ‘ബ്ലാങ്ക് ചെക്ക്’ നൽകിയതായും അഭ്യൂഹങ്ങളുണ്ട്.

English Summary:

Teen Sensation Vaibhav Suryavanshi Claims Multiple IPL Accolades

Read Entire Article