Published: March 20, 2026 10:18 AM IST
1 minute Read
ബെംഗളൂരു∙ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കിനും സ്ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലിനും മൂന്നാം കൺമണി പിറന്നു. തങ്ങളുടെ ഇരട്ട ആൺകുട്ടികളായ കബീറിനും സിയാനും ഒരു അനിയത്തിക്കുട്ടി കൂടി എത്തിയെന്ന സന്തോഷവാർത്ത, സമൂഹമാധ്യമ പോസ്റ്റിലൂടെയാണ് ദമ്പതികൾ പങ്കുവച്ചത്. കുട്ടിയുടെ പേരും ഇരുവരും വെളിപ്പെടുത്തി.
“ഹൃദയം നിറഞ്ഞ അനുഗ്രഹങ്ങളോടെയും വാക്കുകൾക്ക് അതീതമായ നന്ദിയോടെയും ഞങ്ങളുടെ പ്രിയപ്പെട്ടവളെ ഈ ലോകത്തേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു. കബീറും സിയാനും അവരുടെ കുഞ്ഞനിയത്തി റാഹ പള്ളിക്കൽ കാർത്തിക്കിനെ ഈ ലോകത്തിന് പരിചയപ്പെടുത്തുന്നതിന്റെ ആവേശത്തിലാണ്. സ്നേഹപൂർവ്വം, ദീപിക, ദിനേഷ്.” 2015 ഓഗസ്റ്റ് 25ന് പരമ്പരാഗത ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരം വിവാഹിതരായ കാർത്തിക്കിനും ദീപികയ്ക്കും 2021ലാണ് ഇരട്ടക്കുട്ടികൾ ജനിച്ചത്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ കാർത്തിക്, മത്സരരംഗത്ത് നിന്ന് വിരമിച്ച ശേഷം കോച്ചിങ്ങിലേക്കും കമന്ററിയിലും സജീവമാണ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ താരം കളിച്ചു. പിന്നീട് ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായിരുന്നു കാർത്തിക്, പിന്നീട് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ (ആർസിബി) താരമായി. ഇപ്പോൾ ആർസിബിയുടെ മെന്ററായും ബാറ്റിങ് കോച്ചായും പ്രവർത്തിക്കുന്നു.
സ്ക്വാഷ് ലോക റാങ്കിങ്ങിൽ ആദ്യ പത്തിൽ ഇടംപിടിച്ച ആദ്യ ഇന്ത്യൻ വനിതയാണ് ദീപിക പള്ളിക്കൽ. കോമൺവെൽത്ത്, ഏഷ്യൻ ഗെയിംസുകളിൽ ഒന്നിലധികം മെഡലുകളും നേടിയ ദീപികയെ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു. 2023 ഒക്ടോബറിൽ നടന്ന ഹാങ്‌ചോ ഏഷ്യൻ ഗെയിംസിലാണ് ദീപിക അവസാനമായി മത്സരിച്ചത്. മിക്സഡ് ഡബിൾസിൽ സ്വർണ മെഡൽ നേടുകയും ചെയ്തു. 2022ന്റെ തുടക്കത്തിൽ പ്രസവാവധി കഴിഞ്ഞ് തിരിച്ചെത്തിയ ദീപിക, ഗ്ലാസ്ഗോയിൽ നടന്ന ലോകചാംപ്യൻഷിപ്പിൽ രണ്ട് മെഡലുകൾ നേടുകയും 2022ലെ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
English Summary:







English (US) ·